മമ്മൂട്ടിക്കൊപ്പം സ്‌ക്രീനിലെത്താന്‍ സന്തോഷ് പണ്ഡിറ്റ്

തന്റേതായ സിനിമകളിലൂടെ സിനിമയ്ക്കകത്തും പുറത്തും വാര്‍ത്ത സൃഷ്ടിച്ച സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം സ്‌ക്രീനിലെത്തുന്നു. താന്‍ സംവിധാനം ചെയ്യാത്ത ഒരു ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത് ഇതാദ്യമാണ്. രാജാധിരാജയുടെ സംവിധായകന്‍ അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് കഥാപാത്രമായെത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ കോളെജ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടി. ഒരു മുഴുനീള വേഷത്തിലാവും സന്തോഷ് പണ്ഡിറ്റും ചിത്രത്തില്‍ എത്തുക.
2011ല്‍ പുറത്തെത്തിയ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ശ്രദ്ധ നേടുന്നത്. അമച്വര്‍ രീതിയില്‍ ഒരുക്കിയ ചിത്രമെന്ന തരത്തില്‍ വിമര്‍ശിക്കപ്പെട്ടെങ്കിലും മുഖ്യധാരാ മലയാളസിനിമയുടെ നിര്‍മ്മാണ, വിതരണ ശൃംഖലകളൊന്നുമില്ലാതെയാണ് പണ്ഡിറ്റ് തന്റെ ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തിച്ചത്. അതില്‍ കൃഷ്ണനും രാധയും കാണാന്‍ തീയേറ്ററുകളിലേക്ക് ആദ്യ ആഴ്ചകളില്‍ ജനം ഇരച്ചെത്തുകയും ചെയ്തു. പിന്നീട് 'സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്', 'മിനിമോളുടെ അച്ഛന്‍', 'കാളിദാസന്‍ കവിതയെഴുതുകയാണ്' തുടങ്ങി പേരില്‍ത്തന്നെ കൗതുകം വഹിച്ചെത്തിയ അഞ്ചോളം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.
പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ രചിക്കുന്ന സിനിമയാണ് അജയ് വാസുദേവിന്റേത്. കുഴപ്പക്കാരായ വിദ്യാര്‍ഥികളുള്ള കോളെജിലേക്ക് അതിലും കുഴപ്പക്കാരനായ ഒരധ്യാപകനെത്തുന്നതിന്റെ രസങ്ങളാണ് സിനിമ പറയുന്നത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ഷാജി, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഖദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, പൂനം ബജ്വ, മഹിമ നമ്പ്യാര്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കും. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രം ഓണം റിലീസായാണ് തീയേറ്ററുകളിലെത്തുക.
https://www.facebook.com/Malayalivartha

























