നവതിയുടെ നിറവില്‍ മഹാനടന്‍.... മലയാള സിനിമയുടെ കാരണവര്‍ എന്ന വിളിപ്പേരിന് അര്‍ഹനായ പ്രിയനടന് ജന്മദിനാശംസകള്‍ നേര്‍ന്ന് സാംസ്‌കാരിക കേരളം

നവതിയുടെ നിറവില്‍ മഹാനടന്‍.... മലയാള സിനിമയുടെ കാരണവര്‍ എന്ന വിളിപ്പേരിന് അര്‍ഹനായ പ്രിയനടന് ജന്മദിനാശംസകള്‍ നേര്‍ന്ന് സാംസ്‌കാരിക കേരളം. നടന്‍, നിര്‍മാതാവ്, സംവിധായകന്‍ തുടങ്ങി മലയാള സിനിമയില്‍ ആറു പതിറ്റാണ്ട് പിന്നിട്ട പ്രതിഭയ്ക്ക് ഇന്ന് 90 തികയുന്നു.
കണ്ണമ്മൂലയിലെ വസതിയായ ശിവസദനത്തില്‍ വിശ്രമജീവിതം നയിക്കുന്ന മധുവിനെത്തേടി പിറന്നാള്‍ മംഗളത്തിന്റെ പ്രവാഹമാണ്. പതിവുപോലെ ആഘോഷരഹിതമായ പിറന്നാളാണ് ഇത്തവണയും. ട്രിവാന്‍ഡ്രം ഫിലിം ഫ്രട്ടേണിറ്റി ഇന്ന് വൈകുന്നേരം 6.15ന് നിശാഗന്ധിയില്‍ സംഘടിപ്പിക്കുന്ന 'മധുമൊഴി: ആഘോഷപൂര്‍വം ഇതിഹാസപര്‍വം' എന്ന പരിപാടിയില്‍ അദ്ദേഹം ഓണ്‍ലൈനായി പങ്കെടുക്കും.
മലയാള സിനിമയില്‍ സത്യനും നസീറും കിരീടം വെച്ച രാജാക്കന്മാരായി നിറഞ്ഞു നിന്ന സമയത്താണ് മധുവിന്റെ അരങ്ങേറ്റം. നിണമണിഞ്ഞ കാല്‍പ്പാടുകള്‍ ആണ് ആദ്യം പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനം കാഴ്ച വച്ച് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. പിന്നീട് മധുവിനെ തേടി സിനിമകളുടെ പ്രവാഹമായിരുന്നു.
കുട്ടിക്കുപ്പായം, ഭാര്‍ഗവീനിലയം, മുറപ്പെണ്ണ്, കാട്ടുപൂക്കള്‍, ഈറ്റ , തീക്കനല്‍, അഭിനയസാധ്യതയുടെ ഒരു വലിയ ലോകം മധുവിന്റെ മുന്നില്‍ തുറന്നു.നായകകഥാപാത്രങ്ങള്‍ ഏറെയുണ്ടെങ്കിലും മലയാളി പ്രേക്ഷകന്‍ മധുവിനെ എല്ലാ അര്‍ത്ഥത്തിലും സ്വീകരിച്ചത് ചെമ്മീനിലെ പരീക്കുട്ടിയിലൂടെയാണ്. ഓളവും തീരത്തിലെ ബാപ്പുട്ടി, ഉമ്മാച്ചുവിലെ മായന്‍, ഇതാ ഇവിടെ വരെയിലെ പൈലി, കള്ളിച്ചെല്ലമ്മയിലെ അത്രാംകണ്ണ്, തീക്കനലിലെ കള്ളക്കടത്തുകാരന്‍..മധു ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്.
അധ്യാപനത്തോളം ഭംഗി അഭിനയത്തിനുമുണ്ടെന്ന് മനസ്സിലാക്കിയാണ് ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പോയി നാടകം പഠിച്ച് മധു മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ആദ്യ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളി കൂടിയായിരുന്നു മധു. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടങ്ങള്‍ക്കാണ് മധുവിന്റെ വരവ് തിരികൊളുത്തിയത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളറിലേക്കുള്ള മലയാള സിനിമയുടെ പരിണാമം മധുവിന്റെ കരിയറിലും കാണാം. ആറു പതിറ്റാണ്ട് കൊണ്ട് മുന്നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടു. നരനിലെ വലിയ നമ്പ്യാരും കാര്യസ്ഥനിലെ മുത്തച്ഛന്‍ വേഷവും പുതുതലമുറയുടെ ഇഷ്ടവേഷങ്ങളാണ്.
https://www.facebook.com/Malayalivartha