ഡോക്ടര്‍ വിധിച്ചത് ആറുമാസം വിശ്രമം! കേള്‍വി നഷ്ടമായതിന്റെ വേദനയിലും അസീസ് ശ്രമിക്കുന്നത്...

മിമിക്രി അവതരിപ്പിക്കാന്‍ വൈകിയെത്തിയതിന്റെ പേരില്‍ സംഘാടകര്‍ മര്‍ദിച്ച് കലാകാരന്റെ കര്‍ണപുടം പൊട്ടിച്ചത് ആസൂത്രിതമായ പദ്ധതിയായിരുന്നുവെന്ന് ആരോപണം. ചെവിക്കല്ല് തകര്‍ന്ന് എഴുപത് ശതമാനത്തോളം കേള്‍വി ശക്തി നഷ്ടപ്പെട്ട അസീസ് നെടുമങ്ങാട് തന്നെയാണ് ആരോപണം ഉന്നയിക്കുന്നത്. അടിയ്ക്കുശേഷം നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് വെള്ളറട പൊലീസ് കേസെടുത്തു. 'സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായതായി അറിവില്ലായിരുന്നു. ഇപ്പോള്‍ പ്രതികളെ കസ്റ്റഡിയിലെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്.' സംഭവത്തെക്കുറിച്ച് അസീസ് പറയുന്നതിങ്ങനെ;
'ഞാനിപ്പോള്‍ അമ്പലമുക്ക് ഇഎന്‍ടി ഹോസ്പ്പിറ്റലിലാണ് ചികിത്സയിലാണ്. ആറുമാസത്തോളം വിശ്രമമാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ഇക്കാലം ജോലിയില്ലാതെ ഇരിക്കുക എന്നുപറഞ്ഞാല്‍ വലിയ ബുദ്ധിമുട്ടാണ്. അവര്‍ക്ക് പണം തരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അത് പറഞ്ഞാല്‍ മതിയായിരുന്നു. ഇങ്ങനെ ദേഹോപദ്രവം ചെയ്യേണ്ട കാര്യം ഉണ്ടായിരുന്നില്ല. തെരുവുനായ്ക്കളെ സംരക്ഷിക്കണം എന്ന് പറയുന്ന ആളുകള്‍ തന്നെയാണ് അവയേക്കാള്‍ മോശമായി മനുഷ്യനെ ഇങ്ങനെ ഉപദ്രവിക്കുന്നത്.' അസീസിന്റെ വാക്കുകളില്‍ വേദന.
ശനിയാഴ്ച രാത്രി 11നാണ് സംഭവം നടന്നത്. വെള്ളറടയ്ക്കു സമീപം ചാമവിളയിലെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ചു ടീം ഓഫ് ട്രിവാന്‍ഡ്രം എന്ന ട്രൂപ്പിനൊപ്പമാണ് അസീസ് പരിപാടി അവതരിപ്പിക്കാന്‍ എത്തിയത്. 'ദുബായിലെ പ്രാഗ്രാം കഴിഞ്ഞു എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ പരിപാടിയില്‍ പങ്കെടുക്കാന്‍ വെള്ളറടയില്‍ എത്തിയതായിരുന്നു ഞാന്‍. ഒമ്പതരയ്ക്ക് തുടങ്ങേണ്ട പരിപാടി പത്തരയ്ക്കാണ് തുടങ്ങിയത്. പരിപാടിക്ക് വേണ്ടി ഞാന്‍ ഡ്രസ്സ് ചെയ്യാന്‍ പോയതാണ്. അപ്പോഴാണ് കമ്മറ്റിക്കാരായ കുറച്ചു ചെറുപ്പക്കാര്‍ അസഭ്യം പറഞ്ഞു മുറിയിലേക്ക് കയറിവന്നത്.
