സാധാരണക്കാരായ പ്രവാസികളെ ചേർത്തുപിടിച്ച് യുഎഇ; സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് സുരക്ഷയേകാൻ പ്രഖ്യാപിച്ച പുതിയ തൊഴിൽനിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ! സഹപ്രവർത്തകർ അല്ലെങ്കിൽ മേലുദ്യോഗസ്ഥർ നടത്തുന്ന ബലപ്രയോഗം, ഭീഷണിപ്പെടുത്തൽ, ലൈംഗികപീഡനം, ഔദ്യോഗികരേഖകൾ പിടിച്ചെടുക്കൽ എന്നിവയെല്ലാം ഇനി ഇല്ല

സാധാരണക്കാരായ പ്രവാസികളെ ചേർത്തുപിടിച്ച് യുഎഇ. ഇന്ന് ഏറെ നിര്ണായകമാകുന്ന ദിനമാണ്. യുഎഇയിൽ സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് സുരക്ഷയേകാൻ പ്രഖ്യാപിച്ച പുതിയ തൊഴിൽനിയമം ബുധനാഴ്ച അതായത് ഇന്ന് മുതൽ പ്രാബല്യത്തിൽവരുകയുണ്ടായി. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞവർഷമാണ് ഇത്തരത്തിൽ പുതിയനിയമം പ്രഖ്യാപിച്ചത്. സഹപ്രവർത്തകർ അല്ലെങ്കിൽ മേലുദ്യോഗസ്ഥർ നടത്തുന്ന ബലപ്രയോഗം, ഭീഷണിപ്പെടുത്തൽ, ലൈംഗികപീഡനം, ഔദ്യോഗികരേഖകൾ പിടിച്ചെടുക്കൽ എന്നിവയെല്ലാം നിയമം ഇല്ലാതാക്കുകയാണ്. ഫുൾടൈം, പാർട്ട്‌ടൈം ഉൾപ്പെടെ എല്ലാതരം ജീവനക്കാർക്കും പുതിയ നിയമം ബാധകമാണ്.
അതോടൊപ്പം തന്നെ പ്രൊബേഷൻ ആറുമാസത്തിൽ കൂടരുത്.പ്രൊബേഷൻ സമയത്ത് പിരിച്ചുവിടുകയാണെങ്കിൽ 14 ദിവസത്തെ നോട്ടീസ് നൽകണം. തൊഴിൽകാലാവധി കഴിഞ്ഞാൽ യു.എ.ഇ. വിടണമെന്ന് ഇനിമുതൽ ഉടമയ്ക്ക് നിർബന്ധിക്കാനാവില്ല. ഒരു സ്ഥാപനത്തിൽനിന്ന് മറ്റൊന്നിലേക്ക് തൊഴിലാളിക്ക് നിഷ്പ്രയാസം മാറാൻ അനുവാദം ലഭിക്കുമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.
ഇതുകൂടാതെ എല്ലാ തൊഴിൽക്കരാറുകളും ഇനിമുതൽ നിശ്ചിതകാലത്തേക്ക് മാത്രമായിരിക്കണം. അനിശ്ചിതകാലത്തേക്ക് തൊഴിൽക്കരാറിൽ ഏർപ്പെട്ടവർ ഒരുവർഷത്തിനകം നിശ്ചിതകാലകരാറിലേക്ക് മാറണം. ഒരു തൊഴിലാളിക്ക് ഒന്നിലേറെ ഉടമകൾക്കുകീഴിൽ ജോലിചെയ്യാം. സ്വകാര്യമേഖലകളിലെ തൊഴിലാളികൾക്ക് സ്ഥിരം ജോലിക്കുപുറമേ പാർട്ട് ടൈം ആയോ അല്ലാതെയോ നിശ്ചിത മണിക്കൂറിൽ കൂടുതലിടങ്ങളിൽ ജോലിചെയ്യാമെന്നും നിയമം അനുശാസിക്കുന്നു.
വർഷത്തിൽ 30 ദിവസത്തെ അടിസ്ഥാനശമ്പളം ഗ്രാറ്റ്വിറ്റിയായി നൽകണം. തൊഴിലാളികൾക്ക് വർഷത്തിൽ ശമ്പളത്തോടുകൂടിയ ആറ് അവധിദിനങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. വാരാന്ത്യഅവധിക്കുപുറമേ ഏറ്റവുമടുത്ത ബന്ധുക്കൾ മരിച്ചാൽ മൂന്നുമുതൽ അഞ്ചുദിവസം വരെ അവധി നൽകുകയും ചെയ്യണം. ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും തുല്യവേതനം നൽകണം. സ്ഥാപനങ്ങളിൽ സ്ത്രീ-പുരുഷ വിവേചനം പാടില്ല എന്നും പുതിയ നിയമത്തിൽ പറയുന്നു.
അതേസമയം സ്വകാര്യമേഖലയിലെ പ്രസവാവധി 45-ൽനിന്ന് 60 ദിവസമാക്കി. ഇവർക്ക് 45 ദിവസം മുഴുവൻ വേതനവും 15 ദിവസം പകുതി വേതനവും നൽകേണ്ടതാണ്. പ്രാരംഭ പ്രസവാവധി പൂർത്തിയായാൽ തന്നെ പിന്നീടുണ്ടാകുന്ന പ്രസവാനന്തര സങ്കീർണതകൾക്ക് ശമ്പളമില്ലാതെ 45 ദിവസത്തെ അധിക അവധിക്കും അപേക്ഷിക്കാനും സാധിക്കും.
അതോടൊപ്പം തന്നെ ആദ്യമായി അമ്മയാകുന്നവർക്ക് പ്രസവാവധിക്കുപുറമേ പ്രത്യേകമായി, ശമ്പളത്തോടെയുള്ള 30 ദിവസത്തെ അവധിയെടുക്കാനും അർഹതയുണ്ട്. മെഡിക്കൽ റിപ്പോർട്ടുകൾ ആവശ്യപ്പെടുന്ന സ്ഥാപനങ്ങൾക്ക് അതുനൽകണം.
അങ്ങനെ തൊഴിൽബന്ധങ്ങളെ നിയന്ത്രിക്കുന്നതിനായി, 2021-ലെ ഫെഡറൽ ഉത്തരവ് നമ്പർ 33 പ്രകാരമാണ് പുതിയ നിയമം കൊണ്ടുവന്നത്. കോവിഡനന്തര അതിജീവനത്തിന്റെ ഭാഗമായാണ് തൊഴിൽമേഖലയിൽ യു.എ.ഇ. വിവിധ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. ഇത് പ്രവാസികൾക്ക് ഉണർവാണ് നൽകുന്നത്.
https://www.facebook.com/Malayalivartha


























