'പുറമെ ഇട്ടിരിക്കുന്ന കോട്ടിൻെറ പകിട്ട് മാത്രമെയുളളു.ഉളളിൽ വലിയ തീയുമായിട്ടാണ് പ്രവാസികൾ ഇവിടെ ജീവിക്കുന്നത്. സാമ്പത്തികമായി പലരും വലിയ വിഷയത്തിലാണ് ജീവിതം തളളി നീക്കുന്നത്.നിങ്ങൾ ഒന്ന് ഓർക്കുക,ഈ പ്രതിസന്ധികൾ താൽക്കാലിക പ്രതിഭാസമാണ്...' പ്രവാസികൾക്ക് കുറിപ്പുമായി അഷ്‌റഫ് താമരശ്ശേരി

കൊറോണ തീർത്ത ദുരിതത്തിൽ നിന്നും കരകയറാനാകാതെ പ്രവാസികൾ മരണത്തിന് വഴിമാറുന്നത് ഏവരെയും വേദനിപ്പിക്കുന്നു. പ്രയാസങ്ങൾ താങ്ങാനാകാതെ വിഷാദത്തിൽ കഴിയുന്നവരാണ് ഇത്തരത്തിൽ ആത്മഹത്യയിലേക്ക് നീങ്ങുന്നത്. എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. ആത്മഹത്യ പോലെയുളള മോശമായ ചിന്തകൾ മനസ്സിനെ അലട്ടുമ്പോൾ ഒരു കാര്യം മാത്രം ചിന്തിക്കുക.നിങ്ങൾ അനാഥമാക്കുന്നത് നിങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന കുടുംബത്തെയാണ്.ഇത് വായിക്കുന്ന പ്രവാസികൾ നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾക്ക് ഏത് സമയത്തും എന്നെ വിളിക്കാം.എന്നെ കൊണ്ട് സാധിക്കുന്ന പരിഹാരങ്ങൾ ഒരു മനുഷ്യനെന്ന നിലയിൽ സഹായിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം കുറിക്കുകയുണ്ടായി.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ
ഇന്ന് ഏഴ് മരണങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ അഞ്ച് പേർ ഹൃദയാഘാതം മൂലമാണ്. ബാക്കി രണ്ട് പേർ കെട്ടിടത്തിൻെറ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്തവരിൽ ഒരാൾ മലയാളി ബിസ്സിനസ്സുകാരനായിരുന്നു.തൽക്കാലം പേരുകൾ ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല.ഹൃദയാഘാതം മൂലം മരണമടഞ്ഞ അഞ്ച് പേരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചു.ബാക്കി രണ്ട് പേരുടെ മൃതദേഹങ്ങൾ ഇവിടെ ജബൽ അലിയിൽ സംസ്കരിച്ചു.മാനസിക പിരിമുറുക്കത്തിൻെറ കാര്യത്തിൽ ഹൃദയാഘാതവും ആത്മഹത്യയും ഒന്ന് തന്നെയാണ്.രണ്ട് രീതിയിൽ സംഭവിച്ചുവെന്നെയുളളു,കാരണങ്ങൾ ഒന്ന് തന്നെയാണ്.ഇവിടെ പ്രവാസികൾ അഭിമാനത്തിൻെറ പേരിൽ എല്ലാം ഉളളിലൊതുക്കി കഴിയുകയാണ്.
ഒരു കാലത്ത് ഇവിടെ സമൃദ്ധമായി ജീവിതം നയിച്ചവർ,ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പ്രിയപ്പെട്ടവരുമായി പങ്ക് വെക്കുവാൻ അവൻെറ അഭിമാനം അനുവദിക്കുന്നില്ല.പുറമെ ഇട്ടിരിക്കുന്ന കോട്ടിൻെറ പകിട്ട് മാത്രമെയുളളു.ഉളളിൽ വലിയ തീയുമായിട്ടാണ് പ്രവാസികൾ ഇവിടെ ജീവിക്കുന്നത്. സാമ്പത്തികമായി പലരും വലിയ വിഷയത്തിലാണ് ജീവിതം തളളി നീക്കുന്നത്.നിങ്ങൾ ഒന്ന് ഓർക്കുക, ഈ പ്രതിസന്ധികൾ താൽക്കാലിക പ്രതിഭാസമാണ്.ഈ രാജ്യം മുമ്പെത്തെക്കാൾ വലിയ സാമ്പത്തിക ശക്തിയായി തിരിച്ച് വന്നിരിക്കും. ഇവിടെത്തെ ഭരണാധികാരികൾ ആരെയും കെെവിടില്ല.ചേർത്ത് നിർത്തുവാനുളള നല്ല മനസ്സുണ്ട്.ആ വിശ്വാസം മനസ്സിലുറപ്പിക്കുക. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുവാനുളള മന:കരുത്ത് ഈ രാജ്യത്തിനുണ്ട്. വീണ്ടും ഞാൻ ഓർമ്മപ്പെടുത്തുകയാണ് ആത്മഹത്യ ഒന്നിനും പരിഹാരമല്ല.ദെെവം തന്ന ജീവൻ അത് തിരിച്ചെടുക്കുവാനുളള അവകാശം ദെെവത്തിന് മാത്രമാണുളളത്.
ആത്മഹത്യ പോലെയുളള മോശമായ ചിന്തകൾ മനസ്സിനെ അലട്ടുമ്പോൾ ഒരു കാര്യം മാത്രം ചിന്തിക്കുക.നിങ്ങൾ അനാഥമാക്കുന്നത് നിങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന കുടുംബത്തെയാണ്.ഇത് വായിക്കുന്ന പ്രവാസികൾ നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾക്ക് ഏത് സമയത്തും എന്നെ വിളിക്കാം.എന്നെ കൊണ്ട് സാധിക്കുന്ന പരിഹാരങ്ങൾ ഒരു മനുഷ്യനെന്ന നിലയിൽ സഹായിക്കാൻ ശ്രമിക്കും.അതുമല്ലെങ്കിൽ വിഷമങ്ങൾ ഉളളിലൊതുക്കാതെ ഒരു നല്ല സുഹൃത്തിനെ കണ്ടെത്തി മനസ്സ് തുറന്ന് സംസാരിക്കുക.നമ്മളെ ചേർത്ത് നിർത്തുന്ന രാജ്യവും നല്ല ഭരണാധികാരികളും ഉളളപ്പോൾ എന്തിന് നമ്മൾ പിന്തിരിഞ്ഞോടണം.ഈ മഹാമാരിയെ നമ്മൾ ഒരുമ്മിച്ച് അതിജീവിക്കും.
ഇൻഷാ അല്ലാ
അഷറഫ് താമരശ്ശേരി
https://www.facebook.com/Malayalivartha


























