മീറ്റര്‍ റീഡര്‍മാരുടെ ഒഴിവുകള്‍ പിഎസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കെഎസ്ഇബിക്ക് ഹൈക്കോടതി നിര്‍ദ്ദേശം

മീറ്റര്‍ റീഡര്‍മാരുടെ 799 ഒഴിവുകള്‍ ജനുവരി 17നകം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കെ.എസ്.ഇ.ബി.ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതിനുള്ള റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് പി.എസ്.സി. നിയമനശുപാര്‍ശ നല്‍കണം. ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധിയുണ്ടായത്. പി.എസ്.സി. വഴി ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനനുസരിച്ച് കരാര്‍ ജോലിക്കാരെ ഒഴിവാക്കണമെന്നും വിധിയിലുണ്ട്. പി.എസ്.സി.യുടെ നിയമനത്തിനുശേഷവും മീറ്റര്‍ റീഡിങ്ങിന് ജീവനക്കാരെ ആവശ്യമുണ്ടെങ്കില്‍ റാങ്ക്പട്ടികയില്‍ നിന്ന് കരാറടിസ്ഥാനത്തില്‍ നിയമിക്കണം.
മീറ്റര്‍ റീഡറായി തസ്തികമാറ്റത്തിലൂടെ നിയമനം നടത്തുകയാണെങ്കില്‍ പി.എസ്.സി. വഴി നേരിട്ട് നിയമിക്കാനും കെ.എസ്.ഇ.ബി.ക്ക് ബാധ്യതയുണ്ട്. അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തിയിട്ടും റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാത്ത പി.എസ്.സി.യുടെയും ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാത്ത കെ.എസ്.ഇ.ബി.യുടെയും നടപടിക്കെതിരേ ഉദ്യോഗാര്‍ഥികള്‍ സമരം നടത്തിയിരുന്നു. ഇതിന് ഫലമുണ്ടാകാതെ വന്നപ്പോഴാണ് കോടതിയെ സമീപിച്ചത്.
സ്മാര്‍ട്ട് മീറ്റര്‍ പ്രീപെയ്ഡ് മീറ്റര്‍ എന്നിവ സ്ഥാപിച്ച് മീറ്റര്‍ റീഡര്‍ തസ്തിക നിര്‍ത്തലാക്കുകയാണെന്ന കെ.എസ്.ഇ.ബി.യുടെ വാദം കോടതി അംഗീകരിച്ചില്ല. മെക്കാനിക്കല്‍ മീറ്റര്‍ മാറ്റിസ്ഥാപിക്കുന്നത് അപൂര്‍ണമാണെന്നും സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കല്‍ ഒരിടത്തുമെത്തിയിട്ടില്ലെന്നും പരാതിക്കാര്‍ വാദിച്ചു
തസ്തികമാറ്റത്തിലൂടെമാത്രം മീറ്റര്‍ റീഡര്‍മാരെ നിയമിക്കാനുള്ള കെ.എസ്.ഇ.ബി.യുടെ താത്പര്യം അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. നേരിട്ടുള്ള നിയമനത്തിന് നടപടി തുടങ്ങിയശേഷം പിന്നോട്ടുപോകാനാകില്ല. മീറ്റര്‍റീഡര്‍മാരെ പിന്നീട് വേണ്ടെന്ന് തോന്നുന്നപക്ഷം കെ.എസ്.ഇ.ബി.ക്ക് യുക്തമായ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha