ജനമൈത്രി പൊലീസ് ഫാത്തിമയ്ക്കായി സ്നേഹക്കുട ഒരുക്കുന്നു!
പുന്നയൂര്‍ക്കുളത്ത് എഇ ഓഫിസിനു സമീപം തകര്‍ന്നു വീഴാറായ വീട്ടില്‍ താമസിക്കുന്ന ഫാത്തിമയ്ക്കും (37) ഭര്‍ത്താവിനും 2 മക്കള്‍ക്കുമായി സുമനസ്സുകളുടെ സഹായത്തോടെ വടക്കേകാട് ജനമൈത്രി പൊലീസ് സ്നേഹവീട് ഒരുക്കുന്നു.
കുടുംബ സ്വത്തില്‍ നിന്നു ഫാത്തിമയ്ക്കു കുടുംബത്തിനും ലഭിച്ച 4 സെന്റ് ഭൂമിയില്‍ വീടു നിര്‍മിച്ചു നല്‍കാനാണ് തീരുമാനം. 530 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 6 ലക്ഷം രൂപ ചെലവഴിച്ചാകും വീടൊരുക്കുക.
ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടില്‍ ദുരിതമനുഭവിക്കുന്ന ഫാത്തിമയുടേയും കുടുംബത്തിന്റേയും ദുരിതം വാര്‍ത്തയായതോടെ ഒട്ടേറെപ്പേര്‍ നേരിട്ടെത്തി സ്നേഹവും സഹായവാഗ്ദാനവും നല്കി.
വീടു നിര്‍മാണത്തിനു ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്. യൂത്ത്സ് ക്ലബ് വീടിന്റെ തറ നിര്‍മാണത്തിനുള്ള ചെലവു വഹിക്കാമെന്ന് അറിയിച്ചു. ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ പണി ആരംഭിക്കും. ഫാത്തിമയുടെ ചികില്‍സയ്ക്കും സമിതി പണം കണ്ടെത്തും.
വടക്കേകാട് സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ എസ്എച്ച്ഒ എം. സുരേന്ദ്രന്, പഞ്ചായത്തംഗം കെ.എച്ച്. ആബിദ്, സൈനുദ്ദീന്‍ പുന്നൂക്കാവ്, പി. സുനില്‍കുമാര്‍, സക്കരിയ, നാസര്‍, യൂത്ത്സ് ക്ലബ് പ്രതിനിധികളായ കെ. ഫയാസ്, അമീറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha