പ്രേം പഥാരെ' ശില്‍പശാലയുമായി കൊച്ചി ബിനാലെ ആര്‍ട്ട് റൂം...

കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി എബിസി ആര്‍ട്ട് റൂമില്‍ 'പ്രേം പഥാരെ' (സ്നേഹത്തിന്‍റെ പാതയില്‍) എന്ന പേരില്‍ ആത്മീയ കവികളുടെ കവിതകളും സംഗീതവും പരിചയപ്പെടുത്തുന്ന രണ്ട് ദിവസത്തെ ശില്പശാല നടന്നു. ബംഗാളിലെ ഭക്തി-ദാര്‍ശനിക സംഗീതരൂപമായ ബാവുള്‍ ഗീതങ്ങളെയും കബീര്‍ ഗീതങ്ങളെയും കുറിച്ചുള്ള പഠനമായിരുന്നു ഉള്ളടക്കം. ആര്‍ട്ടിസ്റ്റ് ശാന്തി പ്രിയയാണ് ശില്പശാലയ്ക്ക് നേതൃത്വം നല്‍കിയത്. മനുഷ്യശരീരത്തിനുള്ളില്‍ ദൈവത്തെ കണ്ടെത്താന്‍ ശ്രമിക്കുന്ന ദാര്‍ശനിക സംഗീതമാണ് ബാവുള്‍ ഗീതങ്ങള്‍. സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇത്തരം ആത്മീയ കാവ്യങ്ങളെയും സംഗീതത്തെയും അടുത്തറിയാന്‍ ശില്‍പശാലയില്‍ അവസരമുണ്ടായി.
വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ക്ക് പാട്ടിലൂടെയും കവിതയിലൂടെയും ഒത്തുചേരാന്‍ ബിനാലെ വേദിയൊരുക്കിയെന്ന് ശാന്തി പ്രിയ പറഞ്ഞു. സംഗീതവും ചര്‍ച്ചകളും സംവാദങ്ങളും ഉള്‍പ്പെട്ടതായിരുന്നു ഓരോ സെഷനും. കുട്ടികളുടെ കലാസൃഷ്ടികള്‍ നിറഞ്ഞ വേദി സന്ദര്‍ശകര്‍ക്ക് തനതായ രീതിയില്‍ ഒത്തുചേരാന്‍ പ്രചോദനമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പരിപാടിയുടെ ഭാഗമായി ആസ്പിന്‍വാള്‍ ഹൗസില്‍ ബാവുള്‍ സംഗീത പരിപാടിയും ശാന്തി പ്രിയ അവതരിപ്പിച്ചു. കഥകളിലൂടെയും കവിതകളിലൂടെയും വിവിധ ആത്മീയ പാരമ്പര്യങ്ങള്‍ അവര്‍ സന്ദര്‍ശകര്‍ക്കായി അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളും കലാസ്വാദകരുമുള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























