മണ്ടനായതിനാല്‍ സ്കൂളില്‍നിന്നു പുറത്താക്കിയവരുടെ മുന്നില്‍ ഇന്ന് സിവില്‍ സര്‍വീസുകാരനായി തിരിച്ചെത്തിയ പടയോട്ടം ജയിച്ച പോരാളി!
പഠിക്കാന്‍ മണ്ടനെന്ന് വിധിയെഴുതി ആറാം ക്ലാസില്‍ വച്ചു സ്കൂളില്‍നിന്ന് അവനെ പുറത്താക്കി. ജീവിക്കാന്‍ അവന് ലോട്ടറി കച്ചവടം ചെയ്തു, വര്‍ക്ക്ഷോപ്പിലും ചായക്കടയിലും ടിവി റിപ്പയറിങ് കേന്ദ്രത്തിലുമൊക്കെ പലകുറി ജോലിനോക്കി. പഠിക്കാന്‍ സ്കൂളില്‍ പോകേണ്ട സമയത്ത് അവന് കഷ്ടതകളുടെ കണ്ണീര് കുടിച്ചു. എന്നാല്‍ അവഗണിച്ചവരുടെയും അപമാനിച്ചവരുടെയും മുന്നില്‍ ജയിച്ചുകാണിക്കണമെന്ന വാശി ഉണ്ടാക്കാനേ അതൊക്കെ ഉപകരിച്ചുള്ളൂ. ഡിസ്ലെക്സിയ എന്ന പഠന വൈകല്യമാണ് വി.നന്ദകുമാര്‍ എന്ന ആ കുട്ടിക്കെന്നു തിരിച്ചറിയാന്‍ അവന്റെ അധ്യാപകര്‍ക്കും കഴിഞ്ഞില്ല.
പേരാടാനുള്ള ഊര്‍ജം നിറച്ച ആ ഒറ്റപ്പെടുത്തലും കളിയാക്കലുകളും അവന്റെ പഠന വൈകല്യത്തെ കീഴ്പ്പെടുത്താനും ഇടയാക്കിയപ്പോള്‍ അവന് നടന്നു കയറിയത് ഇന്ത്യന്‍ ഭരണചക്രത്തിന്റെ ചുക്കാന്‍ പിടിക്കുന്ന സിവില്‍ സര്‍വീസിലേക്ക്. വി. നന്ദകുമാര്‍ എന്ന ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്റെ കഥ ഏതൊരു വിദ്യാര്‍ഥിയെയും പ്രചോദിപ്പിക്കുന്നതാണ്.
പഠിക്കണം എന്ന മോഹം പിന്നീട് അവനെ ഭരിക്കാന്‍ തുടങ്ങി. സമപ്രായക്കാരെ പോലെ സ്കൂളില്‍ പോകാന്‍ അവനും കൊതിച്ചു. പക്ഷേ ഒരിടത്തു നിന്നു പുറത്താക്കിയ ഉഴപ്പന് കുട്ടിക്കു സീറ്റ് നല്കാന് മറ്റ് സ്കൂളുകള്‍ തയാറായില്ല. അതുകൊണ്ട് ഒരു കൂട്ടുകാരന്റെ ഉപദേശം അനുസരിച്ചു തനിയെ പഠിച്ചു പ്രൈവറ്റായി പരീക്ഷയെഴുതി. 52 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പൂര്‍ത്തീകരിക്കുകയും ചെയ്തു.
കോളജായിരുന്നു അടുത്ത കടമ്പ. മാര്‍ക്ക് കുറവായ പ്രൈവറ്റ് വിദ്യാര്‍ഥിക്കു സീറ്റു നല്കാന് പല കോളജുകളും മടിച്ചു. ഒടുവില്‍ ഡോ. അംബേദ്കര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബിഎ ഇംഗ്ലിഷ് സാഹിത്യത്തിനു സീറ്റു ലഭിച്ചു. കോളജില്‍ ചേരുമ്പോള്‍ ഇംഗ്ലിഷില്‍ തെറ്റില്ലാതെ ഒരു വാചകം എഴുതാന്‍ കൂടി അറിയില്ലായിരുന്നു. പക്ഷേ, നന്ദകുമാറിന്റെ ദൃഢനിശ്ചയവും കഠിനാധ്വാനവും ഫലം കണ്ടപ്പോള്‍ ഡിഗ്രിക്ക് ആ ബാച്ചില്‍നിന്നു തന്നെ ഡിസ്റ്റിങ്ഷന്‍ ലഭിച്ച ഏക വിദ്യാര്‍ഥിയായി. തുടര്‍ന്ന് പ്രസിഡന്‍സി കോളജില്‍നിന്നു ബിരുദാനന്തരബിരുദം. അവിടെ പഠിക്കുമ്പോഴാണ് ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം സിവില്‍ സര്‍വീസ് പരിശീലനം ആരംഭിക്കുന്നത്.
പഠിക്കുന്ന കാര്യങ്ങള്‍ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തി ആലോചിക്കാന്‍ സിവില്‍ സര്‍വീസ് പരിശീലനം സഹായകമായി. ഒടുവില്‍ 2004-ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 334-ാം റാങ്കുമായി നന്ദകുമാര്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസിലെത്തി. നിലവില്‍ ആദായ നികുതി വകുപ്പില്‍ ജോയിന്റ് കമ്മിഷണറായ നന്ദകുമാര്‍ വിദ്യാര്‍ഥികള്‍ക്കു കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും എടുക്കാറുണ്ട്.
https://www.facebook.com/Malayalivartha