യുഎഇയിൽ എല്ലാ എമിറേറ്റിലേയും സ്വകാര്യ മേഖല ജീവനക്കാർക്ക് ഇനി നിർബന്ധം, ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്ക് പുതിയ വിസ എടുക്കാനും നിലവിലുളള വിസ പുതുക്കാനും സാധിക്കില്ല, ജനുവരി ഒന്ന് മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും..!!

യുഎഇയിലെ എല്ലാ എമിറേറ്റിലെയും സ്വകാര്യ മേഖല ജീവനക്കാർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. അബുദാബിയിലും ദുബായിലും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് വ്യവസ്ഥ നിലവിലുണ്ടെങ്കിലും അത് മറ്റ് എമിറേറ്റുകള്‍ക്ക് ഇതുവരെ ബാധകമായിരുന്നില്ല. എന്നാൽ പുതിയ നിയമപ്രകാരം ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെയും ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരണമെന്നത് നിര്‍ബന്ധമായി. ജനുവരി ഒന്നിന് പദ്ധതി നിലവില്‍വരും.
ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റേതാണ് പുതിയ തീരുമാനം. ആരോഗ്യ ഇന്‍ഷുറന്‍സിനായി രാജ്യവ്യാപകമായി ഒരു മാനദണ്ഡം സ്ഥാപിക്കുന്നതാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം. നേരത്തേ ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്ന കാര്യം മുൻപ് ഓരോ എമിറേറ്റിന്റെയും വിവേചനാധികാരത്തിന് വിട്ടിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തോടെ എല്ലാ സ്വകാര്യ മേഖല ജീവനക്കാര്‍ക്കും ഇൻഷുറൻസ് നിര്‍ബന്ധമാണ്. ഗാര്‍ഹിക തൊഴിലാളികളും ഇതിൽ ഉള്‍പ്പെടും.
ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവർക്ക് 2025 ജനുവരി 1 മുതല്‍ പുതിയ വിസ എടുക്കാനും നിലവിലുളള വിസ പുതുക്കാനും സാധിക്കില്ല. 2024 ജനുവരി 1ന് മുമ്പ് നൽകിയ വർക്ക് പെർമിറ്റുള്ള ജീവനക്കാർക്ക് രേഖകള്‍ പുതുക്കാനുള്ള സമയമാകുമ്പോള്‍ മാത്രമാണ് പുതിയ നിർദ്ദേശം ബാധകമാകുക. സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കും ഗാർഹിക തൊഴിലാളികള്‍ക്കും കുറഞ്ഞ പ്രീമിയത്തിലുളള അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സാണ് പ്രഖ്യാപിച്ചിട്ടുളളത്. വർഷത്തില്‍ 320 ദിർഹം പ്രീമിയത്തില്‍ ഇൻഷുറന്‍സ് പരിരക്ഷ നേടാം. കുടുംബ വീസയുളള തൊഴിലാളികള്‍ കുടുംബാംഗങ്ങളെ കൂടി ഇന്‍ഷുറന്‍സിന്‍റെ പരിധിയില്‍ ചേർക്കണം. ഇന്‍ഷുറന്‍സ് എടുക്കുന്ന സമയത്തുളള ആരോഗ്യവിവരങ്ങള്‍ ഉള്‍പ്പെടുത്തി ആരോഗ്യസാക്ഷ്യപത്രം സമർപ്പിക്കണം.
നിയമപ്രകാരം, തൊഴിലുടമയാണ് ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഒരുക്കേണ്ടത്. ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് 2025 ജനുവരി 1 മുതൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പരിരക്ഷ നൽകും. നിലവിൽ അബുദാബി, ദുബായ് എമിറേറ്റുകളിലെ വീസക്കാർക്കു മാത്രമാണ് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളത്. മറ്റ് എമിറ്റേറുകളിലേക്കുകൂടി ഇന്‍ഷുറന്‍സ് പദ്ധതി വ്യാപിപ്പിക്കുന്നതോടെ രാജ്യത്തെ മുഴുവന്‍ തൊഴിലാളികളെയും ഇന്‍ഷുറന്‍സിന്‍റെ പരിധിയില്‍ കൊണ്ടുവരികയെന്നുളളതാണ് ലക്ഷ്യമിടുന്നത്.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി, ആരോഗ്യ - പ്രതിരോധ മന്ത്രാലയം എന്നിവയുടെ പങ്കാളിത്തത്തോടെയും നിരവധി ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ചുമാണ് ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം ഈ പദ്ധതി നടപ്പിലാക്കുക. വിട്ടുമാറാത്ത രോഗങ്ങളുളള തൊഴിലാളികള്‍ക്ക് ചികിത്സ തേടുന്നതിന് കാത്തിരിപ്പ് സമയമുണ്ടാകില്ലെന്നുളളതാണ് പ്രധാന നേട്ടം. ആശുപത്രികളില്‍ പ്രവേശിപ്പിച്ചാല്‍ ആവശ്യമെങ്കില്‍ കിടത്തി ചികിത്സ ഉള്‍പ്പടെയുളള ചികിത്സകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
1 വയസ്സു മുതല്‍ 64 വയസ്സു വരെയുളളവർ ഇന്‍ഷുറന്‍സിന്‍റെ പരിധിയില്‍ വരും. ഇതിനു മുകളില്‍ പ്രായമുള്ളവര്‍ ഒരു മെഡിക്കല്‍ വെളിപ്പെടുത്തല്‍ ഫോം പൂരിപ്പിച്ച് സമീപകാല മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അറ്റാച്ചുചെയ്യണം. ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവുകള്‍ കുറയ്ക്കുന്നതിലൂടെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഇത് പ്രയോജനപ്പെടും. ജനുവരി 1 മുതല്‍, തൊഴിലുടമകള്‍ക്ക് ഒന്നുകില്‍ പുതിയ ഇന്‍ഷുറന്‍സ് പാക്കേജ് ദുബായ് കെയര്‍ നെറ്റ്വര്‍ക്ക് വഴിയോ അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് പൂള്‍ വെബ്സൈറ്റും സ്മാര്‍ട്ട് ആപ്ലിക്കേഷനും ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള ബിസിനസ് സേവന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വിവിധ ചാനലുകള്‍ വഴിയോ അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ഇന്‍ഷൂറന്‍സ് പോളിസികളില്‍ അംഗമാവാം. ഇന്‍ഷുറന്‍സ് പോളിസിയുടെ കാലാവധി രണ്ട് വര്‍ഷമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇടയ്ക്ക് വിസ റദ്ദാക്കിയാല്‍ രണ്ടാം വര്‍ഷ പ്രീമിയം തുക തിരികെ ലഭിക്കും.
https://www.facebook.com/Malayalivartha