'എന്നെ നോക്കണ്ട, രക്ഷപ്പെട്ടോ'ചെല്ലപ്പന് പറഞ്ഞു, 'വേണ്ട, മരിച്ചാല്‍ ഒന്നിച്ചു മതി' ചെല്ലമ്മ പറഞ്ഞു!
ഹരിപ്പാട് സെന്റ് തോമസ് ബാലഭവനിലെ ദുരിതാശ്വാസ ക്യാംപിലിരുന്നു കൂടെയുള്ളവരോടു ചെല്ലമ്മ ആ കഥ പറഞ്ഞു. ഭര്‍ത്താവ് ചെല്ലപ്പന്(83) കിടപ്പിലാണ്. 'വെള്ളപ്പൊക്കം ഞങ്ങള്‍ക്കു പുതുമയൊന്നുമല്ല. ഞങ്ങളേ, കര്‍ഷകത്തൊഴിലാളികളാ... പക്ഷേ, ഇത്തവണ മരണം മുന്നില്‍ക്കണ്ടു..'
കാലവര്‍ഷത്തില്‍ വീട്ടില്‍ വെള്ളം കയറുന്നതും ഇറങ്ങുന്നതും പതിവാണ്. വെള്ളം വീടിനുള്ളില്‍ കയറിയാല്‍ കട്ടവച്ചു കട്ടില് ഉയര്‍ത്തുകയാണ് പതിവ്. കഴിഞ്ഞ ദിവസം പ്രളയ ജലം കട്ടിലിനു മുകളിലേക്കെത്തി. ചെല്ലപ്പന്റെ കട്ടില് വീടിനുള്ളില്‍ ഒഴുകിനടന്നു. ആകെ വെപ്രാളമായി.
'ഇനി എന്നെ നോക്കിയിരിക്കണ്ട, നിങ്ങള്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ടോ...' ചെല്ലമ്മയുടെ കൈപിടിച്ചു ചെല്ലപ്പന് പറഞ്ഞു. അതോര്‍ക്കുമ്പോഴെല്ലാം ചെല്ലമ്മയുടെ കണ്ണുകള്‍ ഈറനണിയുന്നുണ്ട്. 'മരിച്ചാല്‍, അത് ഒന്നിച്ചു മതി' ചെല്ലമ്മ ഭര്‍ത്താവിനോടു ചേര്‍ന്നു നിന്നു.
മകള്‍ ഗിരിജയെ വിളിച്ചു വരുത്തി എല്ലാവരുംകൂടി വീടിനടുത്ത് ഉയരമുള്ള സ്ഥലത്തേക്കു മാറി. മണിക്കൂറുകള്‍ക്കുള്ളില്‍ അവിടേക്കും വെള്ളമെത്തി. ജീവന് തന്നെ നഷ്ടപ്പെടുമെന്നായി. ജലനിരപ്പു കഴുത്തോളം എത്താറായി.
തന്നെ ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ചെല്ലപ്പന് പറഞ്ഞു. പറ്റില്ലെന്ന് ചെല്ലമ്മയും. അപ്പോഴാണ് ജീവിതത്തിന്റെ തുരുത്തിലേക്ക് അതുവഴി പോയ ബോട്ടുകാര് വഴി തെളിച്ചത്. പായിപ്പാട്ട് എത്തിച്ച ശേഷം ക്യാംപിലേക്കു മാറ്റി. 'ഇവിടെ ഡോക്ടര്‍മാര്‍ വന്നു നോക്കി, മരുന്നൊക്കെ തന്നു.' അല്പം ആശ്വാസത്തോടെ ചെല്ലമ്മ പറഞ്ഞു.
https://www.facebook.com/Malayalivartha