'ഞാന്‍ നാല്പത്തിയയ്യായിരം മുടക്കിയത് നിന്നെയൊക്ക വെയിറ്റ് ചെയ്യാനാണോടാ' എന്ന് ചോദിച്ചുകൊണ്ട് എന്നെ മര്‍ദിക്കുകയായിരുന്നു. അമ്പലം കമ്മറ്റി പ്രസിഡന്റ് ബിബിന്‍ ആണ് മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയത്. അയാളെ എവിടെവച്ച് കണ്ടാലും ഞാന്‍ തിരിച്ചറിയും. കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളാണ് അയാള്‍ പ്രയോഗിച്ചത്. പിന്നെ കൈ കൊണ്ട് ഇടത്തെ ചെവിയടച്ച് തല്ലി. അടിയുടെ ശക്തിയില്‍ കര്‍ണ്ണപുടം തകര്‍ന്നു പോയി. ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത് ഇടതു ചെവിയുടെ കേള്‍വി ശക്തി 70 ശതമാനത്തോളം നഷ്ടപ്പെട്ടു എന്നാണ്.
അവര്‍ എന്നെ ലക്ഷ്യം വച്ചുതന്നെയാണ് വന്നത്. ആ സമയം സ്റ്റേജില്‍ പരിപാടി നടക്കുന്നുണ്ടായിരുന്നു. പക്ഷെ ഇതില്‍ മുന്‍വൈരാഗ്യം, രാഷ്ട്രീയ വൈരാഗ്യം അങ്ങനെയൊന്നുമില്ല. കാരണം തൊട്ടുമുന്‍പത്തെ ദിവസം ഗാനമേളക്കാരോട് അവര്‍ പെരുമാറിയതും മോശമായിട്ടായിരുന്നു. അവര്‍ക്ക് പറഞ്ഞതില്‍ നിന്ന് 10000 രൂപ കുറച്ചാണ് പ്രതിഫലം നല്‍കിയത്. പന്ത്രണ്ടരയ്ക്ക് പരിപാടി തീര്‍ന്നെങ്കിലും പണം നല്‍കി പറഞ്ഞയച്ചത് പുലര്‍ച്ചെ നാലരയ്ക്കായിരുന്നു. ഇതവരുടെ സ്ഥിരം പരിപാടിയാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ചെറുപ്പക്കാരുടെ ഒരു ഗ്യാങ് ആണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. പ്രോഗ്രാമിന് വരുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കി പണം കുറച്ചുകൊടുക്കാനുള്ള അടവാണ് ഇതെല്ലാം. ബുക്ക് ചെയ്യുന്നത് ഒരു ലക്ഷം രൂപയ്ക്കാണെങ്കില്‍ കാണികളൊന്നും ഇല്ല എന്ന കാരണം പറഞ്ഞ് 50000 രൂപ കുറച്ചാണ് നല്‍കാറ്. ഇതവര്‍ക്ക് ലാഭമാണ്. എന്നാല്‍ ഞങ്ങളെപ്പോലെ ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന കലാകാരന്മാരാണ് ഇതില്‍ ബലിയാടാവുന്നത്. പണം കുറച്ചു നല്‍കിയാലും ഇനി നല്‍കിയില്ലെങ്കിലും സഹിക്കാന്‍ തയ്യാറാണ്, പക്ഷെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതാണ് സഹിക്കാന്‍ പറ്റില്ല. കാരണം മിമിക്രിക്ക് പോയില്ലെങ്കില്‍ പട്ടിണിയാകുന്നത് ഞങ്ങള്‍ മാത്രമല്ല, ഞങ്ങളുടെ കുടുംബങ്ങള്‍ കൂടിയാണ്. ചിരി വേദിയില്‍ നില്‍ക്കുമ്പോഴും ഉള്ളില്‍ ദാരിദ്ര്യത്തിന്റെ കണ്ണീരുപ്പാണ് ഞങ്ങളുടെ ജീവിതത്തിന്...' അസീസ് പറയുന്നു.
https://www.facebook.com/Malayalivartha

























