മനം നിറയ്ക്കുന്ന ബെഹോലിലെ ചോക്ലേറ്റ് കുന്നുകള്‍

ബൊഹോല്‍, ഫിലിപ്പീന്‍സിലെ പത്താമത്തെ വലിയ ദ്വീപാണ് . പ്രകൃതി സൗന്ദര്യം തുളിമ്പിനില്‍ക്കുന്ന കുന്നുകളും വെളുത്ത മണല്‍ വിരിച്ച കടല്‍ത്തീരവും ഈ പ്രദേശത്തെ, സഞ്ചാരികളുടെ പറുദീസയാക്കുന്നു. ലോകത്ത് ഇവിടെ മാത്രമായി സഞ്ചാരികള്‍ക്കായി പ്രകൃതി ഒരുക്കി വച്ചിരിക്കുന്ന ഒരു കാഴ്ചയുണ്ട്. ബെഹോലിലെ ചോക്ലേറ്റ് കുന്നുകള്‍.
കോണാകൃതിയിലുള്ള പച്ചപുതച്ച ആയിരക്കണക്കിന് ചെറുകുന്നുകളാണ് ചോക്ലേറ്റ് കുന്നുകള്‍ എന്നറിയപ്പെടുന്നത്. 50 ചതുരശ്രകിലോമീറ്റര്‍ സ്ഥലത്തായി 1776 കുന്നുകള്‍ ഇവിടെയുണ്ട്. 30 മുതല്‍ 50 മീറ്റര്‍ വരെയാണ് ഇവയില്‍ മിക്കതിന്റേയും ഉയരം. പുല്‍മേടുകളാണ് ഈ കുന്നുകള്‍. വേനല്‍ക്കാലമാകുന്നതോടെ പുല്ലുകള്‍ കരിഞ്ഞ് ബ്രൗണ്‍ നിറത്തിലാകും. ഈ നിറമാണ് ഇവയ്ക്ക് ചോക്ലേറ്റ് കുന്നുകള്‍ എന്ന പേരുനല്‍കിയത്.
പേര് ചോക്ലേറ്റ് കുന്നെന്നൊക്കെ ആണെങ്കിലും ശരിക്കും ഈ കുന്നുകളിലുള്ളത് ചുണ്ണാമ്പുകല്ലുകളാണ്. ഈ ചോക്ലേറ്റു കുന്നുകളുടെ ഉത്പത്തിയെക്കുറിച്ച് രസകരമായ രണ്ടു കഥകളുണ്ട്. പണ്ട് വലിയ ശരീരമുള്ള ഒരു മനുഷ്യന്‍ ആകാശത്തുനിന്ന് ഇറങ്ങിവന്നത്രെ. ഇയാള്‍ ഈ പ്രദേശത്തുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി.
പെട്ടെന്നൊരു ദിവസം ഈ പെണ്‍കുട്ടി എന്തോ അസുഖം വന്ന് മരിച്ചു. ഇതില്‍ സങ്കടപ്പെട്ട് കരഞ്ഞ ആ അതികായനായ മനുഷ്യന്റെ കണ്ണുനീര്‍ തുള്ളികളാണ് ചോക്ലേറ്റ് കുന്നുകളായി മാറിയത് എന്നാണ് ഒരു കഥ.
അടുത്ത കഥയിലും വലിയ ശരീരമുള്ള ഒരു മനുഷ്യനാണ് നായകന്‍. ഇയാള്‍ ഈ പ്രദേശത്തെ ഒരു സുന്ദരിയെക്കണ്ട് ഇഷ്ടപ്പെട്ട് അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ അത്രയും വലിയ മനുഷ്യനെ കല്യാണം കഴിക്കാന്‍ ആ പെണ്‍കുട്ടി തയാറായിരുന്നില്ല. പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനായി ആ വലിയ മനുഷ്യന്‍ തന്റെ ശരീരത്തിലെ അമിത വണ്ണം വിയര്‍പ്പാക്കി പുറത്തു കളയാന്‍ തുടങ്ങി. ഈ വിയര്‍പ്പുതുള്ളികളാണത്രെ ചോക്ലേറ്റ് കുന്നുകളായി മാറിയത്.
https://www.facebook.com/Malayalivartha



























