കൈവെട്ടിനേക്കാളും ക്രൂരത; ക്രിസ്‌തുദേവന്‍ സഹിക്കില്ല : സലോമി ജോസഫ് ആത്മഹത്യ ചെയ്‌തതെന്തിന്?

ക്രിസ്‌തുവിന്റെ ചിത്രത്തിന് ജീവന്‍ വച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും തമ്പുരാന്‍ തൊടുപുഴ ന്യൂമാന്‍ കോളേജ് മാനേജ്‌മെന്റിനെ ശിക്ഷിച്ചേനെ... സംസ്ഥാനത്ത് മനസാക്ഷിയുള്ളവരൊക്കെ ആവര്‍ത്തിക്കുന്ന വാചകമാണ് ഇത്.
തിരക്കഥയുടെ നീതിശാസ്‌ത്രം എന്ന പാഠപുസ്‌തക റഫറന്‍സിന് സര്‍ക്കാര്‍ അംഗീകരിച്ച പുസ്‌തകത്തില്‍ നിന്നും ഒരു വരി മലയാളം പരീക്ഷയ്‌ക്ക് ചോദ്യാവലിയില്‍ എടുത്തു ചേര്‍ത്തതിനാണ് പ്രൊഫ. റ്റി.കെ. ജോസഫിന്റെ കൈപ്പത്തി മതതീവ്രവാദികള്‍ വെട്ടിമാറ്റിയത്. സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് തന്റെ പ്രസിദ്ധ ചിത്രമായ ഗര്‍ഷോമിന്റെ തിരക്കഥാനുഭവം പറയുന്ന ഭാഗത്ത് നിന്നാണ് പ്രൊഫ. ജോസഫ് ഒരു വരി എടുത്തു ചേര്‍ത്തത്. പി.ടി കുഞ്ഞുമുഹമ്മദിന്റെ ഗ്രാമത്തില്‍ ഒരു ഭ്രാന്തനുണ്ടായിരുന്നു. അദ്ദേഹം പ്രവാചകനോട് നിത്യവും സംഭാഷണത്തില്‍ ഏര്‍പ്പെടുമായിരുന്നു. ഇദ്ദേഹത്തെ എന്നും കുഞ്ഞുമുഹമ്മദ് കണ്ടിരുന്നു. ആ മനുഷ്യനില്‍ നിന്നാണ് കുഞ്ഞുമുഹമ്മദ് ഗര്‍ഷോമിലെ നായകനെ കണ്ടെത്തിയത്. കാള പെറ്റെന്ന് കേട്ടപ്പോള്‍ തന്നെ കയറെടുത്തവരാണ് പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. താന്‍ ചോദ്യപേപ്പറില്‍ നല്‍കിയ ചോദ്യത്തില്‍ ഈശ്വരനിന്ദയായി യാതൊന്നുമില്ലെന്ന് പ്രൊഫ.ജോസഫ് ആവര്‍ത്തിച്ചെങ്കിലും അതെല്ലാം ബധിരകര്‍ണങ്ങളിലാണ് പതിച്ചത്.
എന്നാല്‍ തീവ്രവാദികള്‍ ചെയ്‌തതിനേക്കാള്‍ ക്രൂരമായിരുന്നു പ്രൊഫ. റ്റി.ജെ ജോസഫിനോട് അദ്ദേഹത്തിന്റെ കോളേജധികൃതര്‍ കാണിച്ചത്. ജോസഫിന്റേതല്ലാത്ത കുറ്റത്തിന്റെ പേരില്‍ കൈപ്പത്തി വെട്ടിമാറ്റപ്പെട്ടപ്പോള്‍ , ആ കൈപ്പത്തിയിലെ മുറിവ് ഉണങ്ങുന്നതിനു മുമ്പ് അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. കോടതിയില്‍ വരെ പോയെങ്കിലും ഫലമുണ്ടായില്ല. കോളേജ് അധികൃതര്‍ നിയമത്തിനു മുകളിലായതിനാല്‍ അവര്‍ കോടതി ഉത്തരവുകള്‍ അംഗീകരിച്ചില്ല. ജോസഫിനെ ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന അപേക്ഷ കോളേജുകാര്‍ കേട്ടില്ലെന്ന് നടിച്ചു. താന്‍ നിരപരാധിയാണെന്ന് ജോസഫ് ആവര്‍ത്തിച്ചിട്ടും ഫലമുണ്ടായില്ല.
ജോസഫ് ഒരു ഇടതു ചിന്താഗതിക്കാരനും സഹയാത്രകനുമാണ്. മൂവാറ്റുപുഴ നിര്‍മ്മല കോളേജിലും അദ്ദേഹം ജോലി ചെയ്‌തിരുന്നു. കോളേജില്‍ നടക്കുന്ന കൊള്ളരുതായ്‌മകളെ അദ്ദേഹം എന്നും ചോദ്യം ചെയ്‌തിരുന്നു. സ്വതന്ത്ര ചിന്താഗതിയോടെ പ്രവര്‍ത്തിച്ചിരുന്ന പ്രൊഫസര്‍ മതത്തിന്റെ വേലിക്കെട്ടിനുള്ളില്‍ ഒതുങ്ങി നിന്നില്ല. കുട്ടികളെയും അദ്ദേഹം സ്വതന്ത്ര ചിന്താഗതിയോടെ ജീവിക്കാനാണ് പ്രേരിപ്പിച്ചത്. വിദ്യാര്‍ത്ഥികളെയും ഇത്തരത്തില്‍ പഠിപ്പിച്ചു.
ജോസഫ് ന്യൂമാന്‍ മാനേജജ്‌മെന്റിന്റെ കണ്ണിലെ കരടായി തീര്‍ന്നിട്ട് വര്‍ഷങ്ങളായി. കോളേജിനുള്ളില്‍ തന്നെ തയ്യാറാക്കുന്ന ചോദ്യാവലി വിവാദമായതോടെ ജോസഫിനെ പറഞ്ഞു വിടാന്‍ ഒരു പദ്ധതി കോളേജുകാര്‍ രൂപീകരിച്ചു. ജോസഫിന്റെ പേരില്‍ കുറ്റമെല്ലാം ചാരി അധികൃതര്‍ കൈകഴുകി. ന്യൂമാന്‍ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം മുസ്ലീം ഭൂരിപക്ഷ മേഖലയാണെന്നും നടപടിയെടുത്തില്ലെങ്കില്‍ അത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിവക്കുമെന്നും അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഇതെല്ലാം കള്ളമായിരുന്നു.
മാര്‍ച്ച് 31 ന് ജോസഫ് സര്‍വീസില്‍ നിന്നും വിരമിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ കാര്യത്തില്‍ മാര്‍ച്ച് 31 നകം തീരുമാനമാകില്ലെന്ന് മനസിലാക്കിയതോടെയാണ് ഭാര്യ സലോമി ജീവനൊടുക്കിയത്. സര്‍വീസില്‍ തിരിച്ചെടുത്തില്ലെങ്കില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ല. രണ്ടു മക്കളെ പഠിപ്പിക്കാനാവില്ല. ജീവിതം വഴി മുട്ടുകയും ചെയ്യും.
ഇനി പറയൂ - ക്രിസ്‌തുവിന്റെ ചിത്രത്തിന് ജീവന്‍ വച്ചാല്‍ തമ്പുരാന്‍ ന്യൂമാന്‍ അധികൃതരെ വെറുതെ വിടുമോ ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha