ലോകത്ത് ഏറ്റവുമധികം തൊഴിൽ സാധ്യതയുള്ള മേഖലയായ നഴ്‌സിംഗ് ജോലിക്കായി വിദേശ റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് ഏറ്റവും പ്രിയം തായ് നഴ്‌സുമാരെ.... കാരണം ഇതാണ് എന്ന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ ടി.പി സേതുമാധവൻ

ലോകത്ത് ഏറ്റവുമധികം തൊഴിൽ സാധ്യതയുള്ള മേഖലയായി മാറിക്കഴിഞ്ഞു നഴ്‌സിംഗ്. 2020 നഴ്‌സസ് ഇയർ ആയാണ് ആചരിക്കുന്നത്. ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കുന്ന മേഖലയും നഴ്‌സിംഗ് ആണ്. എന്നാൽ വിദേശത്തെ ജോലിക്ക് റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് ഏറ്റവും പ്രിയം തായ്‌ലൻഡിൽ നിന്നുള്ള നഴ്‌സുമാരെയാണെന്ന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ ടി.പി സേതുമാധവൻ പറയുന്നു. അതിന് കാരണമായി അദ്ദേഹം പറയുന്നത് ഏറെ രസകരമാണ്.
ടി.പി സേതുമാധവന്റെ വാക്കുകൾ ഇങ്ങനെയാണ് -
'2020ൽ നഴ്‌സസിന്റെ മേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ വരാൻ പോകുന്നത്. 2030 ആകുമ്പോഴേക്കും 706 ദശലക്ഷം തൊഴിലവസരങ്ങളാണ് ലോകത്ത് നഴ്‌സുമാരുടെ കാര്യത്തിൽ വന്നുകൊണ്ടിരിക്കുന്നത്. നഴ്‌സുമാരുടെ റിക്വയർമെന്റ് വളരെ കൂടുതലാണ്. പ്രത്യേകിച്ച് മലയാളി നഴ്‌സുമാരുടെ കാര്യത്തിൽ. വിദേശത്ത് ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് അവരാണ്. കാരണം ഏറ്റവും കൂടുതൽ വൈദഗ്‌ദ്ധ്യം മലയാളി നഴ്‌സുമാർക്കാണ്.
ഇത് വിദേശരാജ്യങ്ങൾ തന്നെ സമ്മതിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ നഴ്‌സുമാരുടെ ലഭ്യത കൂടുതൽ ഉറപ്പു വരുത്തുന്നതിനായി അടുത്ത കാലത്തായി ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഇതുവരെയും ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി പഠിച്ചവർക്ക് മാത്രമേ ബി.എസ് സി നഴ്‌സിംഗിന് ചേരാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇനിമുതൽ പ്ളസ്‌ടു ഏതു സ്‌ട്രീമിൽ പഠിച്ചവർക്കും നഴ്‌സിംഗിന് ചേരാമെന്നാണ് തത്വത്തിൽ അംഗീകരിച്ചിരിക്കുന്നത്.
അത് നടപ്പിൽ വരുന്നതോടു കൂടി നഴ്‌സുമാർക്കുള്ള ഡിമാൻഡ് വലിയ തരത്തിൽ വർദ്ധിക്കും'.അതേസമയം, നഴ്‌സിംഗ് റിക്രൂട്ട്മെന്റ് ഏജൻസി സന്ദർശിച്ചപ്പോഴുള്ള അനുഭവവും ടി.പി സേതുമാധവൻ പങ്കുവച്ചു. 'അടുത്തിടെ ഞാൻ ഒരു നഴ്‌സിംഗ് റിക്രൂട്ട്മെന്റ് ഏജൻസിയിൽ പോയപ്പോൾ തായ് നഴ്‌സസിനെയാണ് തങ്ങൾ റിക്രൂട്ട് ചെയ്യുന്നതെന്ന് അവർ പറഞ്ഞു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ തായ് നഴ്‌സസ് ആശുപത്രികളിൽ നന്നായി ചിരിക്കുമെന്നായിരുന്നു മറുപടി. മലയാളി നഴ്‌സുമാർ നല്ല സ്കിൽ ഉള്ളവരാണെങ്കിലും ഓപ്പറേഷൻ തിയേറ്ററിലാണ് അത് പ്രയോജനപ്പെടുത്തുന്നതെന്നായിരുന്നു അവർ പറഞ്ഞത്'.
https://www.facebook.com/Malayalivartha