"മരക്കാര്‍ ഒഫീഷ്യല്‍ ടീസര്‍ പുറത്ത്", ചിത്രം തീയറ്ററിൽ എത്താൻ ഒരാഴ്ച്ചമാത്രം ബാക്കി, സിനിമാ പ്രേമികള്‍ ആവേശത്തിൽ

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ സിനിമയുടെ ഒഫീഷ്യല്‍ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മരക്കാര്‍ ഡിസംബര്‍ 2ന് തീയറ്ററുകളിലെത്തും. കേരളത്തില്‍ അറുനൂറോളം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം മലയാളത്തിനുപുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.
നൂറുകോടി ബജറ്റില്‍ പുറത്തിറങ്ങുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. വിവിധ രാജ്യങ്ങളിലായി 3300ലധികം തീയറ്ററുകളിലാണ് മരക്കാര്‍ റിലീസ് ചെയ്യുന്നത്.
റോയ് സി ജെ, സന്തോഷ് ടി. കുരുവിള എന്നിവരാണ് സഹനിര്‍മ്മാണം. പ്രിയദര്‍ശനൊപ്പം അനി ഐ.വി ശശിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. റോണി റാഫേലാണ് സംഗീതം. അയ്യപ്പന്‍ നായര്‍ എംഎസ് ആണ് എഡിറ്റിംഗ്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സുനില്‍ ഷെട്ടി, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിരയാണുള്ളത്.
റിലീസ് പരമാവധി ആഘോഷമാക്കാനാണ് മോഹന്‍ലാല്‍ ആരാധക സംഘങ്ങളുടെ തീരുമാനം. റിലീസ് ദിനത്തിലെ ഫാന്‍സ് ഷോകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇടാന്‍ ഒരുങ്ങുകയാണ് ചിത്രം. റിലീസിന് 10 ദിവസം ശേഷിക്കെ നിലവില്‍ തീരുമാനിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ഫാന്‍സ് ഷോകളുടെ ചാര്‍ട്ട് പ്രസീദ്ധീകരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സ്. ഇതനുസരിച്ച് 600ല്‍ അധികം ഫാന്‍സ് ഷോകളാണ് റിലീസ് ദിനത്തില്‍ കേരളത്തില്‍ മാത്രം ചിത്രത്തിന്.
ഫാന്‍സ് ഷോകളുടെ എണ്ണത്തില്‍ ഒന്നാമത് തിരുവനന്തപുരം ജില്ലയാണ്. പിന്നാലെ കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കൊല്ലം ജില്ലകളും. കേരളത്തിനു പുറമെ ഇന്ത്യയിലെ പല പ്രധാന റിലീസ് കേന്ദ്രങ്ങളിലും ജിസിസി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് ഫാന്‍സ് ഷോകള്‍ ഉണ്ട്. റിലീസ് ദിനത്തിലെ മരക്കാറിന്‍റെ ആഗോള ഫാന്‍സ് ഷോകളുടെ എണ്ണം ആയിരത്തിലേറെ വരുമെന്നും ഫൈനല്‍ ലിസ്റ്റ് ഡിസംബര്‍ 1ന് പ്രസിദ്ധീകരിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha