കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...
മറിയപ്പള്ളിയിൽ നാലു വീടുകളിൽ മോഷണ ശ്രമം. മോഷണ ശ്രമത്തിനിടെ ശബ്ദം കേട്ട് വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടു. മറിയപ്പള്ളി ആഷാലയത്തിൽ രവീന്ദ്രൻ, സമീപത്തെ വീട്ടിൽ താമസിക്കുന്ന രവീന്ദ്രൻ, ഇദ്ദേഹത്തിന്റെ വീടിനു പിന്നിലെ വീട്, ചെട്ടിക്കുന്ന് ഭാഗത്ത് താമസിക്കുന്ന അധ്യാപികയുടെ വീട് എന്നിവിടങ്ങളിലാണ് മോഷണ ശ്രമം ഉണ്ടായത്. ബുധനാഴ്ച അർദ്ധരാത്രിയ്ക്കു ശേഷമാണ് മറിയപ്പള്ളി ഭാഗത്തെ വീടുകളിൽ മോഷണ ശ്രമ പരമ്പരയുണ്ടായത്.
വീടുകളുടെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കയറിയത്. മറിയപ്പള്ളി ആഷാലയത്തിൽ രവീന്ദ്രന്റെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് മങ്കിക്യാപ്പ് ധരിച്ചിരുന്നു. വീടിനുള്ളിലുണ്ടായിരുന്ന കുട്ടി മോഷ്ടാവിനെ കണ്ട് ബഹളം വച്ചു. ഇതോടെ ഇയാൾ വീട്ടിൽ നിന്നും ഇറങ്ങി ഓടി. തുടർന്ന്, തൊട്ടടുത്ത വീടുകളിലും മോഷ്ടാവ് എത്തി.
ഈ വീടുകളുടെ വാതിൽ കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും ബഹളം കേട്ട് വീട്ടുടമ ഉണർന്നതോടെ മോഷ്ടാവ് രക്ഷപെട്ടു. തുടർന്ന്, സമീപത്തെ വീട്ടിൽ കയറി, ഇവിടെയും മോഷണ ശ്രമത്തിനിടെ വീട്ടുടമ ഉണർന്ന് ലൈറ്റിട്ടു. ഇതോടെ ഇയാൾ കമ്പിപ്പാര വീടിന്റെ വാതിലിൽ ഉപേക്ഷിച്ച ശേഷം രക്ഷപെട്ടു.
സംഭവത്തിൽ ചിങ്ങവനം പൊലീ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് മോഷണശ്രമം നടന്ന സംഭവത്തിൽ ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും സൈന്റിഫിക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തും.
https://www.facebook.com/Malayalivartha