കാന്താര 2 ന് കേരളത്തിൽ വിലക്ക് ; പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്ക്; കാരണം തീയറ്റർ ഷെയറിനെ ചൊല്ലി തർക്കം

കന്നഡ ചിത്രം കാന്താരയുടെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്ക്. ചിത്രം സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തീയറ്റർ ഷെയറിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കാരണം. കലക്ഷന്റെ 55% വേണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടുവെന്നാണ് വിവരം. പറ്റില്ലെന്ന് തിയേറ്റർ ഉടമ സംഘടന ഫിയോക്ക് വ്യക്തമാക്കി.
പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് കാന്താരാ 2 കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. നിലവിൽ 50% ആണ് ഇതര ഭാഷാ സിനിമകൾക്ക് തിയേറ്റർ ഷെയർ ആയി നൽകുന്നത്. ഇത് രണ്ടാഴ്ചത്തേക്ക് നൽകണം എന്നാണ് വിതരണക്കാരുടെ ഇപ്പോഴത്തെ ആവശ്യം.
എന്നാൽ ഇത് അനുവദിക്കാനാകില്ലെന്നും നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ സിനിമ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിൽ ആണ് ഫിയോക്ക്. ഒക്ടോബർ 2-ന് ലോകമെമ്പാടുമായി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് ഫിയോക്കിൻ്റെ ഈ തീരുമാനം.
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച 'കാന്താര' ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. 'കെജിഎഫ്', 'കാന്താര', 'സലാർ' തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ച ഹോംബാലെ ഫിലിംസാണ് 'കാന്താര ചാപ്റ്റർ 1' നിർമ്മിക്കുന്നത്. ആദ്യ ഭാഗത്തിൽ പ്രേക്ഷകർ കണ്ട കഥയ്ക്ക് മുൻപ് നടന്ന സംഭവങ്ങളാകും പുതിയ സിനിമയിൽ ഉണ്ടാവുക. അതിനാൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റിൽ ബിഗ് സ്ക്രീനുകളിൽ എത്തിയ കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു.
https://www.facebook.com/Malayalivartha

























