ഗൾഫിൽ കോവിഡ് കുതിച്ചുയരുന്നു; യുഎഇയില്‍ ആറ് മാസത്തിനിടെ രേഖപ്പെടുത്തിയത് ഏറ്റവും കൂടുതൽ രോഗികൾ, പ്രതിദിന രോഗികൾ 2234ലേക്ക്, ഖത്തര്‍ വെള്ളിയാഴ്ച മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു, നിബന്ധനകൾ കടുപ്പിച്ച് സൗദി അറേബ്യയും

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗള്‍ഫ് ലോകത്ത് വീണ്ടും കൊവിഡ് ഭീതി നിറയുകയാണ്. ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതിനുപിന്നാലെയാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്. പ്രത്യേകിച്ച് യുഎഇയില്‍, ആറ് മാസത്തിനിടെ ഏറ്റവും കൂടിയ കൊവിഡ് നിരക്കാണ് കഴിഞ്ഞ ദിവസം യുഎഇയിൽ രേഖപ്പെടുത്തിയത്.
ഖത്തര്‍ വെള്ളിയാഴ്ച മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ അകലം പാലിക്കണമെന്ന് വീണ്ടും നിര്‍ദേശം ലഭിച്ചു. അങ്ങനെ ഗള്‍ഫ് മേഖല വീണ്ടും ആശങ്കയിലായിരികുകയാണ്. കടുത്ത നടപടികളിലേക്ക് വീണ്ടും കടന്നേക്കുമെന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ദുബായ് എക്‌സ്‌പോ താല്‍ക്കാലികമായി നിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുത്ത്. യാത്രാ നിയന്ത്രണം വീണ്ടും വരുമോ എന്ന ആശങ്കയുംഇതിനോടകം തന്നെ പരന്നിട്ടുണ്ട്.
അതേസമയം 2234 പേര്‍ക്ക് യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി. ആറ് മാസത്തിനിടെ മാത്രം ആദ്യമായാണ് കൊവിഡ് രോഗികള്‍ യുഎഇയില്‍ 2000 കടക്കുന്നത്. രോഗ വ്യാപനം സാധ്യതയുള്ളതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അബുദാബിയും ദുബായും. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വാക്‌സിനേഷന്‍ നടന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇവിടെയാണ് വീണ്ടും രോഗം വ്യാപിക്കുന്നത് എന്നത് ആശങ്കാജനകമാണ്. വാക്‌സിനേഷന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കി വരികയാണ് യുഎഇ. 32 ശതമാനം പേര്‍ക്ക് കുത്തിവയ്പ്പ് നല്‍കി എന്നാണ് ആകെയുള്ള കണക്ക്. ജനുവരിയില്‍ രണ്ടാഴ്ചത്തേക്ക് സ്‌കൂളിലും കോളജുകളിലും വിദൂര വിദ്യാഭ്യാസത്തിന് അബൂദാബി നിര്‍ദേശം നല്‍കി.
ആയതിനാൽ തന്നെ ദുബായ് എക്‌സ്‌പോയുടെ ചില വേദികള്‍ അടച്ചേക്കും. ശുചീകരണത്തിന് വേണ്ടിയാണ് അടയ്ക്കുക. ജീവനക്കാരില്‍ ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് വരെ യുഎഇയില്‍ ആശങ്ക കുറവായിരുന്നു എങ്കിലും ജാഗ്രത കൈവിട്ടില്ലായിരുന്നു. അതോടൊപ്പം തന്നെ രോഗ വ്യാപനം കുറഞ്ഞിരുന്നു. എന്നാല്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം വീണ്ടും കാര്യങ്ങള്‍ കൈവിടുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അതിവേഗമാണ് രോഗ വ്യാപനം. വാക്‌സിനേഷന് ശേഷവും രോഗം വ്യാപിക്കുന്നതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. കൂടാതെ ഖത്തറിലും കാര്യങ്ങളും സമാനം തന്നെയാണ്. ഇതിനോടകം തന്നെ ഖത്തറില്‍ നിയന്ത്രണം ശക്തമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എല്ലായിടത്തും മാസ്‌ക് നിര്‍ബന്ധമാക്കി. നേരത്തെ ചിലയിടങ്ങളില്‍ ഇളവ് നല്‍കിയിരുന്നു. ഇളവ് എടുത്തുമാറ്റിയിരിക്കുകയാണിപ്പോള്‍. അടുത്ത വെള്ളിയാഴ്ച മുതല്‍ പുതിയ നിര്‍ദേശം കര്‍ശനമായി നടപ്പാക്കും. കായിക താരങ്ങള്‍ക്ക് പരിശീലനം നടത്തുന്ന വേളയില്‍ മാസ്‌കിന് ഇളവ് നല്‍കിയിട്ടുണ്ട്.
ഇതുകൂടാതെ സൗദി അറേബ്യയിലും നിയന്ത്രണം കര്‍ശനമാക്കുകയാണ്. മക്കയിലെയും മദീനയിലെയും ഹറമുകളില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നാണ് നിര്‍ദേശം നൽകിയിരിക്കുകയാണ് അധികൃതർ. വ്യാഴാഴ്ച രാവിലെ മുതല്‍ പുതിയ നിയന്ത്രണം നിലവില്‍ വരുമെന്നും അധികൃതർ അറിയിച്ചിരുന്നു. തീര്‍ഥാടകരുടെ ആരോഗ്യ രക്ഷ ഉറപ്പാക്കുന്നതിനാണിത്. ഉംറ തീര്‍ഥാടകര്‍ എല്ലാ ഘട്ടങ്ങളിലും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. പള്ളികളില്‍ പ്രവേശിക്കുന്നതിന് നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം എന്നും അധികൃതർ വ്യക്തമാക്കി.
അതോടൊപ്പം തന്നെ സൗദിയില്‍ ബുധനാ്ച 744 പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിക്കുകയുണ്ടായി. 231 പേര്‍ക്ക് രോഗം ഭേദമായി. ഒരാള്‍ മരിച്ചു. 43 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. തലസ്ഥാനമായ റിയാദിലാണ് കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ 187 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. മക്കയില്‍ 155 പേര്‍ക്കും മദീനയില്‍ 22 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ സൗദി ഓഹരി വിപണി കൂപ്പുകുത്തുകയാണ്. ഇത്തരം വാർത്തകൾ കൊറോണ വ്യാപനത്തിന്റെ ആദ്യ നാളുകളേറെ സൂചിപ്പിക്കുകയാണ് എന്നതാണ് ആശങ്കയായി മാറുന്നത്.
https://www.facebook.com/Malayalivartha

























