ആന്റണി പ്രധാനമന്ത്രി? രാഹുല്‍ ഗാന്ധി യുപിഎ അധ്യക്ഷന്‍?

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 150 സീറ്റില്‍ കൂടുതല്‍ ലഭിക്കുകയാണെങ്കില്‍ എ.കെ. ആന്റണിയെ പ്രധാനമന്ത്രിയാക്കി സര്‍ക്കാരുണ്ടാക്കാന്‍ യുപിഎ ശ്രമിക്കും. ആന്റണി പ്രധാനമന്ത്രി ആയാല്‍ രാഹുല്‍ യുപിഎ അധ്യക്ഷനാവും. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിയുടെ കടന്നു വരവ് തടയുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ ലക്ഷ്യം. ഇലക്ഷന്‍ പടിവാതില്‍ക്കലെത്തിയതോടെ ഇത്തരം ചര്‍ച്ചകളും ഡല്‍ഹിയില്‍ സജീവമാകുന്നുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടി ഒരു ന്യൂനപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുകയാണെങ്കില്‍ അതിന്റെ ചുമതല ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാവുകയില്ല. സുശക്തമായ ഒരു സര്‍ക്കാരില്‍ പ്രധാനമന്ത്രിയാകാനാണ് രാഹുലിന് താല്‍പര്യം. യുപിഎ അധ്യക്ഷ സ്ഥാനത്തു നിന്നും സോണിയ ഒഴിവായി രാഹുല്‍ വരികയാണെങ്കില്‍ സര്‍ക്കാരില്‍ അദ്ദേഹത്തിന് നിര്‍ണായക സ്വാധീനം ഉണ്ടാവുകയും ചെയ്യും.
മുലയാം സിംഗും ജയലളിതയും പ്രകാശ് കാരാട്ടുമൊക്കെ ആന്റണിയെ പിന്താങ്ങുമെന്നും യുപിഎ നേതൃത്വം വിശ്വസിക്കുന്നു. ആന്റണിയുടെ ക്ലീന്‍ ഇമേജാണ് കാരണം. യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയ സമയത്തും മന്‍മോഹന്‍ സിംഗിന്റെ ഇമേജ് സര്‍ക്കാരിന് ഗുണകരമായി മാറിയിരുന്നു. മന്‍മോഹന്‍ സിംഗ് തന്നെയാണ് യുപിഎ സര്‍ക്കാരിനെ പിടിച്ച് നിര്‍ത്തിയതും.
പ്രതിരോധ മന്ത്രിയായിരുന്നിട്ടും ആന്റണിക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായില്ല. ആന്റണി അഴിമതിക്കാരനാണെന്ന് പ്രതിപക്ഷത്തു നിന്നുപോലും ആരും പറഞ്ഞില്ല. ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ ആന്റണിക്ക് നേരെ ഉയര്‍ന്നപ്പോഴും അദ്ദേഹം അഴിമതിക്കാരനല്ലെന്ന് പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ പരസ്യ പ്രസ്ഥാവനകളുമായി രംഗത്തെത്തി. മൂന്ന് എ.കെ.കളാണ് രാജ്യം നശിപ്പിച്ചതെന്ന് നരേന്ദ്രമോഡി പറഞ്ഞപ്പോള്‍ എ.കെ. ആന്റണിയുടെ കാര്യത്തില്‍ അത് ശരിയല്ലെന്ന് പറഞ്ഞ് ബിജെപി നേതൃത്വം രംഗത്തു വന്നു. ആന്റണിക്കെതിരെ തിരിയാനുള്ള മോഡിയുടെ നീക്കം ആന്റണിയുടെ പ്രധാനമന്ത്രിപദം ലക്ഷ്യമിട്ടാണെന്നും വാര്‍ത്തയുണ്ട്.
വര്‍ഗീയ കക്ഷികളെ അധികാരത്തില്‍ നിന്നും തടയുന്നതിന് ഇടതു സഖ്യത്തിന് യുപിഎയെ പിന്തുണയ്‌ക്കേണ്ടി വരുമെന്ന ആന്റണിയുടെ പ്രസ്ഥാവനയും അദ്ദേഹത്തിന്റെ പ്രധാനമന്ത്രി കസേരയിലേക്ക് വിരല്‍ ചൂണ്ടുന്നു. അഖിലേന്ത്യാ തലത്തില്‍ ആന്റണിക്ക് ഉള്ളത്ര ഇമേജ് മറ്റൊരു നേതാവിനുമില്ല. രാഹുലിനും ഇഷ്‌ടം ആന്റണിയുടെ ഇമേജ് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് വിഎം സുധീരനെ കെപിസിസി അധ്യക്ഷനാക്കാനുള്ള ആന്റണിയുടെ ശുപാര്‍ശ രാഹുല്‍ അംഗീകരിച്ചത്. ആന്റണി പറഞ്ഞാല്‍ അതില്‍ പതിരില്ലെന്ന് രാഹുല്‍ വിശ്വസിക്കുന്നു. സോണിയ ഗാന്ധിയ്‌ക്കും ആന്റണിയോട് വലിയ താത്‌പര്യമാണ്. ആന്റണിയെ മുമ്പില്‍ നിര്‍ത്തിയാല്‍ ഇടതു സഖ്യം ഉള്‍പ്പെടെയുള്ള കക്ഷികള്‍ തങ്ങളെ അധികാരത്തിലെത്താന്‍ സഹായിക്കുമെന്ന് സോണിയയും രാഹുലും വിശ്വസിക്കുന്നു. ആന്റണിക്കു പകരം യുപിഎയില്‍ മറ്റൊരു നേതാവില്ല, പ്രധാനമന്ത്രിയാകാന്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























