യാത്ര ചെയ്യാം കീശ കാലിയാകാതെ

നിങ്ങളുടെ ഉള്ളിലെ യാത്ര മോഹങ്ങളെ തടസ്സപ്പെടുത്തുന്ന പ്രധാന കാര്യം പോക്കറ്റിന്റെ കനം തന്നെ. ഒരോ യാത്രയിലും എത്ര രൂപയാ ചെലവാകുന്നത് എന്നോർത്ത് ആശങ്കപ്പെടുന്നവരും വിരളമല്ല. യാത്ര ചെയ്യാൻ പണം വേണമെന്ന കാര്യത്തിൽ സംശയം വേണ്ട. അതിനാൽ ചുരുങ്ങിയ ചെലവിൽ എങ്ങനെ യാത്ര ചെയ്യാം എന്നതിനേക്കുറിച്ചാണ് നിങ്ങൾ ആലോചിക്കേണ്ടത്. അനാവശ്യമായ ചെലവുകൾ ഒഴിവാക്കാനും യാത്ര തുടങ്ങും മുൻപ് നിങ്ങൾ ശ്രദ്ധിക്കണം.
വിദേശ സഞ്ചാരികൾ ഇന്ത്യയിലേക്ക് വരാനുള്ള പ്രധാന കാരണം വളരെ ചുരുങ്ങിയ ചെലവിൽ വിനോദസഞ്ചാരം സാധ്യമാകുന്നു എന്നതുകൊണ്ടാണ്. എന്നാൽ അതിലും ചുരുങ്ങിയ ചെലവിൽ നമുക്ക് ഇന്ത്യമുഴുവൻ യാത്ര ചെയ്യാം. ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാനുള്ള ചില ടിപ്സുകൾ നോക്കാം.
സീസണിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കുക .
നിങ്ങൾക്ക് അറിയാമോ? നമ്മൾ ഇന്ത്യക്കാർക്ക് യാത്ര ചെയ്യാൻ ചില സീസണുകൾ ഉണ്ട്. ഈ സീസണിൽ യാത്ര ചെയ്താൽ ചെലവ് കൂടുമെന്ന കാര്യം ഉറപ്പാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയങ്ങളിലാണ് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നത്. ഈ സമയങ്ങളിൽ ഹോട്ടൽ റൂമുകളുടെ റെന്റ് വളരെയധികം കൂടുതലായിരിക്കും. ക്രിസ്മസ്, ദീപാവലി പോലുള്ള ഹോളിഡേകളിൽ യാത്ര ചെയ്താലും നിങ്ങളുടെ പോക്കറ്റ് കാലിയാകുമെന്ന് ഉറപ്പാണ്. ഏപ്രിൽ മുതൽ സെപ്റ്റംബർ മാസം വരെയുള്ള കാലത്ത് യാത്ര ചെയ്യുന്നതാണ് ഉത്തമം. എന്നാൽ ഈ സമയം യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെ കാലവസ്ത മനസിലാക്കി വേണം പോകാൻ.
നേരത്തെ ഫ്ലൈറ്റ് ബുക്ക് ചെയ്യുക
ഊട്ടിയിൽ പോകാൻ ഫ്ലൈറ്റ് ബുക്ക് ചെയ്യണോ എന്ന് ചോദിക്കരുത്. രാജസ്ഥാനിലോ ഹിമാചൽപ്രദേശിലോ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നേരത്തെ തന്നെ ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നത് നല്ലതാണ്. വളരെ കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് വിമാന യാത്ര ചെയ്യാൻ കഴിയും. കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാം. അവസാന മണിക്കൂറിൽ ഫ്ലൈറ്റ് ബുക്ക് ചെയ്താൽ കാശുകുറഞ്ഞ് കിട്ടുമെന്ന് ചിന്തിക്കുന്ന മണ്ടൻമാരായിരിക്കില്ല നിങ്ങൾ. കാരണം നിങ്ങൾക്ക് അറിയാം അങ്ങനെ ഒരു ഓഫർ ഒരു വിമാനകമ്പനിയും ഇതുവരെ നൽകിയിട്ടില്ലെന്ന്. എന്നാൽ മുൻകൂട്ടി ഫ്ലൈറ്റ് ബുക്ക് ചെയ്താൽ നിങ്ങൾക്ക് കുറച്ച് പണം ലാഭിക്കാം.
