കോവിഡ് കാലത്ത് പ്രമേഹ രോഗികൾ എടുക്കേണ്ട മുൻകരുതലുകൾ...

പകരാന്‍ സാധ്യതയില്ലാത്ത രോഗങ്ങളില്‍ (നോണ്‍ ക്യൂണിക്കബിള്‍ ഡിസീസ്) ഏറ്റവും പ്രധാനവും നിയന്ത്രിക്കാന്‍ വളരെ വിഷമമുള്ളതുമാണ് പ്രമേഹം. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള രാജ്യമാണ് ഇന്ത്യ. കേരളത്തിലാകട്ടെ ഏകദേശം 22 ശതമാനം പേർക്കും പ്രമേഹമുണ്ട്. പക്ഷേ പകുതിയോളം പേർക്കും തങ്ങൾ പ്രമേഹ രോഗികളാണെന്ന് അറിയില്ലെന്നതാണ് വാസ്തവം...
കോവിഡ് മഹാമാരി തുടങ്ങിയതോടെ പ്രമേഹ രോഗബാധിതർക്ക് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബുദ്ധിമുട്ട് ആയിട്ടുണ്ട് .. കോവിഡിന്റെ ആദ്യ നാളുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ പുറത്തു സ്ഥിരമായി വ്യായാമം ചെയ്തിരുന്ന പ്രമേഹരോഗികളെ അത് കാര്യമായി ബാധിച്ചു.
വ്യായാമം കുറയ്ക്കുമ്പോള്‍ പ്രമേഹരോഗ നിയന്ത്രണം തകരാറിലാവുന്നത് സാധാരണമാണ്. അതുപോലെ വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന പ്രമേഹരോഗികള്‍ ഇടയ്ക്കിടയ്ക്ക് ചെറുപലഹാരങ്ങള്‍ കഴിക്കുന്നതും ജോലി സ്ഥലത്തേക്കുള്ള യാത്രയില്‍ അല്‍പം വ്യായാമം കിട്ടിയിരുന്നത് ഒഴിവായതും പ്രമേഹരോഗികള്‍ക്ക് തിരിച്ചടിയായി
പ്രതിരോധ ശേഷി കുറയുമ്പോഴാണ് കോവിഡ് വൈറസുകൾക്ക് നമ്മൾ കീഴ്പ്പെടുന്നത് .. പ്രമേഹ രോഗികള്‍ പൊതുവെ മറ്റുള്ളവരേക്കാള്‍ പ്രതിരോധശേഷി കുറഞ്ഞവരായതുകൊണ്ട് അവര്‍ക്ക് കോവിഡ് വരാന്‍ സാധ്യത കൂടുതലാണ് . പ്രമേഹ ബാധിതർക്ക് കോവിഡ് ബാധിച്ചാല്‍ അത് കൂടുതല്‍ സങ്കീര്‍ണമാകും.
എന്നാല്‍, പ്രമേഹ രോഗികൾക്ക് കൂടുതല്‍ കോവിഡ് ബാധിച്ചതായോ ഇതുവരെ കേരളത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരില്‍ പ്രമേഹരോഗികള്‍ കൂടുതലാണെന്ന് പറയുന്നതിനോ ആധികാരികമായ വിവരങ്ങളില്ല.
അതേസമയം കോവിഡ് ബാധിച്ചതിനുശേഷം ടൈപ്പ് 1 പ്രമേഹം ബാധിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ വന്നിട്ടുണ്ട്. ഇത് ആധികാരികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അങ്ങനെ വരാന്‍ സാധ്യതയുണ്ട്. പ്രമേഹ രോഗത്തിന് ഉപയോഗിക്കുന്ന മെറ്റ്‌ഫോര്‍മിന്‍ മരുന്ന് കോവിഡ് വരാതിരിക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രമേഹരോഗികള്‍ കോവിഡ് കാലഘട്ടത്തില്‍ പ്രത്യേകം സൂക്ഷിക്കണം. രണ്ടു വാക്സീൻ സ്വീകരിച്ചാലും ശ്രദ്ധിച്ചില്ലെങ്കിൽ കോവിഡ് വരാനുള്ള സാധ്യതയുണ്ട്. കോവിഡ് ബാധിച്ചാൽ തീവ്രത ഒഴിവാക്കാനാകും എന്നതാണു വാക്സീന്റെ ഗുണം. വാക്സീൻ എടുത്ത ശേഷവും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം .
അനാവശ്യമായി പുറത്ത് പോകുകയോ ആളുകളുമായി ഇടപഴകുകയോ ചെയ്യരുത്. ക്രമമായ ആഹാരം കഴിച്ചും വീട്ടിനുള്ളില്‍ ചെയ്യാവുന്ന വ്യായാമങ്ങള്‍ ചെയ്തും പ്രമേഹ രോഗം നിയന്ത്രിക്കണം.
വീട്ടിനുള്ളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതുകൊണ്ട് ആഹാര നിയന്ത്രണത്തില്‍ വളരെ അച്ചടക്കം പാലിക്കേണ്ടതാണ്. പ്രമേഹ രോഗികള്‍ കൂടെ കൂടെ രക്തം പരിശോധിച്ച് പ്രമേഹം നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തുകയും വേണം. പ്രമേഹ രോഗികള്‍ ഈ മുന്‍കരുതലുകള്‍ എടുക്കുന്നത് കോവിഡിനെ നേരിടുന്നതിന് ഏറെ സഹായകമാകും.
https://www.facebook.com/Malayalivartha