നടന്‍ ജയന്‍ ചേര്‍ത്തലയ്ക്കെതിരെ നിയമനടപടിയുമായി നിര്‍മാതാക്കള്‍

നടനും 'അമ്മ' സംഘടനയുടെ അഡ്‌ഹോക് ഭാരവാഹിയുമായ നടന്‍ ജയന്‍ ചേര്‍ത്തലയ്ക്കെതിരെ നിയമനടപടിയുമായി നിര്‍മാതാക്കളുടെ സംഘടന. മാധ്യമങ്ങളിലൂടെ അവഹേളിച്ചു എന്നു കാട്ടി എറണാകുളം സിജിഎം കോടതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പരാതി നല്‍കി. 'അമ്മ' സംഘടനയുടെ അഡ്‌ഹോക് ഭാരവാഹിയാണ് നടന്‍ ജയന്‍ ചേര്‍ത്തല.നേരത്തേ ജയന്‍ ചേര്‍ത്തല പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.
ഇക്കാര്യം ജയന്‍ ചേര്‍ത്തല നിരാകരിച്ചതോടെയാണ് അസോസിയേഷന്‍ കോടതിയെ സമീപിച്ചത്. താരങ്ങളുടെ പ്രതിഫലത്തെ ചൊല്ലി അസോസിയേഷനും അമ്മയും തമ്മിലുള്ള തര്‍ക്കം മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് അസോസിയഷന്‍ ഭാരവാഹി ജി.സുരേഷ് കുമാറിനും സംഘടനയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ജയന്‍ രംഗത്തെത്തിയത്.
ജയന്‍ ചേര്‍ത്തല ഏഴു ദിവസത്തിനുള്ളില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം. എന്നാല്‍ താന്‍ മാപ്പു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സംഘടനയുടെ പ്രതിനിധിയായാണ് സംസാരിച്ചതെന്നും ജയന്‍ പ്രതികരിച്ചു. അമ്മയില്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചത്. തന്റെ അറിവില്‍ അതെല്ലാം സത്യസന്ധമായ കാര്യങ്ങളാണെന്നും കേസിന്റെ കാര്യങ്ങള്‍ തന്റെ സംഘടന നോക്കിക്കൊള്ളും എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് അസോസിയേഷന്‍ പരാതിയുമായി കോടതിയെ സമീപിച്ചത്.
''അമ്മ നാഥനില്ല കളരിയാണ് എന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്. അത് പറയാന്‍ അദ്ദേഹത്തിന് എങ്ങനെയാണ് സാധിക്കുന്നത്? മുന്‍പ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടത്തിലാണ്, പൈസയില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ഒരു കോടി രൂപ കടം കൊടുത്തത് 'അമ്മ'യാണ്. അതിന് തെളിവുകളുണ്ട്.
ആ ഒരു കോടിയില്‍ 60 ലക്ഷം രൂപയാണ് അവര്‍ തിരികെ തന്നിട്ടുള്ളത്. ബാക്കി 40 ലക്ഷം ഇപ്പോഴും കടത്തിലാണ്. കഴിഞ്ഞവര്‍ഷം അവര്‍ കടത്തിലാണ് എന്ന് പറഞ്ഞപ്പോള്‍ താരങ്ങളെ വച്ച് ഷോ ചെയ്യണമെന്ന് അവര്‍ 'അമ്മ'യോട് ആവശ്യപ്പെട്ടിരുന്നു. ലാലേട്ടനും മമ്മൂക്കയും ഉള്‍പ്പെടെ ഉള്ള താരങ്ങള്‍ തന്നെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വേണ്ടി നിലനിന്നതും ഷോ ചെയ്യാന്‍ തയാറായതും. പൈസ ഒന്നും മേടിക്കാതെയാണ് ഷോയ്ക്ക് എല്ലാവരും തയാറായത്.
അന്ന് അവര്‍ക്ക് രണ്ടര കോടിയോളം രൂപ കടമുണ്ടായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലനിര്‍ത്തേണ്ടത് സിനിമയുടെ ആവശ്യമാണെന്ന നിലപാടിനോട് താരങ്ങള്‍ യോജിച്ച് അത് ചെയ്യാന്‍ തയാറായതാണ് അമ്മ സംഘടനയും പ്രവര്‍ത്തകരും. 'അമ്മ'യുടെ എല്ലാ അംഗങ്ങളും സൗജന്യമായാണ് ഖത്തറില്‍ ചെന്ന് ഷോയ്ക്ക് തയാറായത്.
അമേരിക്കയില്‍നിന്നു ലാലേട്ടന്‍ സ്വന്തം പൈസ മുടക്കിയാണ് ടിക്കറ്റ് എടുത്ത് ഖത്തറിലേക്ക് എത്തിയത്. പക്ഷേ ആ ഷോ അന്ന് നടന്നില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അത് സംഘടിപ്പിക്കാന്‍ സാധിച്ചില്ല. അവിടുന്ന് പിരിഞ്ഞശേഷം കടം തീര്‍ത്തു തരണം എന്നു പറഞ്ഞ് അവര്‍ അമ്മയുടെ അടുത്ത് വീണ്ടും എത്തി. അങ്ങനെയാണ് കഴിഞ്ഞ ഓഗസ്റ്റ് 19, 20 തീയതികളില്‍ എറണാകുളത്ത് ഷോ നടത്തിയത്.
അഞ്ചു പൈസ മേടിക്കാതെ 'അമ്മ'യുടെ താരങ്ങള്‍, മോഹന്‍ലാല്‍, മമ്മൂക്ക ഉള്‍പ്പെടെ എല്ലാവരും വന്ന് അവിടെ സഹകരിച്ച് ഷോ ചെയ്തു. ആ ഷോയ്ക്ക് കിട്ടിയ നാല് കോടി രൂപയില്‍ ഏതാണ്ട് 70 ശതമാനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കടം തീര്‍ക്കാന്‍ വേണ്ടി ആണ് നല്‍കിയത്. രണ്ട് കോടി നാല്‍പത് ലക്ഷം രൂപ അവര്‍ക്കു കൊടുത്തു'' എന്നായിരുന്നു ജയന്‍ ചേര്‍ത്തലയുടെ വാക്കുകള്‍.
ഇത് നിഷേധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തുകയും ജയന്‍ ചേര്‍ത്തലയ്ക്ക് വക്കീല്‍ നോട്ടിസ് അയയ്ക്കുകയും ചെയ്തു. കടക്കെണിയിലായ നിര്‍മാതാക്കളുടെ സംഘടന 'അമ്മ'യില്‍ നിന്ന് പണം വാങ്ങി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു അസോസിയേഷന്റെ വാദം.
'അമ്മ'യും നിര്‍മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിലാണ്. അതിലെ വരുമാനം പങ്കിടാന്‍ കരാര്‍ ഉണ്ടായിരുന്നെന്നും ഇത് 'അമ്മ'യുടെ സഹായം അല്ലായിരുന്നുവെന്നുമാണ് നിര്‍മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടിസില്‍ പറഞ്ഞത്. ഇത്തരം ഒരു ഷോയ്ക്ക് മോഹന്‍ലാല്‍ സ്വന്തം കാശ് മുടക്കി ടിക്കറ്റ് എടുത്ത് ഗള്‍ഫിലേക്ക് വന്നുവെന്ന ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവന തെറ്റാണെന്നും സംഘടന പറയുന്നു.
https://www.facebook.com/Malayalivartha