പൊതു പാര്‍ക്കുകളിലും കെട്ടിടങ്ങളിലും എഐ കാമറകള്‍ സ്ഥാപിച്ച് റിയാദ് മുനിസിപ്പാലിറ്റി

പൊതു സ്ഥലങ്ങളിലെ സുരക്ഷ ഉറപ്പാക്കി സന്ദര്‍ശകര്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി രാജ്യ തലസ്ഥാനത്തെ പൊതു പാര്‍ക്കുകളിലും കെട്ടിടങ്ങളിലും എഐ കാമറകള്‍ സ്ഥാപിച്ച് റിയാദ് മുനിസിപ്പാലിറ്റി. നഗരത്തിലെ വിവിധ പാര്‍ക്കുകളിലും ഉദ്ധ്യാനങ്ങളിലുമായി 1600 അത്യാധുനിക എഐ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അസ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളെ വളരെ പെട്ടെന്ന് തിരിച്ചറിയാനും അപായ സൂചന നല്‍കാനും ഈ സംവിധാനത്തിന് കഴിയുന്നു. 24 മണിക്കൂറും ഈ സംവിധാനം പ്രവര്‍ത്തിക്കുന്നു.
കൂട്ടം തെറ്റി പോകുന്ന കുട്ടികളെ വേഗത്തില്‍ കണ്ടെത്തുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. ആളുകളുടെ സംശയാസ്പദമായ കൂടിച്ചേരലുകള്‍, മനപ്പൂര്‍വ്വം തീയിടുക തുടങ്ങിയ നിയമലംഘനങ്ങള്‍ കൃത്യമായി തിരിച്ചറിയാനും ഈ എഐ കാമറകള്‍ക്ക് കഴിയും. കൂടാതെ പാര്‍ക്കിലെ ചെടികളും മരങ്ങളും നശിപ്പിക്കല്‍, അലങ്കാരപുല്ലുകള്‍ പിഴുതെറിയല്‍ തുടങ്ങി പൊതു സൗകര്യങ്ങള്‍ നശിപ്പിക്കുന്ന പ്രവൃത്തികളും എഐ കാമറകള്‍ എളുപ്പത്തില്‍ പിടികൂടുന്നു. ഇത്തരം നിയലംഘനം നടത്തുന്നവര്‍ക്ക് പിഴയും ശിക്ഷയും നല്‍കുമെന്നും റിയാദ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭരണകേന്ദ്രങ്ങളിലെ സെന്റര്‍ മോണിറ്ററിംഗ് സംവിധാനങ്ങളുമായി എഐ കാമറകള്‍ നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. നിയമലംഘനങ്ങള്‍ ഉടനടി തിരിച്ചറിയാനും അധികാരികള്‍ക്ക് തല്‍ക്ഷണം അപായ സൂചന നല്‍കാനും കഴിയുന്ന നൂതന വിശകലന സാങ്കേതികവിദ്യകളാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെ പൊതുസ്ഥലങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഫീല്‍ഡ് വിശകലനത്തിനുള്ള സംവിധാനങ്ങളും ഇതിലുണ്ട്. ഇത് ഭാവി പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കുന്നു.
https://www.facebook.com/Malayalivartha

























