പിറന്നാള്‍ ദിനത്തില്‍ നാടിനു കൈത്താങ്ങാവുകയാണ് നടന് മോഹന്‍ലാല്‍
ലോകം തന്നെ കോവിഡ് രണ്ടാം തരംഗത്തില്‍ ഉഴലുന്ന വേളയില്‍ തന്റെ ജന്മദിനം ആഘോഷമാക്കാതെ നാടിനു കൈത്താങ്ങാവുകയാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പേരില്‍ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അത്യന്താപേക്ഷിതമായ വൈദ്യസഹായോപകരണങ്ങള്‍ മോഹന്‍ലാല്‍ ആശുപത്രികള്‍ക്ക് സംഭാവന ചെയ്തു.
ഓക്സിജന്‍ സപ്പോര്‍ട്ട് ഉള്ള ഇരുനൂറില്പരം കിടക്കകള്‍, പത്ത് ഐ.സി.യു. കിടക്കകള്‍, മൊബൈല്‍ എക്സ്റേ മെഷീനുകള്‍ തുടങ്ങിയവ ഫൌണ്ടേഷന് സംഭാവന ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ട്രയേജ് വാര്‍ഡ് ഉള്‍പ്പെടെയുള്ള രണ്ടു വാര്‍ഡുകളില്‍ ഓക്സിജന്‍ പൈപ്പ്ലൈന് ഏര്‍പ്പെടുത്താനുള്ള സംവിധാനമൊരുക്കും. സര്‍ക്കാര്‍, സഹകരണ, സ്വകാര്യ മേഖലകളിലെ ആശുപത്രികളെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ എംപാനല്‍ ചെയ്ത ആശുപത്രികളാണിവ.
ഒന്നരക്കോടിയുടെ പദ്ധതി നടപ്പാക്കുന്നത് ഇ.വൈ, ജി.ഡി.എസ്., യു.എസ്.ടി. തുടങ്ങിയവയുമായി സഹകരിച്ചാണ്. തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിലെ ആശുപത്രികള്‍ക്ക് ഇതിന്റെ ഫലം ലഭിക്കും.
https://www.facebook.com/Malayalivartha