സിവില്‍ സപ്ലൈസ് നെല്ല് സംഭരണം വേഗത്തിലാക്കുന്നു

സിവില്‍ സപ്ലൈസ് വകുപ്പ് ആലപ്പുഴ ജില്ലയില്‍ പുഞ്ചക്കൃഷി നെല്ലു സംഭരണം ഊര്‍ജിതമാക്കി. മുടങ്ങിക്കിടന്ന സംഭരണം വെള്ളിയാഴ്ചയാണ് പുനരാരംഭിച്ചത്. ജില്ലയില്‍നിന്ന് ഇന്നലെ മാത്രം 120 ലോഡ് നെല്ലാണു സിവില്‍ സപ്ലൈസ് സംഭരിച്ചത്. 5200 ലോഡ് നെല്ലാണു സിവില്‍ സപ്ലൈസ് ഇതുവരെ ജില്ലയില്‍നിന്നു സംഭരിച്ചത്.
തൊഴിലാളികളുടെ കുറവും മറ്റും ആദ്യദിനത്തില്‍ ഉണ്ടായിരുന്നു. അതു മാറിയതോടെ പൂര്‍ണതോതിലുള്ള സംഭരണമാണ് ഇന്നലെ നടന്നത്. കരുവാറ്റ, തകഴി, എടത്വ, രാമങ്കരി, വെളിയനാട്, മുട്ടാര്‍, നീലംപേരൂര്‍, പുളിങ്കുന്ന്, കാവാലം, നെടുമുടി, അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളില്‍നിന്ന് ഇന്നലെ സംഭരണം നടന്നു. കായല്‍ മേഖലകളില്‍ വള്ളങ്ങളിലും സംഭരണം നടന്നു. ഇരുപത്തിനാലായിരം കായല്‍പാടശേഖരത്തില്‍നിന്നു വലിയ ജങ്കാറുകളില്‍ നെല്ലു സംഭരിച്ചു. ഏതാനും ദിവസങ്ങളായി സംഭരണം മുടങ്ങി പ്രതിസന്ധിയിലായിരുന്നു കര്‍ഷകര്‍.
വെളിയനാട് കൃഷിഭവന്‍ പരിധിയിലെ കിഴക്കേ വെള്ളിശ്രാക്ക പാടശേഖരത്തിലെ സംഭരണം, ഗുണമേന്മ സംബന്ധിച്ച തര്‍ക്കങ്ങള്‍ കാരണം ഇന്നലെ മുടങ്ങി. ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുടമകള്‍ കിഴിവ് ആവശ്യപ്പെട്ടതായി കര്‍ഷകര്‍ ആരോപിച്ചു. ഇതോടെ ചാക്കുകളില്‍ നിറച്ച നെല്ല് സംഭരിക്കാന്‍ കഴിഞ്ഞില്ല. കിഴിവു സംബന്ധിച്ച തര്‍ക്കമുണ്ടായില്ലെന്നും നെല്ലില്‍ ഈര്‍പ്പമുള്ളതിനാല്‍ ഉണക്കി നല്‍കണമെന്നു കര്‍ഷകരോട് ആവശ്യപ്പെടുകയായിരുന്നുവെന്നും പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ എസ്.രാജേഷ്‌കുമാര്‍ പറഞ്ഞു. രാവിലെ നെല്ലിന്റെ റീഡിങ് എടുത്തപ്പോള്‍ ഈര്‍പ്പം 23 വരെയുള്ളതായി കര്‍ഷകര്‍ പറഞ്ഞിരുന്നു. നെല്ല് ഉണക്കി നല്‍കിയാല്‍ ഇന്നോ നാളെയോ സംഭരണം നടത്തുമെന്നും ഓഫിസര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha