കേരളത്തിലേക്കുള്ള 'ആനവണ്ടി'യുടെ ആ യാത്ര മംഗളയാത്രയായി, കന്നട വധുവിനേയും സംഘത്തേയും തലശ്ശേരിയിലെത്തിച്ചു!

ബംഗളൂരു- തലശ്ശേരി (എ.ടി.സി 129) സൂപ്പര്‍ എക്‌സ്പ്രസ് ബസിനെ ചെണ്ടുമല്ലിപൂ മാലചാര്‍ത്തി അണിയിച്ചൊരുക്കി ആരതിയുഴിഞ്ഞു. മുല്ലപ്പു ചാര്‍ത്തി നവവധു. ബസില്‍ കയറാന്‍ കാത്തുനില്‍ക്കുന്ന ബന്ധുക്കള്‍. ചടങ്ങുകള്‍ക്കുശേഷം വധുവും ബന്ധുക്കളും ബസിലേക്ക്. എല്ലാവരും കയറിയെന്നുറപ്പുവരുത്തി വീട്ടുകാരനെപോലെ കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചു, ഡ്രൈവര്‍ വണ്ടിയെടുത്തു.
അങ്ങനെ കന്നട വധുവും ബന്ധുക്കളുമായി ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള 'ആനവണ്ടി' യുടെ അന്തര്‍ സംസ്ഥാന മംഗളയാത്ര ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി 10.30-ന് ബംഗളൂരു- തലശ്ശേരി (എ.ടി.സി 129) സൂപ്പര്‍ എക്‌സ്പ്രസ് ബസ് സര്‍വിസങ്ങനെ കല്യാണട്രിപ്പായി മാറി. രാത്രി പുറപ്പെട്ട സൂപ്പര്‍ എക്‌സ്പ്രസ് ബസ്, വധുവും ബന്ധുക്കളും ഉള്‍പ്പെട്ട 39 പേരെയും സുരക്ഷിതമായി തലശ്ശേരിയിലെത്തിച്ചു.
ബംഗളൂരു ഗാന്ധിനഗര്‍ വില്‍സന്‍ ഗാര്‍ഡന്‍ സ്വദേശിനിയും അധ്യാപിക ശോഭയും ബംഗളൂരുവില്‍ ബിസിനസുകാരനായ തലശ്ശേരി പൊയിലൂര്‍ സ്വദേശി ലിബിത്തും തമ്മിലുള്ള വിവാഹത്തിനാണ് ബസ് ബുക്ക് ചെയ്തത്. തലശ്ശേരി ജഗനാഥ ക്ഷേത്രത്തിലെ വിവാഹശേഷം വധുവിന്റെ ബന്ധുക്കള്‍ ബുധനാഴ്ച രാത്രി എട്ടിന് മടങ്ങിയതും ഇതേ ബസിലാണ്. കേരള ആര്‍.ടി.സിയില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന വരന്‍ ലിബിത്ത് തന്നെയാണ് ഒരു മാസം മുമ്പ് ഷെഡ്യൂള്‍ ബസായ സൂപ്പര്‍ എക്‌സ്പ്രസിന്റെ അങ്ങോട്ടുമിങ്ങോട്ടുമുള്ള സീറ്റുകള്‍ മുഴുവന്‍ ബുക്ക് ചെയ്തത്. കെ.എസ്.ആര്‍.ടി.സിയോടുള്ള ഇഷ്ടം തന്നെയാണ് തീരുമാനത്തിന് പിന്നിലെന്നും ലിബിത്ത് പറഞ്ഞു.
നേരത്തേ ആയതിനാല്‍ മറ്റാരും റിസര്‍വ് ചെയ്തിരുന്നില്ല.തലശ്ശേരി സ്വദേശി സി.വി മാര്‍ട്ടിനായിരുന്നു കണ്ടക്ടര്‍. തലശ്ശേരി സ്വദേശി എം. ഷമീം സാരഥിയും. ബസ് മുഴുവനായും നേരത്തേ തന്നെ റിസര്‍വ് ചെയ്തതിനാല്‍ ചൊവ്വാഴ്ച രാത്രി ഗാന്ധിനഗര്‍ വില്‍സന്‍ ഗാര്‍ഡനിലെത്തി വധുവിനെയും ബന്ധുക്കളെയും സ്വീകരിക്കുകയായിരുന്നുവെന്നും തലശ്ശേരി ഡിപ്പോവരെയായിരുന്നു സര്‍വിസെന്നും ബംഗളൂരു യൂനിറ്റ് കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ പ്രേംലാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























