അമ്മ മഹാറാണിയുടെ ഉപദേശം

അമ്മ മഹാറാണിയുടെ ഉപദേശം
പ്രിയ കൂട്ടുകാരേ,
നല്ല ഉപദേശങ്ങള്‍ ആരില്‍ നിന്നുണ്ടായാലും നമ്മളതു സന്തോഷത്തോടെ സ്വീകരിക്കണം. വീട്ടില്‍ നമ്മെ ഉപദേശിക്കാന്‍ മുത്തച്ഛനും മുത്തശ്ശിയുമുണ്ട്. മാതാപിതാക്കളും ഇടയ്‌ക്കിടെ നമുക്കു നല്ല ഉപദേശങ്ങള്‍ നല്‌കും. വിദ്യാലയത്തില്‍ നമ്മെ ഉപദേശിക്കാന്‍ അധ്യാപകരുണ്ട്. ചിലപ്പോള്‍ നമ്മുടെ സഹപാഠികളും അവര്‍ക്കു കഴിയുന്ന വിധത്തില്‍ ഉപദേശങ്ങള്‍ നല്‌കാറുണ്ട്.
തെറ്റായ വഴികളില്‍ നിന്ന് അകന്നുമാറാനും നേരിന്റെ വഴി കണ്ടുപിടിക്കാനും ഈ ഉപദേശങ്ങള്‍ നമ്മെ സഹായിക്കും.
``മൂത്തവര്‍ ചൊല്ലും മുതു- നെല്ലിക്ക
ആദ്യ കയ്‌ക്കും പിന്നെ മധുരിക്കും''- എന്ന പഴമൊഴി മുതിര്‍ന്നവരുടെ ഉപദേശങ്ങള്‍ വിലപ്പെട്ടതാണെന്നു നമ്മെ ഓര്‍മപ്പെടുത്തുന്നു.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇംഗ്ലണ്ടില്‍ ധൂര്‍ത്തനായ ഒരു രാജകുമാരനുണ്ടായിരുന്നു. കൊട്ടാരഖജനാവില്‍ നിന്ന് അമിതമായി പണമെടുത്ത് അനാവശ്യമായി ചെലവഴിക്കാന്‍ അവനു യാതൊരു മടിയുമുണ്ടായിരുന്നില്ല.
ഒരു ദിവസം അവന്‍ തന്റെ മുത്തശ്ശിയായ അമ്മമഹാറാണിയുടെ അരികിലെത്തി. ``മുത്തശ്ശീ, എനിക്ക് അടിയന്തിരമായി കുറച്ചു പണം വേണം. മുത്തശ്ശി ഒരു കത്തു തന്നാല്‍ ഞാന്‍ ഖജനാവില്‍ നിന്നു വാങ്ങിക്കൊള്ളാം.''
``ഉണ്ണീ, നിനക്ക് അപ്പപ്പോള്‍ വേണ്ടുന്ന പണം ഇവിടന്നു കൃത്യമായിത്തന്നെ തരുന്നുണ്ടല്ലോ. ഇപ്പോള്‍ നീ ചോദിക്കുന്ന പണം ആവശ്യത്തിനല്ല അനാവശ്യത്തിനാണ്'' - മുത്തശ്ശി പറഞ്ഞു.
``എനിക്കു കൂട്ടുകാരുമൊത്ത് ഒന്നു ചുറ്റിക്കറങ്ങിവരാനാണ്, തരാതെ പറ്റില്ല.'' -രാജകുമാരന്‍ നിര്‍ബന്ധിച്ചു.
``അങ്ങനെ ചെലവഴിക്കാനുള്ളതല്ല ഖജനാവിലെ പണം. ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ വിഷമിക്കുന്ന ധാരാളം പേര്‍ നമ്മുടെ നാട്ടിലുണ്ട്. അവരുടെ കണ്ണീര്‍ തുടക്കാനുള്ളതാണ് ആ പണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം.'' അമ്മ മഹാറാണി ഉപദേശിച്ചു.
``ഓഹോ, എങ്കില്‍ ആ നല്ല ഉപദേശങ്ങളൊക്കെ മുത്തശ്ശി ഒന്നെഴുതിത്തന്നോളൂ. എനിക്ക് ഓര്‍മയില്‍ വയ്‌ക്കാമല്ലോ'' -അവന്‍ പറഞ്ഞു.
മുത്തശ്ശി നല്ല വടിവൊത്ത കയ്യക്ഷരത്തില്‍ എല്ലാ കാര്യങ്ങളും ക്യത്യമായിത്തന്നെ എഴുതിക്കൊടുത്തു. അവന്‍ ആ കുറിപ്പുമായി എവിടേക്കോ പോയി.
കുറച്ചു ദിവസത്തിനുള്ളില്‍ അമ്മ മഹാറാണിക്കു രാജകുമാരന്റെ ഒരു കത്തുകിട്ടി. അതില്‍ ഇപ്രകാരമാണ് എഴുതിയിരുന്നത്: ``പ്രിയ മുത്തശ്ശീ, അങ്ങു തന്ന ഉപദേശമെല്ലാം എനിക്കൊരു പുതുവഴി തുറന്നുതന്നു. ഇനി ഞാന്‍ ഒരിക്കലും പാഴ്‌ചെലവുകള്‍ ചെയ്യില്ല.''
സ്വന്തം ചെറുമകനെ ഉപദേശത്തിലൂടെ നല്ല വഴിക്കു തിരിച്ചുവിട്ട ആ അമ്മ മഹാറാണി ആരെന്നോ? സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സര്‍വസ്വവുമായിരുന്ന വിക്‌ടോറിയ രാജ്ഞി ആയിരുന്നു അത്. സത്യത്തിന്റെയും നീതിയുടെയും ഐശ്വര്യത്തിന്റെയും വിളനിലമായിരുന്നു ആ മഹാറാണി.
നല്ല ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ നാം ഒരിക്കലും മടിക്കരുത്. അവ നമ്മെ നന്മയിലേക്കു നയിക്കും.
https://www.facebook.com/Malayalivartha