സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു ജൂറിയോ പത്ത് പേരോ കണ്ടു മാര്‍ക്കിടാനോ അല്ലെന്ന് പൃഥ്വിരാജ്

പൃഥ്വിരാജ് ചിത്രം ആടുജീവിതം ദേശീയപുരസ്‌കാരം നേടാതിരുന്നതിനെച്ചൊല്ലി സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. അതിനിടെ ശ്രദ്ധ നേടുകയാണ് ആടുജീവിതവുമായി ബന്ധപ്പെട്ട് താരം നടത്തിയിരിക്കുന്ന പ്രതികരണം. ആടുജീവിതം എന്ന സിനിമ വളരെ സ്‌പെഷ്യല്‍ ആണെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
ഏതെങ്കിലും പത്തുപേര്‍ വട്ടംകൂടിയിരുന്ന് മാര്‍ക്ക് ഇടാനല്ല സിനിമ എടുക്കുന്നതെന്നാണ് പൃഥ്വിരാജ് നടത്തിയ പ്രതികരണം. ഷാര്‍ജയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തിയത്. സിനിമ എടുക്കുന്നത് പ്രേക്ഷകര്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
'സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു ജൂറിയോ പത്ത് പേരോ കണ്ടു മാര്‍ക്കിടാനോ, ഏതെങ്കിലും രാജ്യാന്തര ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കാനോ വേണ്ടിയല്ല. തീര്‍ച്ചയായും അതൊക്കെ നല്ലതുതന്നെയാണ്. അതിന് അതിന്റേതായ ഗുണങ്ങളുമുണ്ടാകും. ഇല്ലെന്ന് ഞാന്‍ പറയുന്നില്ല.
പക്ഷേ ആത്യന്തികമായി സിനിമ എടുക്കുന്നതു പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. പ്രേക്ഷകര്‍ തിയറ്ററില്‍ പോയി കണ്ട് ആസ്വദിക്കുന്നതിന് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അപ്പോള്‍ ആ സിനിമ കാണുന്നതിലൂടെ പ്രേക്ഷകര്‍ ആ സിനിമയ്ക്ക് ഏറ്റവും വലിയ അവാര്‍ഡ് തന്നുകഴിഞ്ഞു. അതിന് പ്രേക്ഷകര്‍ക്ക് നന്ദി. ആടുജീവിതം വളരെ സ്‌പെഷ്യലായ സിനിമയാണ്.' അദ്ദേഹം പറഞ്ഞു. അതേസമയം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹമായില്ലെങ്കിലും സംസ്ഥാന അവാര്‍ഡുകളില്‍ ഒമ്പതെണ്ണമാണ് ആടുജീവിതത്തിന് ലഭിച്ചത്.
https://www.facebook.com/Malayalivartha