മോഹന്‍ലാലിന്റെ ലഫ്‌റ്റനന്റ് കേണല്‍ പദവി തെറിക്കുമോ?

മോഹന്‍ലാലും വി.എം.സുധീരനും നേര്‍ക്കുനേര്‍. ലഫ്‌റ്റനന്റ് പദവിയിലിരിക്കുന്ന മോഹന്‍ലാല്‍ ചാലക്കുടിയിലെ ഇടതുസ്ഥാനാര്‍ത്ഥി ഇന്നസെന്റിനുവേണ്ടി പ്രചരണം നടത്തുന്നത് ശരിയല്ലെന്നാണ് സുധിരന്‍ പറഞ്ഞത്. ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ ചിലര്‍ മോഹന്‍ലാലിനെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ആര്‍ക്കുവേണ്ടി പ്രചരണം നടത്തണമെന്ന് തീരുമാനിക്കാനുളള സ്വാതന്ത്ര്യം തനിക്കുണ്ടെന്നായിരുന്നു തന്നെ ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ക്കുളള ലാലിന്റെ മറുപടി.
ഇതിനിടെ ചിലര്‍ ലാലിന് ലഫ്‌റ്റനന്റ് കേണല്‍ പദവി അനുവദിച്ചത് എ.കെ.ആന്റണിയാണെന്നും അതിനാല്‍ കോണ്‍ഗ്രസിനെതിരെ പ്രചരണം നടത്തുന്നത് യോഗ്യമല്ലെന്നും പറഞ്ഞു. ഇത് ലാലിനെ അസ്വസ്ഥനാക്കി. ലാലിന് ലഫ്‌റ്റനന്റ് പദവി കിട്ടിയത് ആരുടെയും ഔദാര്യമല്ലെന്നും അതിനുവേണ്ടി അദ്ദേഹം ആരെയും സമീപിച്ചില്ലെന്നും ലാലിന്റെ ആത്മമിത്രങ്ങള്‍ പറയുന്നു.
ലാലിന് രാഷ്‌ട്രീയമുണ്ടായിരിക്കാം. എന്നാല്‍ ഇന്നസെന്റിന്റെ കാര്യത്തില്‍ രാഷ്‌ട്രീയത്തിനല്ല സൗഹൃദത്തിനാണ് ലാല്‍ പ്രാധാന്യം നല്‍കുന്നത്. സിനിമാകുടുംബത്തില്‍ നിന്നുമൊരാള്‍ മത്സരരംഗത്തുളളപ്പോള്‍ ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹത്തെ പിന്തുണക്കേണ്ട ധാര്‍മ്മിക ബാധ്യത ലാലിനുണ്ട്. ലാലിന്റെ ഉറ്റചങ്ങാതിയായ സിനിമാരംഗത്തെ ഉന്നതര്‍ പറഞ്ഞു. ആന്റണിയുടെ ഔദാര്യമല്ല ലഫ്‌റ്റനന്റ് കേണല്‍ പദവിയെന്ന് ആന്റണി പോലും പറയില്ലെന്നായിരുന്നു ഒരാളുടെ മറുപടി.
കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളാരും തന്നെ ലാലിനെ ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ പി.സി.ചാക്കോ ലാലിന്റെ കാര്യത്തില്‍ അസ്വസ്ഥനാണ്. ആന്റണി നല്‍കിയ കേണല്‍ പദവി ഉപയോഗിച്ച് ലാല്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് ചാക്കോ ആന്റണിയോട് പരാതി പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ താന്‍ നിസഹായനാണെന്നാണ് ആന്റണി പറഞ്ഞതത്രേ.
സുധീരനെയും ചാക്കോ പരിഭവം അറിയിച്ചിരുന്നു. എന്നാല്‍ സുധീരന്‍ ലാലിനെതിരെ രംഗത്തെത്തി. ലഫ്‌റ്റനന്റ് കേണല്‍ പദവി ഉപയോഗിച്ച് ലാല്‍ വോട്ടുപിടിക്കുന്നത് ശരിയല്ലെന്ന സുധീരന്റെ പ്രസ്‌താവന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുപിടിക്കും. ലാലിനെതിരെ രക്ഷാമന്ത്രാലയത്തെ സമീപിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലോചിക്കുന്നു.
സേനാവിഭാഗത്തിലുളളവര്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ പാടില്ല. എന്നാല്‍ ലാലിനുളള സ്ഥാനം സേന സമ്മാനിച്ചതാണ്. അങ്ങനെയുളളവര്‍ക്ക് പ്രചരണമാകാം. അതേസമയം സാങ്കേതികത ലാലിനെ കുടുക്കുമോ എന്ന് കണ്ടറിയണം. അങ്ങനെ വന്നാലും സാരമില്ലെന്നാണ് ലാലിന്റെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha