അതിവേഗ ഇന്റർനെറ്റ്, കടലിനടിയിലൂടെ; മാരിയുടെ പ്രവർത്തനം പുരോഗമിക്കുന്നു

ഈ കാലഘട്ടത്തെ ഇന്റർനെറ്റ് യുഗം എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ല. കാരണം ആബാലവൃദ്ധം ജനങ്ങളും ഇന്ന് ഇന്റെർനെറ്റിന് പിറകെയാണ്. ഇന്റർനെറ്റില്ലാതെ ഒരു ദിവസത്തെ കുറിച്ചുപോലും ചിന്തിക്കുക പ്രയാസമാണ്. ഇന്റർനെറ്റ് പ്രേമികൾക്കായി ഇതാ ഒരു സന്തോഷ വാർത്ത. കടലിനടിയിലൂടെ അതിവേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതി ഇനി വിദൂരത്തല്ല. മാരീ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
വിർജീനിയ ബീച്ചിൽനിന്ന് സ്പെയിനിലെ ബിൽബാവോ എന്ന സ്ഥലത്തേക്ക് ആണ് ഈ സംരംഭം തുടങ്ങുന്നത്. ഇതിനായുള്ള ജോലികൾ പുരോഗമിക്കുന്നുണ്ട്. മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ടെൽക്സ്യൂസ് എന്നിവയുടെ സംയുക്തമായ പ്രവർത്തനത്തിന്റെ ഫലമായാണ് ഇത് സാക്ഷാൽക്കരിക്കുന്നത്. അടുത്ത കൊല്ലത്തോടെ ഇതിന്റെ പ്രവർത്തനം ആരംഭിക്കും എന്നാണ് നിഗമനം.
അറ്റ്ലാന്റിക് സമുദ്രത്തിൽ നിലവിൽ ഉള്ള കേബിളിനേക്കാളും ഇരട്ടി ശേഷിയുള്ളതാണ് മാരീ. ഒരേസമയം 7.10 കോടി എച്ച്ഡി വീഡിയോകൾ സ്ട്രീം ചെയ്യാൻ ഇതിനു കഴിയും. ഒരു സെക്കൻഡിൽ 160 ടെറാബൈറ്റ് ഡാറ്റ കൈമാറ്റം ചെയ്യാനാകുമെന്നാണ് കണക്ക്. സാധാരണ ഗാർഡൻ ഹോസിന്റെ ഒന്നര ഇരട്ടി വണ്ണമുള്ളതാണ് കടലിനടിയിൽ സ്ഥാപിക്കുന്ന ഇന്റർനെറ്റ് കേബിൾ. ഇതിന്റെ പ്രവർത്തനങ്ങൾ അത്ര എളുപ്പമല്ല എന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. എട്ട് പെയർ ഫൈബർ ഓപ്റ്റിക് കേബിളുകളാണ് ഇതിലുണ്ടാവുക. ഓരോന്നിനും ചെന്പ്, കടുപ്പമുള്ള പ്ലാസ്റ്റിക് എന്നീ കവചങ്ങളും വാട്ടർപ്രൂഫ് കോട്ടിംഗും ഉണ്ടാകും'.
പത്തൊന്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് കടലിനടിയിൽ കേബിളുകൾ നിക്ഷേപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ലോകത്തെ ഏറ്റവും വലിയ സമുദ്രാന്തർ കേബിൾ ശൃംഖലയായി കണക്കാക്കുന്നത് 25,000 കിലോമീറ്റർ ദൈർഘ്യമുള്ള ഖത്തറിലെ ഉദീരു ടെലികോം കമ്പനിയുടേതാണ്. പ്രത്യേകതരം കപ്പലുകളുടെ സഹായത്തോടെയാണ് കടലിനടിയിൽ കേബിളുകൾ സ്ഥാപിക്കുന്നതും അറ്റകുറ്റ പണികൾ നടത്തുന്നതും. ഏതായാലും ഇത് നിലവിൽ വരുന്നതോടെ ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ ആശങ്ക വേണ്ട.
https://www.facebook.com/Malayalivartha


























