കര്‍ഷകര്‍, കൊയ്ത്ത് യന്ത്രം ലഭ്യമല്ലാത്തതിനാല്‍ നെട്ടോട്ടമോടുന്നു

അപ്പര്‍ കുട്ടനാട്ടിലെ കൊയ്ത്ത് കാത്തുകിടക്കുന്ന പാടശേഖരങ്ങള്‍ക്ക് യന്ത്രങ്ങളുടെ ദൗര്‍ലഭ്യത തിരിച്ചടിയായി. ഏപ്രില്‍ ആദ്യവാരം മുതലാണ് അപ്പര്‍ കുട്ടനാട്ടിലേക്ക് , മാര്‍ച്ച് ആദ്യം കൊയ്ത്തു തുടങ്ങുന്ന കുട്ടനാട്ടില്‍ നിന്നു കൊയ്ത്തു കഴിഞ്ഞ് യന്ത്രങ്ങള്‍ എത്തിക്കൊണ്ടിരുന്നത്. തമിഴ്‌നാട്ടിലെ സേലത്തു നിന്നെത്തുന്ന മൂവായിരത്തോളം യന്ത്രങ്ങളാണ് വര്‍ഷങ്ങളായി കുട്ടനാട്ടിലെ കൊയ്ത്തിന് ഉപയോഗിച്ചിരുന്നത്.
ഇത്തവണ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം ആയിരത്തില്‍ താഴെ യന്ത്രങ്ങള്‍ മാത്രമേ കുട്ടനാട്ടില്‍ എത്തിയിട്ടുള്ളൂ. ഇതിനോടൊപ്പം എത്തിയ തൊഴിലാളികളില്‍ കുറെപേര്‍ നാട്ടിലേക്കു തിരികെ പോയിരുന്നു. ഇവര്‍ക്ക് മടങ്ങിവരാന്‍ സാധിക്കാതായതോടെ കുറെ യന്ത്രങ്ങള്‍ ആലപ്പുഴ ജില്ലയില്‍ വെറുതേകിടക്കുകയാണ്.
നിലവില്‍ പെരിങ്ങരയില്‍ പതിനാറും കടപ്രയില്‍ നാലും യന്ത്രങ്ങള്‍ മാത്രമാണ് എത്തിയിട്ടുള്ളത്. 60 യന്ത്രങ്ങളെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ നെല്ല് മുഴുവനും സമയത്ത് കൊയ്‌തെടുക്കാന്‍ സാധിക്കൂ.അടുത്ത ആഴ്ചയോടെ അപ്പര്‍ കുട്ടനാട്ടില്‍ നിരപ്പെ കൊയ്ത്തു തുടങ്ങേണ്ടതായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍മഴയില്‍ പലയിടത്തും നെല്ല് വീണുപോയിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും.
24 പാടശേഖരങ്ങള്‍ ഉള്ള പെരിങ്ങരയില്‍ 8 എണ്ണത്തില്‍ മാത്രമേ കൊയ്ത്ത് കഴിഞ്ഞിട്ടുള്ളൂ. കടപ്രയിലെ ഏഴില്‍ ഒരു പാടശേഖരത്തില്‍ മാത്രമാണ് കൊയ്ത്ത് നടക്കുന്നത്. നിരണത്തും 8 പാടശേഖരങ്ങളുണ്ട്. ഇവിടെയും ഒരിടത്തു മാത്രമാണ് കൊയ്ത്ത് നടന്നത്. മറ്റ് പാടങ്ങളില്‍ നാളെ കൊയ്ത്ത് തുടങ്ങേണ്ടിയുരുന്നതാണ്.
നഗരസഭയിലും കവിയൂരിലുമായി 760 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കവിയൂര്‍ പുഞ്ചയില്‍ ഒന്നാം തീയതി കൊയ്ത്ത് തുടങ്ങേണ്ടതാണ്. യന്ത്രം കിട്ടാത്ത കാരണം ഇതുവരെ തുടങ്ങിയിട്ടില്ല. കുറ്റൂരില്‍ 150 ഏക്കര്‍ അടുത്തയാഴ്ച കൊയ്യണം. ഇവിടെക്ക് ആവശ്യമായ യന്ത്രങ്ങള്‍ ഏര്‍പാടാക്കിയിട്ടുണ്ടെന്നു കര്‍ഷകര്‍ പറഞ്ഞു.
ഇനി കൂടുതല്‍ യന്ത്രങ്ങള്‍ എത്താന്‍ സാധ്യത കുറവാണ്. ഈ മാസം പകുതി കഴിയുമ്പോള്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കൊയ്ത്ത് തുടങ്ങുന്നതാണ് കാരണം. ഇവിടെയുള്ളവയില്‍ മിക്കതും മടങ്ങിപ്പോകാനുള്ള തിരക്കിലുമാണ്. വരും ദിവസങ്ങളില്‍ കൊയ്ത്ത് യന്ത്രങ്ങള്‍ കിട്ടാനുള്ള സാധ്യത കുറയുമെന്ന ആശങ്കയില്‍ പല പാടശേഖരസമിതികളും യന്ത്രം കിട്ടുന്ന മുറയ്ക്ക് കാലം തെറ്റിച്ച് കൊയ്യുന്നുമുണ്ട്.
ജ്യോതി വിത്തിന് 125 ദിവസവും ഉമയ്ക്ക് 135 ദിവസവും വിളവ് എത്തിയിട്ടും കൊയ്തില്ലെങ്കില്‍ നെല്ലില്‍ ഈര്‍പ്പം കൂടുതല്‍ വരികയും നെല്ല് എടുക്കുന്ന മില്ലുകള്‍ തൂക്കത്തില്‍ കിഴിവ് ഇടുകയും ചെയ്യും. 17% വരെയാണ് അനുവദനീയമായ ഈര്‍പ്പം. നെല്ല് പതിരു കളഞ്ഞ് ഉണക്കി കൊടുത്താല്‍ കിഴിവ് ഇടാറില്ല. കിലോയ്ക്ക് 26.95 രൂപ സപ്ലൈകോ നല്‍കുകയും ചെയ്യും. നേരത്തേ കൊയ്‌തെടുക്കുന്ന നെല്ലിന് 5% വരെ കിഴിവ് കര്‍ഷകര്‍ നല്‍കേണ്ടിവരും.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ കാവുംഭാഗത്തെ ഡിപ്പോയില്‍ 28 യന്ത്രങ്ങളുണ്ട്. ഇതില്‍ പത്തില്‍ താഴെ മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുന്നവ. ഇവിടത്തെ പാടത്തിന് അനുയോജ്യമല്ലാത്ത യന്ത്രങ്ങള്‍ ആയതിനാല്‍ കര്‍ഷകര്‍ക്ക് അഗ്രോയുടെ യന്ത്രങ്ങളോട് താല്‍പര്യവുമില്ല.
https://www.facebook.com/Malayalivartha