അസിമ ഇനി മരുന്നു തരും, ഊഷ്മാവ് അളക്കും, ഐഇഎസ് എന്‍ജിനീറിങ് കോളജ് വിദ്യാര്‍ത്ഥികളൊരുക്കിയ അള്‍ട്രാ റോബോ 'അസിമ'!

മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് പ്രതിരോധത്തില്‍ മുഴുകിയ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും രോഗിയുമായി സുരക്ഷിതമായ അകലം പാലിച്ച് ഇനി ചികിത്സ ഉറപ്പാക്കാനാവും.
രോഗികളുടെ ഇസിജി, ഹൃദയമിടിപ്പ്, ശരീര ഊഷ്മാവ് എന്നിവ പരിശോധിക്കാനും സാനിറ്റൈസര്‍ ഉപയോഗിക്കാനും മരുന്നു നല്‍കാനും ഇനി റോബട് സഹായിക്കും. രോഗിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഡോക്ടറുടെ സഹായിയായും ഈ റോബട് പ്രവര്‍ത്തിക്കും.
ചിറ്റിലപ്പിള്ളി ഐഇഎസ് എന്‍ജിനീറിങ് കോളജിലെ രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ വിഭാഗം വിദ്യാര്‍ഥികളാണ് ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്ന അസിമ അള്‍ട്രാ റോബോ വികസിപ്പിച്ചെടുത്ത്. വിദ്യാര്‍ഥികള്‍ അവരുടെ അവസാന വര്‍ഷ പ്രൊജക്ടായി ചെയ്യാന്‍ കരുതിവച്ച റോബട്ടിന് കോവിഡ് പശ്ചാത്തലത്തില്‍ പെട്ടെന്നു ജീവന്‍ നല്‍കുകയായിരുന്നു.
അര്‍ജുന്‍, അഖില്‍, ബെല്‍ജിന്‍, അല്‍ത്താഫ്, ശ്രീജേഷ്, ഇക്ബാല്‍,അഭിജിത്, ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് കോളജ് ആധികൃതരുടെ സഹകരണത്തോടെ 60,000 രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. അധ്യാപകരോടൊപ്പം മെഡിക്കല്‍ കോളജിലെത്തിയ വിദ്യാര്‍ഥികള്‍ നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തിനിടയില്‍ ജീവന്‍ വെടിഞ്ഞ നഴ്സ് ലിനി പുതുശ്ശേരിയുടെ ഓര്‍മയ്ക്കുമുന്നില്‍ സമര്‍പ്പിച്ച റോബട് പ്രിന്‍സിപ്പല്‍ ഡോ.എം.എ.ആന്‍ഡ്രൂസ് ഏറ്റുവാങ്ങി.
https://www.facebook.com/Malayalivartha























