നീന്തലിൽ റെക്കോർഡുകൾ തകർത്ത് വേദാന്ത്; ദേശീയ ജൂനിയര്‍ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പിൽ റെക്കോഡ് നേട്ടം സ്വന്തമാക്കി കുതിച്ച് നടൻ മാധവന്റെ മകൻ, അഭിനന്ദനങ്ങൾ അറിയിച്ച് താരം

മികച്ച കഥാപാത്രങ്ങൾ നൽകിക്കൊണ്ട് ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും ഒരുപോലെ ശ്രദ്ധേയനായ നടനാണ് ആര്‍. മാധവൻ. ഹിന്ദിയിൽ മിനി സ്ക്രീനിലൂടെ അഭിനയം തുടങ്ങിയ മാധവൻ തമിഴിൽ അലൈപായുതെ എന്ന മണിരത്നം സിനിമയിലൂടെ ശ്രദ്ധേയനായി മാറുകയായിരുന്നു. ഇതിനുപിന്നാലെ ട് നിരവധി മികച്ച കഥാപാത്രങ്ങളെ താരം ആരാധകർക്ക് സമ്മാനിക്കുകയാണ് ചെയ്തത്.
എന്നാൽ അച്ഛന്റെ വഴിയിൽ നിന്നും മാറി സ്പോർട്സിനോടാണ് മകൻ വേദാന്തിന് താല്പര്യം. ഇതിനോടകം തന്നെ ദേശീയ തലത്തിൽ ഉൾപ്പടെ നിരവധി മത്സരങ്ങൾക്കാണ് വേദാന്ത് മത്സരിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോഴിതാ നീന്തലിൽ റെക്കോർഡുകൾ തകർത്തിരിക്കുകയാണ് വേദാന്ത്. പിന്നാലെ അഭിനന്ദിച്ച് അച്ഛനും രംഗത്ത് എത്തി.
48-ാമത് ദേശീയ ജൂനിയര്‍ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് വേദാന്ത് റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ബിജു പട്നായിക് സ്വിമ്മിങ് പൂളിലായിരുന്നു മത്സരം നടന്നത്. 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ 16:01:73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത വേദാന്ത് 2017-ല്‍ അദ്വൈദ് പേജ് സ്ഥാപിച്ച 16:06:43 സെക്കന്‍ഡിന്റെ റെക്കോഡാണ് വേദാന്ത് തകർത്തിരിക്കുന്നത്. കര്‍ണാടകയുടെ അമോഗ് ആനന്ദ് വെങ്കടേഷ് രണ്ടാമതെത്തിയപ്പോള്‍, ബംഗാളിന്റെ ശുഭോജീത് ഗുപ്ത വെങ്കലം സ്വന്തമാക്കുകയുണ്ടായി. മകൻ നേടിയ റെക്കോർഡിനെ അഭിനന്ദിച്ചുകൊണ്ട് മാധവനും ട്വീറ്റ് ചെയ്യുകയുണ്ടായി.
അതേസമയം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന ഏഷ്യൻ എയ്ജ് ഗൂപ്പ് ചാമ്പ്യൻഷിപ്പിലെ റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിലും വേദാന്ത് പങ്കാളിയായിരുന്നു. കഴിഞ്ഞ വർഷത്തെ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും നേടി വേദാന്ത് താരമായി മാറുകയാണ് ചെയ്തത്. നേരത്തെ തന്നെ തായ്‌ലന്‍ഡില്‍ നടന്ന രാജ്യാന്തര നീന്തല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയതും വേദാന്തായിരുന്നു.
https://www.facebook.com/Malayalivartha























