സുനന്ദയുടെ മുറിയില്‍ വിഷാദമരുന്നിന്റെ കവര്‍ എത്തിച്ചതാര്?

സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്‌തതല്ലെന്ന നിഗമനത്തിലേക്ക് പോലീസ് നീങ്ങുന്നു. മരണത്തിനുശേഷം സുനന്ദയുടെ മുറിയില്‍ കണ്ട അല്‍പ്രാക്‌സിന്‍ ഗുളിക അന്വേഷണം വഴി തിരിച്ചു വിടുന്നതിനു വേണ്ടി ആരോ മുറിയിലെത്തിച്ചതാണെന്ന സംശയവും ബലപ്പെടുന്നു. അല്‍പ്രാക്‌സിന്‍ ഗുളിക സുനന്ദ കഴിക്കുന്നുണ്ടായിരുന്നില്ലെന്ന് സുനന്ദയെ അവസാനം ചികിത്സിച്ച കിംസ് ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. വിഷാദത്തിന് ചികിത്സ തേടുന്ന മനോരോഗികളാണ് അല്‍പ്രാക്‌സിന്‍ കഴിക്കാറുള്ളത്. സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അല്‍പ്രാക്‌സിന്‍ കഴിച്ചിരുന്നതായി തെളിവില്ല. വിഷം ഉള്ളില്‍ ചെന്നിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
സുനന്ദ വിഷാദ രോഗത്തിന് മരുന്ന് കഴിച്ചിട്ടില്ലെങ്കില്‍ ആരാണ് അവരുടെ മുറിയില്‍ ഗുളികയുടെ ഒഴിഞ്ഞ കവര്‍ കൊണ്ടിട്ടതെന്ന സംശയം ബലപ്പെടുന്നു. കേന്ദ്രമന്ത്രി ശശിതരൂരിന്റെ വാക്കുകളനുസരിച്ച് അവസാനം മുറിയിലെത്തിയത് അദ്ദേഹമാണ്.
പോസ്റ്റോമോര്‍ട്ടം റിപ്പോര്‍ട്ടും വിസറ പരിശോധനാഫലവും തമ്മിലുള്ള വൈരുദ്ധ്യം നിയമപോരാട്ടങ്ങള്‍ക്ക് കാരണമാകും. കല്യാണം കഴിഞ്ഞ് ഏഴുകൊല്ലത്തിനിടയില്‍ ഭാര്യ മരിച്ചാല്‍ മറുപടി പറയേണ്ട ബാധ്യത ഭര്‍ത്താവിനുണ്ട് . താന്‍ തെറ്റുകാരനല്ലെന്ന് തെളിയിക്കാനുള്ള ബാധ്യതയും ഭര്‍ത്താവിനാണ്.
ഇതുസംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ആവശ്യം. സാമൂഹ്യ പ്രവര്‍ത്തകനും ഇടതുമുന്നണി നേതാവുമായ പി.കെ. രാജുവും ശശിതരൂരിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസിനെ സമീപിച്ചു കഴിഞ്ഞു. കേന്ദ്രത്തില്‍ അധികാരമാറ്റമുണ്ടായാല്‍ കേസില്‍ നിന്നും ഊരാന്‍ തരൂരിന് ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടിവരും. സി.പി.എമ്മും തരൂരിനെതിരെ രംഗത്തു വന്നു.
സി.പി.എം നേതാവ് എം. വിജയകുമാറിനെതിരെ തരൂര്‍ ആരംഭിച്ച നിയമനടപടികളാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. ഇതിനൊപ്പം റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയും തരൂര്‍ നോട്ടീസ് അയച്ചു. തരൂരിന്റെ മാധ്യമവിഭാഗവുമായി റിപ്പോര്‍ട്ടര്‍ ചാനല്‍ സന്ധി ചെയ്യാത്തതാണ് പ്രകോപനത്തിന് കാരണമായത്.
അതേസമയം സുനന്ദയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും തെളിവില്ലാത്തതിനാല്‍ ആര്‍ക്കെതിരെയും നടപടിയെടുക്കാനാവില്ലെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ഡല്‍ഹി പോലീസ് കേന്ദ്ര സര്‍ക്കാരിന് കീഴിലാണ്. ഭരണം മാറി വന്നാലും ഇങ്ങനെ തന്നെ പറയുമോ എന്നു കാത്തിരുന്നു കാണാം.
https://www.facebook.com/Malayalivartha