ഈ കേസ് അതിന്റെ അവസാനലാപ്പിൽ എത്തിയിരിക്കുന്നു... പ്രധാനപ്പെട്ട സാക്ഷികളെയെല്ലാം വിസ്തരിച്ച് കഴിഞ്ഞു! സുനിക്ക് ജാമ്യം ലഭിച്ചാൽ കേസിന്റെ ഗൗരവത്തെ കുറച്ച് കാണുന്ന സാഹചര്യം ഉണ്ടാകും... നടി കേസിലെ എട്ടാം പ്രതിയായ ദിലീപ് കോടതിയിൽ കിടന്നാണ് വിചാരണ നേരിടുന്നതെങ്കിൽ ഈ കേസിന്റെ തലവര തന്നെ മാറുമായിരുന്നു; തുറന്ന് പറഞ്ഞ് അഭിഭാഷകനായ പ്രിയദർശൻ തമ്പി

നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ ആറ് വർഷമായി ജയിലില്‍ കഴിയുന്നതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു സുനിയുടെ ആവശ്യം. എന്നാല്‍ നടിയ്ക്ക് നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന് നേരത്തെ തന്നെ നിരീക്ഷിച്ച ഹൈക്കോടി സുനിയുടെ ആവശ്യം തള്ളി. കേസ് നീണ്ടുപോവുകയാണെങ്കില്‍ ഹൈക്കോടതിയില്‍ ജാമ്യം തേടാമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പള്‍സർ സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയത്. എന്നാൽ കേസിൽ ഈ ഘട്ടത്തിൽ സുനിക്ക് ജാമ്യം ലഭിച്ചിരുന്നുവെങ്കിൽ അത് കേസിന്റെ ഗൗരവത്തെ തന്നെ ബാധിക്കുമായിരുന്നുവെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പറയുകയാണ് അഭിഭാഷകനായ പ്രിയദർശൻ തമ്പി. കോടതികൾ എപ്പോഴും സന്തുലിതാവസ്ഥ പാലിക്കും. ജസ്റ്റിസ് ബിആർ കൃഷ്ണയ്യർ അദ്ദേഹം പറയുകയുണ്ടായി ജാമ്യം എന്നത് പ്രതിയുടെ അവകാശമാണ്, ജയിൽ എന്നത് വിചാരണ തടവുകാരനെ സംബന്ധിച്ച് അപവാദമാണ് എന്ന്. എന്നാൽ അന്നത്തെ സാമഹചര്യമൊക്കെ മാറി. കാരണം ആസൂത്രിതമായിട്ടുള്ള കേസുകളും നടി ആക്രമിക്കപ്പെട്ട കേസ് പോലെ ക്വട്ടേഷൻ കേസുകളുമൊക്കെ കൂടുകയാണ്. അക്രമപ്രവർത്തനങ്ങളുടെ മാനങ്ങൾ മാറിയിരിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസ് തന്നെ സമാനതകൾ ഇല്ലാത്ത കേസാണ്.
ഈ കേസിൽ നിയമം കൃത്യമായി ഇടപെട്ടുവെന്ന് തന്നെ വേണം ഈ അവസരത്തിൽ പറയാൻ. കാരണം എട്ടാം പ്രതിക്ക് ജാമ്യം കൊടുത്തത് രണ്ട് തവണ അപേക്ഷ തള്ളിയതിന് ശേഷമാണ്. 89 ദിവസം ജയിലിൽ കിടന്ന ശേഷം മറ്റ് ക്രിമിനൽ പശ്ചാത്തലമില്ല, കേസിൽ നേരിട്ട് പങ്കിട്ടിട്ടില്ല എന്നൊക്കെ പരിഗണിച്ച് കൊണ്ടായിരിക്കണം ജാമ്യം അനുവദിച്ചത്. പൾസർ സുനിയെ സംബന്ധിച്ചടുത്തോളം അയാൾ ഈ കേസിലെ ഏറ്റവും പ്രധാന ആരോപണം നേരിടുന്നയാളാണ്. ഈ കേസിന് മുൻപ് അയാൾക്ക് സമാനമായ ക്രിമിനൽ പശ്ചാത്തലമുണ്ട്. വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ജാമ്യ ഹർജികൾ സമർപ്പിക്കുകയും ആ ഹർജികൾ എല്ലാം കോടതികൾ തള്ളുകയായിരുന്നു.
ഈ കേസ് അതിന്റെ അവസാന ലാപ്പിൽ എത്തിയിരിക്കുകയാണ്. പ്രധാനപ്പെട്ട സാക്ഷികളെയെല്ലാം വിസ്തരിച്ച് കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സുനിക്ക് ജാമ്യം ലഭിച്ചാൽ കേസിന്റെ ഗൗരവത്തെ കുറച്ച് കാണുന്ന സാഹചര്യം ഉണ്ടാകും.അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. പല കേസുകളിലും കോടതികളുടെ തീരുമാനമാണ് പ്രതികൾക്ക് ജാമ്യം നൽകുന്നത്. നടി കേസിലെ എട്ടാം പ്രതിയായ ദിലീപ് കോടതിയിൽ കിടന്നാണ് വിചാരണ നേരിടുന്നതെങ്കിൽ ഈ കേസിന്റെ തലവര തന്നെ മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സാക്ഷികളെ സ്വാധീനിക്കാൻ ഇപ്പോൾ കഴിയുന്നത് പോലെ അയാൾക്ക് കഴിയുമായിരുന്നില്ല. അതൊരു വസ്തുതയാണ്. കേസ് ഇപ്പോൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. പൾസർ സുനി മാപ്പ് സാക്ഷിയാകുകയെന്നതൊക്കെ ഇനി സാധ്യമാകുന്ന കാര്യമല്ല.
പ്രതികൾക്ക് എതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടോയെന്നതാണ് മനസിലാക്കാനുള്ളത്. ശിക്ഷയെ കുറിച്ച് പറയേണ്ട ഘട്ടമാണിത്. എല്ലാ വിധികളും വഴികാട്ടികളാണ്. കേസുകളുടെ സാഹചര്യം അനുസരിച്ചാണ് അത് കോടതികൾ പ്രഖ്യാപിക്കുന്നത്. ഈ കേസിലെ ഗൂഢാലോചന എന്നത് വെള്ളിവെളിച്ചത്തിൽ നടക്കില്ല. അത് നടത്തുന്നവർ നിഗൂഢമായേ അത് നടത്തൂ. അതുകൊണ്ട് തന്നെ നേരിട്ടുള്ള തെളിവുകൾ കേസിൽ ഉണ്ടാകില്ലെന്നതാണ് വസ്തുത. സാഹചര്യ തെളിവുകൾ മറ്റ് കണ്ണികളായിട്ടുള്ള തെളിവുകൾ എന്നിവ ഗൂഢാലോചനയിലേക്ക് പ്രതിയെ കണക്ട് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോയെന്നതാണ് പ്രധാന കാര്യമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