ഫ്ലൈറ്റിന്റെ സമയം നോക്കി ബുക്ക് ചെയ്യാം
സ്ഥിരം ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന ചില ബിസിനസ് യാത്രികർ ഫ്ലൈറ്റ് യാത്രയ്ക്ക് തെരഞ്ഞെടുക്കുന്ന ചില സമയങ്ങളുണ്ട്. അതിരാവിലെയും രാത്രിയിലുമാണ് ഇത്തരം ആളുകൾ യാത്ര ചെയ്യുക. അതിനാൽ ഈ സമയത്ത് പുറപ്പെടുന്ന ഫ്ലൈറ്റിന്റെ നിരക്കിലും വർദ്ധനവ് ഉണ്ടാകും. ഈ സമയങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കിയാൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം.
ടൂർ പാക്കേജുകൾ തെരഞ്ഞെടുക്കുക.
ചില ട്രാവൽ ഏജന്റുമാർ ടൂറിസ്റ്റുകൾക്കായി ചില പാക്കേജുകൾ ഒരുക്കിയിട്ടുണ്ടാകും. ഇത്തരം പാക്കേജുകൾ തെരഞ്ഞെടുക്കുന്നത് യാത്ര ചിലവ് കുറയ്ക്കാൻ സഹായകരമാണ്. പാക്കേജുകൾ തെരഞ്ഞെടുക്കുമ്പോൾ അതിൽ ഫ്ലൈറ്റ് ചാർജും ഹോട്ടൽ ചാർജുമൊക്കെ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത്തരം പാക്കേജുകളിലൂടെ നിങ്ങൾക്ക് 30 ശതമാനത്തോളം ചെലവ് ലാഭിക്കാം.
ട്രെയിൻ യാത്ര ലാഭകരമാണ്.
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ കഴിയുന്ന മാർഗം ട്രെയിൻ യാത്രയാണ്. ടൂറിസ്റ്റുകൾക്കായി ഇന്ത്യൻ റെയിൽവെ ചില പാക്കേജ് ട്രെയിനുകൾ ഒരുക്കിയിട്ടുണ്ട്. ഭാരത് ദർശൻ, ഫെയ്റി ക്യൂൻ, മഹാപറി നിർവാൺ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ നിങ്ങളുടെ യാത്ര കുറഞ്ഞ നിരക്കിൽ ഉല്ലാസഭരിതമാക്കാൻ സഹായിക്കും.
ഭക്ഷണ ചെലവ് എങ്ങനെ കുറയ്ക്കാം.
പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് വളരെ ചെലവേറിയ കാര്യമാണ്. അതിനാൽ താമസവും ഭക്ഷണവും ഒറ്റപാക്കേജിൽ ലഭിക്കുന്ന സ്ഥലത്ത് താമസിക്കുന്നതാണ് നല്ലത്. ഇത്തരത്തിൽ നിരവധി ഹോട്ടലുകൾ ലഭ്യമാണ്. മാത്രമല്ല തീറ്റപ്രിയർക്ക് ബുഫേ സൗകര്യമുള്ള ഹോട്ടലുകൾ തെരഞ്ഞെടുക്കാം.
നഗരങ്ങളെ ഉപേക്ഷിക്കു.
ഇന്ത്യയിലെ നഗര ജീവിതത്തിലെ ചെലവ് അടിക്കടി കൂടി വരികയാണ്. എന്നാൽ ഇക്കാലത്ത് നഗരത്തേക്കാൾ ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം ഏറുകയാണ്. ഇത്തരം ടൂറിസ്റ്റ് ഗ്രാമങ്ങളിൽ നഗരങ്ങളെ അപേക്ഷിച്ച് ചിലവും കുറവാണ്.
https://www.facebook.com/Malayalivartha