സത്യം പറഞ്ഞാല്‍ ത്രില്ലടിച്ചിരിക്കുകയാണ്; സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റിന്റെ ചിത്രങ്ങളില്‍ മറ്റുതാരങ്ങള്‍ക്കാകും അധികം സ്ഥാനമുണ്ടാകാറില്ല. സംവിധാനം മുതല്‍ പാട്ടും അഭിനയവും എല്ലാം പണ്ഡിറ്റ് ഒറ്റയ്ക്ക് തന്നെ. മറ്റൊരു സംവിധായകന്റെ കീഴില്‍ ഇതുവരെ അഭിനയിച്ചിട്ടുമില്ല. ഇപ്പോഴിതാ വലിയൊരു ഭാഗ്യം സന്തോഷ് പണ്ഡിറ്റിനെ തേടിയെത്തിയിരിക്കുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒരു ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ എത്തുക. രാജാധിരാജ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മെഗാസ്റ്റാറിനൊപ്പം പണ്ഡിറ്റ് എത്തുക. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡചിത്രത്തിന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.
'മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാന്‍. സത്യം പറഞ്ഞാല്‍ ത്രില്ലടിച്ചിരിക്കുകയാണ്. ഇതുപോലൊരു സാഹചര്യം ഞാന്‍ സ്വപ്നം കണ്ടിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത സന്തോഷ് പണ്ഡിറ്റിനെ നിങ്ങള്‍ക്ക് ഈ സിനിമയിലൂടെ കാണാനാകും. ഇനിയും ഇതുപോലെ അവസരങ്ങള്‍ കിട്ടുമെന്നാണ് വിശ്വാസം.'സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
സിനിമയില്‍ കൊളേജ് പ്യൂണിന്റെ വേഷത്തിലാണ് പണ്ഡിറ്റ് എത്തുന്നത്. പണ്ഡിറ്റിന്റെ ഇന്‍ട്രൊ സീന്‍ ആകും ആദ്യമായി ചിത്രീകരിക്കുക. മമ്മൂക്കയെ ഇതുവരെ നേരില്‍ പരിചയപ്പെട്ടിട്ടില്ലെന്നും സിനിമയോട് അദ്ദേഹം കാണിക്കുന്ന ആത്മാര്‍ത്ഥത വളരെ വലുതാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
ഇതിന് മുമ്പും അവസരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും നല്ല തിരക്കഥ അല്ലാത്തതിനാലാണ് അഭിനയിക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുമാസത്തെ ഡേറ്റ് ആണ് ഈ ചിത്രത്തിനായി പണ്ഡിറ്റ് നല്‍കിയിരിക്കുന്നത്.
സ്വന്തമായി സംവിധാനം ചെയ്യുന്ന രണ്ട് സിനിമകള്‍ക്ക് ഇടവേള നല്‍കിയാണ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയത്. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ഉരുക്കുസതീശന്‍ എന്ന സിനിമയുടെ ഷൂട്ടിങ് രണ്ടുമാസത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സന്തോഷ് പണ്ഡിറ്റ് അറിയിച്ചു.
കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തില്‍ കൊളേജ് പ്രൊഫസറായി മമ്മൂട്ടി എത്തുന്നു. കുഴപ്പക്കാരായ കൊളേജ് വിദ്യാര്‍ഥികള്‍ പഠിക്കുന്ന കൊളേജ് കാംപസിലേക്ക് അതിലേറെ കുഴപ്പക്കരാനായ പ്രൊഫസര്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മമ്മൂട്ടി ആരാധകര്‍ക്കും കുടുംബങ്ങള്‍ക്കും രസിക്കുന്ന ചേരുവകള്‍ സിനിമയുടെ പ്രത്യേകതയാകും. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം.
ബിഗ് ബജറ്റ് ചിത്രം റോയല്‍ സിനിമാസിന്റെ ബാനറില്‍ മുന്‍ പ്രവാസിയായ സി.എച്ച്.മുഹമ്മദ് കോടികള്‍ ചെലവിട്ട് നിര്‍മിക്കുന്നു. റോയല്‍ സിനിമാസിന്റെ ആദ്യ ചിത്രമാണിത്. ഓണം റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha

























