എപ്പോഴും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ രക്ഷാദൗത്യങ്ങളുടെ ഭാഗമാകുന്ന മലയാളി നഴ്സുമാര്‍; അജോയും ശരത്തും
2012-ല്‍ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നഴ്സായി ജോലിയില്‍ കയറിയവരാണ് മലയാളികളായ അജോ ജോസും ശരത്തും. കൊറോണവൈറസ് ഭീതിയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം പുറപ്പെട്ടപ്പോള്‍ ഒരു മടിയും ആശങ്കയുമില്ലാതെ അതിനുള്ളിലുണ്ടായിരുന്നു ഇരുവരും.
റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വന്നകാലം മുതല്‍ ഇരുവരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ രക്ഷാദൗത്യങ്ങളുടെ ഭാഗമാണ്. ആദ്യം സ്വമേധയാ രംഗത്തിറങ്ങിയെങ്കില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഇവരെ തിരഞ്ഞുപിടിച്ചു നിയോഗിക്കുന്നു.
നേപ്പാളിലെയും ഇന്തൊനീഷ്യയിലെയും ഭൂകമ്പ രക്ഷാദൗത്യങ്ങളിലും ശ്രീലങ്കയില്‍ ഭീകരാക്രമണങ്ങള്‍ക്കു ശേഷമുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമായി. ഡല്‍ഹിയിലായിരിക്കെ, കേരളത്തിലെ 2 ദൗത്യങ്ങളില്‍ പങ്കാളികളായി നിപ്പ പരിചരണത്തിലും 2018-ലെ പ്രളയക്കെടുതിയിലും.
വുഹാന്‍ രക്ഷാദൗത്യം കഴിഞ്ഞെത്തിയ അജോക്കും ശരത്തിനും ഇനി രണ്ടാഴ്ചത്തേക്കു ജോലിക്കു പോകാനാവില്ല. മുന്‍കരുതലിന്റെ ഭാഗമായി വീട്ടില്‍ തന്നെ മാറിത്താമസിക്കണം. എയിംസില്‍ അസി. നഴ്സിങ് സൂപ്രണ്ടായി വിരമിച്ച അമ്മ ആനിയുടെ അനുഭവപാഠങ്ങളാണു തൃശൂര്‍ പറമ്പൂര് സ്വദേശിയായ അജോയുടെ കരുത്ത്. വൈക്കം ചെമ്പ് സ്വദേശിയായ ശരത്തിന്റെ ഭാര്യ സിമി എയിംസിലെ നഴ്സാണ്.
https://www.facebook.com/Malayalivartha