ഹൃദയം തൊടുന്നൊരു അനുഭവത്തെ അനുസ്മരിക്കുന്നു ഈരാറ്റുപേട്ട മുന്‍ മുന്‍സിപ്പല്‍ ചെയര്മാന് ടി.എം.റഷീദ്
മഹാപ്രളയത്തില്‍ ദുരിതലായവരെ സഹായിക്കാന്‍, കൈയ്യില്‍ ആകെ ഉണ്ടായിരുന്ന ചില്ലറതുട്ടുകളുമായി വടിയും കുത്തി നാലു കിലോമീറ്റര്‍ നടന്ന് എത്തിയ മനുഷ്യനെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു.
ഈരാറ്റുപേട്ട മുന്‍ മുന്‍സിപ്പല്‍ ചെയര്മാന് ടി.എം.റഷീദിന്റെ വീട്ടിലാണ് തെരുവില്‍ ഭിക്ഷയെടുക്കുന്ന മോഹനന് എന്ന പഴയ ആനക്കാരന് എത്തിയത്. കയ്യിലെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനെത്തിയതായിരുന്നു ആ മനുഷ്യന്.
അലഞ്ഞുതിരിഞ്ഞുള്ള ജീവിതത്തിനിടയിലും പത്രം കൃത്യമായി വായിക്കാന്‍ മോഹനന് ശ്രമിക്കും. അങ്ങനെയാണ് കേരളത്തെ നടുക്കുന്ന മഹാപ്രളയത്തിന്റെ തീവ്രത അദ്ദേഹം മനസ്സിലാക്കിയത്. പിന്നെ വൈകിയില്ല, കൈയ്യിലുള്ള ചില്ലറത്തുട്ടുകളുമായി റഷീദിന്റെ വീട്ടിലെത്തി.
പണത്തിനു വന്നതായിരിക്കുമെന്നു കരുതി മോഹനനു നേരെ റഷീദ് ഇരുപതു രൂപ നീട്ടി. എന്നാല്‍ ആ വീടിന്റെ പടിയിലിരുന്നു കയ്യില്‍ കരുതിയ മുഷിഞ്ഞ നോട്ടുകളും ചില്ലറകളും എണ്ണി തിട്ടപ്പെടുത്തി മോഹനന് ആ തുക റഷീദിനു നേരെ നീട്ടി . 94 രൂപ.
''മുഖ്യമന്ത്രി സാറിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കണം. എനിക്ക് അറിയില്ല എങ്ങനെയാ പണം നല്‍കേണ്ടതെന്ന്. സാര്‍ ചെയ്താ മതി.'' ഇത്രയും പറഞ്ഞ് അയാള്‍ നടന്നകന്നു.
പൂഞ്ഞാര്‍ കല്ലേക്കുളം സ്വദേശിയാണ് മോഹനന്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആന പട്ടകൊണ്ട് അടിച്ചതിനെത്തുടര്‍ന്നാണ് മോഹന്റെ ഒരു കാലിന് സ്വാധീനം നഷ്ടമായത്.
ജീവിതത്തിലുണ്ടായ പരുക്ക് ജീവിതത്തിന്റെ തന്നെ താളം തെറ്റിച്ചെങ്കിലും ആ മനസിന്റെ വലിപ്പം എത്രയോ വലുതാണെന്ന് ആ ചില്ലറത്തുട്ട് കയ്യില്‍ പിടിച്ച് കൊണ്ട് ഓര്‍ത്തുപോയെന്ന് റഷീദ് ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രത്തോട് പറഞ്ഞു. മോഹനന് പകര്‍ന്ന ഊര്‍ജം നാടിന് മാത്യകയാവാനാണ് ഈ അനുഭവം സമൂഹമാധ്യമത്തില്‍ കുറിച്ചതെന്നും തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്നും റഷീദ്.
'ഇടനെഞ്ചില്‍ ഒരു ആന്തല് സമ്മാനിച്ച്' അയാള്‍ ആ വീടിന്റെ പടിക്കെട്ടിറങ്ങി. ആ അനുഭവക്കുറിപ്പ് വായിക്കുന്നവരുടെ ഉള്ളിലും അതിജീവനത്തിന്റെ ഒരു പുതു ഊര്‍ജ്ജം മഹാപ്രളയം തീര്‍ക്കുന്നു.
https://www.facebook.com/Malayalivartha