31 വര്‍ഷത്തിനു മുമ്പ് മൗണ്ട് എല്‍ബ്രസില്‍ കാണാതായ അഞ്ച് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഹിമപാതം കവര്‍ന്ന് കൊണ്ടുപോയ പര്‍വ്വതാരോഹകയുടെ മൃതദേഹം 31 വര്‍ഷത്തിനുശേഷം കണ്ടെത്തി.
ദക്ഷിണറഷ്യയിലെ എല്‍ബ്രസ് പര്‍വ്വതത്തില്‍ കാണാതായ മുപ്പത്താറുകാരി എലേന ബാസികിനയുടെ മൃതദേഹമാണ് മൂന്നു പതിറ്റാണ്ടിനുശേഷം കണ്ടെത്തിയത്.
മൗണ്ട് എല്‍ബ്രസ് സ്ഥിതിചെയ്യുന്നത് സമുദ്രനിരപ്പില്‍ നിന്ന് 18,510 അടി ഉയരത്തിലാണ്.
എലേനയെ ആരോ തട്ടിക്കൊണ്ടുപോയെന്നോ തടവിലാക്കിയെന്നോ ആണ് കുടുംബാംഗങ്ങള്‍ ഇതുവരെ കരുതിയിരുന്നത്.
എലേനയ്ക്കൊപ്പം കാണാതായ അഞ്ചു പേര് ഇന്നും മഞ്ഞുമലകള്‍ക്കിടയില്‍ എവിടെയോ തണുത്തുറഞ്ഞിരിപ്പുണ്ടെന്നാണ് ഇപ്പോള്‍ കരുതുന്നത്.
ആറു പര്‍വ്വതാരോഹകരുടെയും കുടുംബാംഗങ്ങളുടെ മൂന്നു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അന്ത്യമായത്.
ഒരുപറ്റം വിനോദസഞ്ചാരികള്‍ പര്‍വ്വതാരോഹണം നടത്തുന്നതിനിടെയാണ് മഞ്ഞില്‍പ്പുതഞ്ഞ എലേനയുടെ മൃതദേഹം കണ്ടെത്തിയത്.
യുഎസ് എസ് ആര് പാസ്പോര്‍ട്ടും 1987 ഏപ്രില്‍ 10-ലെ വിമാനടിക്കറ്റും മൃതദേഹത്തിന്റെ കോട്ടിനുള്ളിലുണ്ടായിരുന്നു. മൃതദേഹം തിരിച്ചറിഞ്ഞതിനാല്‍ ഔദ്യോഗിക നടപടികള്‍ക്കുശേഷം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തു.
1987-ല്‍ എലേനയെ കാണാതായി എന്ന വാര്‍ത്ത വന്നതോടെ അമ്മ രോഗശയ്യയിലായി, പിന്നീട് മരിക്കുകയും ചെയ്തെന്ന് ബന്ധു റഷ്യന്‍ മാധ്യമങ്ങളോടു പറഞ്ഞു.
മോസ്കോ സയന്റിഫിക് ഇന്‍സ്റ്റിട്യൂട്ടില്‍ ജോലിചെയ്യവേയാണ് അവിവാഹിതയായ എലേന പര്‍വ്വതാരോഹക സംഘത്തിനൊപ്പമിറങ്ങിയത്. പര്‍വ്വതങ്ങളെ ജീവനുതുല്യം സ്നേഹിച്ച വ്യക്തിയായിരുന്നു എലേനയെന്ന് റഷ്യന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha