കർമ്മം ചെയ്യുമ്പോൾ ഫലം നോക്കരുത്; അവരോടൊപ്പം സമയം ചെലവഴിക്കുന്നതിൽ സന്തോഷമുണ്ട്; എനിക്കത് ബാറ്ററി ചാർജ് ചെയ്യുന്ന പോലെയാണ്; വിശേഷങ്ങൾ പങ്കുവച്ച് ശ്വേതാമേനോൻ

അനശ്വരം എന്ന ചിത്രത്തിലൂടെ മലയാളസിനിമാലോകത്തേയ്ക്ക് എത്തിയ താരമാണ് ശ്വേതാമേനോൻ. തെന്നിന്ത്യയിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടി എന്നാണ് താരം അറിയപ്പെടുന്നത്. മോഡലിംഗിലൂടെ ശ്രദ്ധേയ ആകുകയും നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടുകയും ചെയ്ത ശ്വേത ഗ്ലാമറസ് രംഗങ്ങളിലും അല്ലാതെയും മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട്. മുംബൈയിലെ തിരക്കുള്ള ജീവിതത്തിൽനിന്നും മാറി ഇപ്പോൾ ശ്വേത കുറേനാളായി കൊച്ചിയിലാണ്.
ഒറ്റക്കുട്ടിയായ സബയ്നയ്ക്ക് ഒരു കൂട്ടുവേണ്ടേയെന്ന ചോദ്യത്തിന് അടുത്ത കളിമണ്ണ് വരട്ടെ എന്നാണ് ശ്വേതയുടെ മറുപടി. അച്ഛനും അമ്മയും എന്റെ സാമീപ്യം ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ഞാനെന്റെ മോളുടെ സാമീപ്യം ആഗ്രഹിക്കുന്നതുപോലെ. അതെന്റെ കർമ്മമായി തോന്നി. കർമ്മം ചെയ്യുമ്പോൾ ഫലം നോക്കരുത് എന്നല്ലേ പറയാറ്. അവരോടൊപ്പം സമയം ചെലവഴിക്കുന്നതിൽ സന്തോഷമുണ്ട്. എനിക്കത് ബാറ്ററി ചാർജ് ചെയ്യുന്ന പോലെയാണ്.
എന്നെ ഞാനാക്കിയത് അവരല്ലേ. നേട്ടങ്ങൾക്കിടയിൽ പറന്നു നടന്നപ്പോഴും എന്നെ മണ്ണിൽ തൊട്ട് നിറുത്താൻ അച്ഛൻ പരിശ്രമിച്ചു. വിവാദങ്ങളിലും വീഴ്ചകളിലും എനിക്കൊപ്പം നിന്നു. ജീവിതത്തിൽ ഞാൻ ഒറ്റയ്ക്കായി പോകുമോ എന്നായിരുന്നു അവരുടെ ആശങ്ക. ശ്രീ വന്നതോടെ അത്തരം വേവലാതികൾ അവസാനിച്ചു. അമ്മയ്ക്കും അച്ഛനും ശ്രീക്കും മോൾക്കുമൊപ്പം എറണാകുളത്ത് കലൂരിലെ വീട്ടിൽ അമ്മായിയമ്മയുമുണ്ട്. അമ്മായിയമ്മ മരുമകൾ പോര് എന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് ചിരി വരും. പണവും പേരും പ്രശസ്തിയും മാത്രമല്ല പ്രധാനം.
ഏത് കാര്യത്തിലും സ്വന്തം നിലപാടുള്ളവർക്ക് എന്തും എവിടെയും നേടാം. എന്തുണ്ടായിട്ടും രാത്രി മനഃസമാധാനമായി കിടന്നുറങ്ങാൻ പറ്റിയില്ലെങ്കിലോ! അങ്ങനെ ഉറങ്ങാൻ കഴിയുമ്പോഴേ യെസ് ഐ ആം എ സക്സസ്ഫുൾ ഹ്യൂമൻ ബീയിംഗ് എന്നെനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയൂ. ഞാനിതൊക്കെ പറയുമ്പോൾ ജീവിതത്തെ ഫിലോസഫിക്കലായി കണ്ട് തുടങ്ങിയോയെന്ന് ചോദിക്കാം. ഫിലോസഫിക്കലായല്ല ജീവിതത്തെ മറ്റൊരു കാഴ്ചപ്പാടിലൂടെ കാണാൻ എന്നെ പഠിപ്പിച്ചത് എന്റെ ഗുരുജിയാണ്. ഗുൾസാഹിബ് എന്ന ഗുരുജി. പതിനേഴ് വർഷം മുമ്പാണ് മുംബയിൽ വച്ച് ഞാൻ ഗുരുജിയെ പരിചയപ്പെട്ടത്.
ഏറ്റവുമാദ്യം ഏറ്റവും നന്നായി സ്നേഹിച്ച് തുടങ്ങേണ്ടത് അവനവനെത്തന്നെയാണെന്നാണ് ഗുരുജി എനിക്ക് നൽകിയ ആദ്യ പാഠം. ഞാൻ എന്നെ സ്നേഹിച്ചാൽ എനിക്ക് ആരെയും സ്നേഹിക്കാം. മറ്റുള്ളവർ എന്നെയും സ്നേഹിക്കും. ഞാനാണ് ബെസ്റ്റ് എന്നോ ഞാനാണ് ബ്യൂട്ടിഫുൾ എന്നോ ആദ്യം തോന്നേണ്ടത് എനിക്ക് തന്നെയാണ്. എന്നാലേ മറ്റുള്ളവർക്കും എന്നെക്കുറിച്ച് അങ്ങനെ തോന്നൂ.
