ഐപിഎല്‍ ക്രിക്കറ്റില്‍ മിന്നിത്തിളങ്ങി പ്രിയാന്‍ഷ് ആര്യ

ഒമ്പത് സിക്സറും ഏഴ് ഫോറും നിറംപകര്‍ന്ന സെഞ്ചുറിയുമായി ഇരുപത്തിനാലുകാരന്‍ പ്രിയാന്‍ഷ് ആര്യ (42 പന്തില്‍ 103) ഐപിഎല്‍ ക്രിക്കറ്റില്‍ മിന്നിത്തിളങ്ങി.
പ്രിയാന്‍ഷിന്റെ മികവില്‍ പഞ്ചാബ് കിങ്‌സ് 18 റണ്ണിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്തു. പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്ണാണ് നേടിയത്. ചെന്നൈയുടെ മറുപടി 201/5ന് അവസാനിച്ചു. എട്ടാം ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്ണുമായി പ്രതിസന്ധിയിലായ പഞ്ചാബിനെ പ്രിയാന്‍ഷ്-ശശാങ്ക് സിങ് സഖ്യമാണ് ഉയര്‍ത്തിയത്.
ആറാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 71 റണ്‍ സമ്മാനിച്ചു. 36 പന്തില്‍ 52 റണ്ണുമായി മാര്‍കോ ജാന്‍സെന്‍ (19 പന്തില്‍ 34) ശശാങ്കിന് കൂട്ടായി. ഈ സഖ്യം പുറത്താവാതെ 65 റണ്ണെടുത്തു. ഈ സീസണില്‍ അരങ്ങേറിയ ഡല്‍ഹിക്കാരനായ പ്രിയാന്‍ഷ് ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ പന്തില്‍ സിക്സറടിച്ചാണ് തുടങ്ങിയത്. രണ്ടാം പന്തില്‍ റിട്ടേണ്‍ ക്യാച്ചിനുള്ള അവസരം ഖലീല്‍ നഷ്ടപ്പെടുത്തി.
അതിന് ചെന്നൈ വലിയ വിലകൊടുക്കേണ്ടിവന്നു. മറുപടിയായി വീണ്ടും സിക്സര്‍. 17 റണ്ണാണ് ആദ്യ ഓവറിലെ സമ്പാദ്യം. മുകേഷ് ചൗധരി എറിഞ്ഞ രണ്ടാം ഓവറില്‍ സഹ ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങ് റണ്ണെടുക്കാതെ പുറത്തായി. ഖലീല്‍ അഹമ്മദിന്റെ അടുത്ത ഓവറില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സിക്സറടിച്ച് തുടങ്ങിയെങ്കിലും വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഏഴ് പന്തില്‍ ഒമ്പത് റണ്ണാണ് സമ്പാദ്യം.
ഒരറ്റത്ത് വിക്കറ്റ് കൊഴിയുമ്പോഴും പ്രിയാന്‍ഷ് ആത്മവിശ്വാസത്തോടെ പന്തടിച്ചു. മാര്‍കസ് സ്റ്റോയിനിസും (4) നേഹല്‍ വധേരയും (9) ഗ്ലെന്‍ മാക്സവെലും (1) വൈകാതെ മടങ്ങി. സ്പിന്നര്‍ ആര്‍ അശ്വിനെ സിക്സര്‍ പറത്തി പ്രിയാന്‍ഷ് കന്നി അര്‍ധ സെഞ്ചുറി നേടി. 19 പന്തിലാണ് ഇടംകൈയന്‍ ബാറ്ററുടെ നേട്ടം.
https://www.facebook.com/Malayalivartha