ഏറ്റവും മോശം അധ്യാപകനെ കണ്ടെത്താനുള്ള ശ്രമവുമായി ലഖ്‌നൗവിലുള്ള കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ സര്‍വകലാശാല

സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇതാദ്യമായി വിദ്യാര്‍ത്ഥികളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ 'ഏറ്റവും മോശം അധ്യാപകനെ' തെരഞ്ഞെടുക്കാനുള്ള തിരക്കിലാണ് ലഖ്‌നൗവിലുള്ള കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ സര്‍വകലാശാല. ശനിയാഴ്ച നടക്കുന്ന കെജിഎംയു സ്ഥാപക ദിനത്തോട് അനുബന്ധിച്ചാകും മോശം അധ്യാപകനെ സര്‍വകലാശാല പ്രഖ്യാപിക്കുക. എന്നാല്‍ സര്‍വകലാശാലയുടെ നീക്കത്തെ കെജിഎംയു അധ്യാപക സംഘടന നിശിതമായി വിമര്‍ശിക്കുകയും അപലപിക്കുകയും ചെയ്തു. സര്‍വകലാശാലയുടെ നീക്കത്തിന് എതിരെ തങ്ങള്‍ നിയമനടപടി സ്വീകരിക്കുമെന്ന് കെജിഎംയു അധ്യാപക സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കെജിഎംയു അധികൃതര്‍ക്ക് അധ്യാപക സംഘടന കത്ത് നല്‍കി.
ഇത്തരത്തിലുള്ള സര്‍വകലാശാലയുടെ നീക്കം, ഒരു അധ്യാപകന്റെ കരിയറിനെ നശിപ്പിക്കുമെന്ന് തുടര്‍ച്ചയായി മികച്ച അധ്യാപകനായി അധ്യാപകദിനത്തില്‍ സര്‍വകലാശാല തെരഞ്ഞെടുത്ത പ്രൊഫസര്‍ കൗസര്‍ ഉസ്മാന്‍ വ്യക്തമാക്കി. അതേസമയം, അധ്യാപക സംഘടനയുടെ നിലപാടിനെ കെജിഎംയു വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ രവി കാന്ത് തള്ളി. സര്‍വകലാശാലയുടെ നടപടി അനിവാര്യമാണെന്നും അധ്യാപകരുടെ നിലവാരം ഉയര്‍ത്തുന്നതില്‍ ഇത് നിര്‍ണായക പങ്ക് വഹിക്കുമെന്നും പ്രൊഫസര്‍ രവി കാന്ത് വ്യക്തമാക്കി.
https://www.facebook.com/Malayalivartha