മണല്‍ മാഫിയയുടെ ആക്രമണത്തില്‍ ശയ്യാവലംബിയായ റിട്ട. എസ്ഐ രാജന്റെ മകന് ജോലി നല്കാന് സര്‍ക്കാര്‍ തീരുമാനം
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണല്‍ മാഫിയയുടെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റ് ഇപ്പോഴും ശയ്യാവലംബിയായി കഴിയുന്ന റിട്ട പരിയാരം എസ്ഐ രാജന്റെ മകന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ അസാധാരണ കേസായി പരിഗണിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്കാന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.
പരിയാരം പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടറായിരുന്നു പട്ടുവം മംഗലശ്ശേരി സ്വദേശി കെ.എം.രാജന്. 2015 മേയ് 16-ന് ലോറിയില്‍ മണല്‍ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഗ്രേഡ് എസ്ഐ ആയ രാജന് പുലര്‍ച്ചെ ഒരു പൊലീസുകാരനൊപ്പം ബൈക്കില്‍ ഇരിങ്ങല്‍ കടവിന് സമീപത്തെത്തി മണല്‍ ലോറി തടഞ്ഞു. ഇതിനായി ലോറിയുടെ കാബിനുള്ളില്‍ കയറിയ എസ്ഐ രാജനെയും കൊണ്ട് മണല്‍ ലോറി ഓടിച്ച് പോവുകയായിരുന്നു.
ലോറിയില്‍ വച്ച് തൂമ്പയും ജാക്കി ലിവറും ഉപയോഗിച്ച് രാജനെ ക്രൂരമായി മര്‍ദിച്ച ശേഷം മരിച്ചുവെന്ന് കരുതി വിജനമായ സ്ഥലത്ത് വലിച്ചെറിഞ്ഞു. മര്‍ദനത്തില്‍ തലച്ചോറിന് ഉള്‍പ്പെടെ ക്ഷതമേറ്റിരുന്നു. ഇപ്പോഴും ശരീരത്തില്‍ ഘടിപ്പിച്ച ട്യൂബില്‍ കൂടിയാണ് രാജന് ഭക്ഷണം കഴിക്കുന്നത്. സംസാര ശേഷി ഭാഗികമായി നഷ്ടപ്പെട്ടു. ഒരു കണ്ണിന്റെ കാഴ്ച ഇപ്പോഴും ലഭിച്ചിട്ടില്ല.
സര്‍വീസില്‍ ഉള്ളപ്പോള്‍ മണല്‍ മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് രാജന് സ്വീകരിച്ചിരുന്നത്. നിരവധി മണല്‍ ലോറികള്‍ പിടികൂടിയതോടെ ഇവരുടെ കണ്ണിലെ കരടായ രാജനെ ലോറിയില്‍ മനഃപൂര്‍വം തട്ടി കൊണ്ട് പോവുകയായിരുന്നു. സംഭവത്തില്‍ പരിയാരം കോരന്‍പീടികയിലെ എം.വി.ലത്തീഫ് തുടങ്ങിയ 11 പേരെയാണ് അറസ്റ്റ് ചെയ്തത്.
2018 -ല്‍ വിരമിച്ച ശേഷം ദുരിത പൂര്‍ണമായ ജീവിതമായിരുന്നു രാജന്റേത്. ലക്ഷക്കണക്കിന് രൂപ രാജന്റെ ചികിത്സയ്ക്കായി ചിലവഴിക്കേണ്ടി വന്നിരുന്നു. ഇവ പിന്നീട് സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയെങ്കിലും 1.25 ലക്ഷത്തോളം രൂപ ഇനിയും ലഭിക്കാനുണ്ട്. ഇനിയും ശസ്ത്രക്രിയകള്‍ നടത്തിയാല്‍ മാത്രമേ രാജന് ശരിയായ വിധത്തില്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കുകയുള്ളൂ. ഇപ്പോള്‍ നിശ്ചിത കാലാവധിയില്‍ ട്യൂബ് മാറ്റിയിടണം.
മകന് സന്ദീപിന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കണമെന്ന് വിരമിച്ച ശേഷം രാജന് നിരവധി തവണ അഭ്യര്‍ത്ഥിച്ചിരുന്നു. ടി.വി.രാജേഷ് എംഎല്‍എയാണ് ഇന്നലെ വൈകിട്ട് സന്ദീപിന് ജോലി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ച കാര്യം ഇവരെ അറിയിച്ചത്.
https://www.facebook.com/Malayalivartha