15 സെന്റിമീറ്റര്‍ മുല്ലപ്പൂവിന് ഒന്നേകാൽ ലക്ഷം രൂപ പിഴ നൽകി നടി നവ്യ നായർ

ഓസ്ട്രേലിയയിലെ മെൽബൺ രാജ്യാന്തര വിമാനത്താവളത്തിൽ മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ ചുമത്തി. 15 സെന്റിമീറ്റര്‍ മുല്ലപ്പൂവാണ് നടിയുടെ പക്കല്‍ ഉണ്ടായിരുന്നത്. 1,980 ഡോളര്‍ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. മുല്ലപ്പൂവ് കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്നും നവ്യ വ്യക്തമാക്കി.
നവ്യയുടെ വാക്കുകൾ - ‘ഇങ്ങോട്ട് വരുന്നതിന് മുമ്പ് അച്ഛനാണ് എനിക്ക് മുല്ലപ്പൂവ് വാങ്ങിത്തന്നത്. രണ്ട് കഷ്ണങ്ങളാക്കി മുറിച്ചാണ് എനിക്ക് തന്നത്. കൊച്ചി മുതല്‍ സിങ്കപ്പൂര്‍ വരെ ഒരു കഷ്ണം മുടിയില്‍ ചൂടാൻ അച്ഛന്‍ പറഞ്ഞു. സിങ്കപ്പൂരെത്തുമ്പോഴേക്കും അത് വാടിപ്പോകും. സിങ്കപ്പൂരില്‍ നിന്ന് രണ്ടാമത്തെ കഷ്ണം ചൂടാമെന്നും അത് ഹാന്‍ഡ്ബാഗില്‍ വെക്കാനും അച്ഛൻ പറഞ്ഞു. ഒരു ക്യാരിബാഗിലാക്കി ഞാന്‍ മുല്ലപ്പൂവ് എന്റെ ഹാന്‍ഡ് ബാഗില്‍ വച്ചു.
എന്നാല്‍ ഞാന്‍ ചെയ്തത് നിയമവിരുദ്ധമായ കാര്യമായിരുന്നു. അറിയാതെ ചെയ്ത തെറ്റ്. അറിവില്ലായ്മ ഒഴികഴിവല്ല എന്ന് എനിക്കറിയാം. 15 സെന്റിമീറ്റര്‍ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതര്‍ എന്നോട് 1,980 ഡോളര്‍ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. തെറ്റ് തെറ്റ് തന്നെയാണ് എന്ന് എനിക്കറിയാം. പക്ഷേ അത് മനഃപൂര്‍വമായിരുന്നില്ല. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അവര്‍ എന്നോട് പറഞ്ഞത്.’
തിരുവോണദിവസമായിരുന്നു താരത്തന്റെ ഓസ്‌ട്രേയിലന്‍ യാത്ര. താന്‍ മെല്‍ബണിലേക്ക് പോകുകയാണെന്ന് പറഞ്ഞുകൊണ്ട് വിമാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞദിവസം നവ്യാ നായര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഓസ്‌ട്രേലിയയുടെ ജൈവസുരക്ഷാ നിയമമാണ് മുല്ലപ്പൂ ഉള്‍പ്പെടെയുള്ളവ രാജ്യത്തേക്ക് കൊണ്ടുവരുന്നത് തടയുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെടികളും പൂക്കളുമെല്ലാം ഓസ്‌ട്രേലിയയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മജീവികളേയോ രോഗങ്ങളേയോ കൂടി കൊണ്ടുവരാമെന്നതിനാലാണ് ഇത്. ഇത്തരം സൂക്ഷ്മജീവികള്‍ ഓസ്‌ട്രേലിയയിലെ കൃഷി, വനം തുടങ്ങിയവയെ നശിപ്പിക്കാന്‍ കാരണമാകുകയും തദ്ദേശീയമായ സസ്യ-ജന്തുജാലങ്ങള്‍ക്ക് ഭീഷണിയാകുകയും ചെയ്യുമെന്നതിനാലാണ് ഈ നിയമം കര്‍ശനമായി നടപ്പാക്കുന്നത്.
https://www.facebook.com/Malayalivartha