എനിക്ക് ഒരുപാട് ദൈവാധീനമുണ്ടെന്ന് തോന്നിയിട്ടുണ്ട്. ദൈവത്തിന്റെ ദൂതന്മാരെ എവിടെയൊക്കെയോ വച്ച് അപ്രതീക്ഷിതമായി ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. വരാൻ പോകുന്ന പല കാര്യങ്ങളും പറഞ്ഞുതന്ന് അവരെന്നെ വിസ്മയിപ്പിച്ചിട്ടുമുണ്ട്. ഞാൻ സ്വപ്നം കണ്ടതിലുമേറെ ദൈവം എനിക്ക് നൽകി. നല്ലൊരു ഭർത്താവ്, വീട്, അമ്മായിഅമ്മ, മകൾ എല്ലാം ഞാനെന്ത് പ്രതീക്ഷിച്ചോ അതുക്കും മേലെ. ശ്രീയുടെ അമ്മയെ ഞാൻ സതിയമ്മയെന്നാണ് വിളിക്കാറ്. സതിയമ്മ എനിക്ക് അമ്മായിയമ്മയല്ല. അമ്മ തന്നെയാണ്. ഞാൻ എല്ലാവർക്കും അർഹമായ സ്പേയ്സ് കൊടുക്കാറുണ്ട്. ആരെയും ഇറിറ്റേറ്റ് ചെയ്യാൻ പോകാറില്ല. അങ്ങോട്ട് ചൊറിയാൻ പോയാലേ ഇങ്ങോട്ടും ചൊറിയാൻ വരൂ. സബെയ്ന കുഞ്ഞ് വാവയായിരുന്നപ്പോൾ ഞാനവളെയും കൊണ്ട് ഷോപ്പിംഗിന് പോകുമായിരുന്നു. ബേബി കാരിയറിൽ അവളെ കിടത്തിയിട്ടായിരുന്നു ഞാനവൾക്ക് വേണ്ടിയുള്ള ഡ്രസ് സെലക്ട് ചെയ്തിരുന്നത്.
ചില നിറങ്ങൾ കാണുമ്പോൾ അവളുടെ മുഖത്തുണ്ടാവുന്ന എക്സൈറ്റ്മെന്റ് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പിന്നീട് അവൾക്ക് അത്തരം നിറങ്ങളിലുള്ള വസ്ത്രങ്ങൾ വാങ്ങാൻ ശ്രദ്ധിച്ചു. കുഞ്ഞുന്നാളിൽ തന്നെ അവൾ ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിച്ചിരുന്നു. അച്ഛൻ എനിക്ക് തന്നതുപോലെ സ്നേഹവും പരിഗണനയും അവൾക്കും കൊടുക്കാൻ ശ്രമിക്കുന്നു. സബെയ്ന ജീവിതത്തിലേക്ക് വന്നതിൽ പിന്നെ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് നിയന്ത്രിക്കാൻ പഠിച്ചു. ദേഷ്യവും സങ്കടവുമൊന്നും അവളുടെ മുന്നിൽ വച്ച് അധികം പ്രകടിപ്പിക്കാറില്ല. തന്റെ മാതാപിതാക്കളാണ് ലോകത്ത് ഏറ്റവും ശക്തരായ മനുഷ്യരെന്ന് കുട്ടികൾക്ക് തോന്നണം. അവരുടെ എന്തു പ്രശ്നവും തുറന്ന് പറയാൻ കഴിയുമെന്നും അത് പരിഹരിക്കാൻ കഴിയുമെന്നും വിശ്വാസം വരണം.
സ്നേഹവും കരുതലും മാത്രമേ എനിക്ക് എന്റെ മോൾക്ക് കൊടുക്കാൻ കഴിയൂ. കാശ് നാളെ അവൾ തന്നെ ഉണ്ടാക്കട്ടെ സ്കൂളിൽ പഠിക്കുമ്പോൾ അച്ഛൻ തന്നെ നിർബന്ധിച്ച് സ്പോർട്സിൽ പങ്കെടുപ്പിച്ചതോർമ്മിച്ച് ശ്വേത പറഞ്ഞു : പെൺകുട്ടികളെ സെൽഫ് പ്രൊട്ടക്ഷനും സ്പോർട്സും നിർബന്ധമായും പരിശീലിപ്പിക്കണം. ഞാനിപ്പോഴും യോഗാ ക്ലാസിനൊക്കെ പോകാറുണ്ട്. ഞാൻ ജീവിതമാസ്വദിക്കുന്നയാളാണ്. ഏറ്റവും ആഡംബരമായി ജീവിക്കണമെന്നല്ല ഏറ്റവും സന്തോഷത്തോടെ ജീവിക്കണമെന്നതാണ് എന്റെ തിയറി.
https://www.facebook.com/Malayalivartha


























