സൗദി അറേബ്യയിലെ ചെങ്കടൽ മ്യൂസിയം ഡിസംബർ ആറിന് പൊതുജനങ്ങൾക്കായി തുറക്കുമെന്ന് മ്യൂസിയം കമീഷൻ...

ജിദ്ദയുടെ ഹൃദയഭാഗത്ത്, സമുദ്രത്തിന്റെയും സംസ്‌കാരത്തിന്റെയും സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന സൗദി അറേബ്യയിലെ ചെങ്കടൽ മ്യൂസിയം ഡിസംബർ ആറിന് പൊതുജനങ്ങൾക്കായി തുറക്കുമെന്ന് മ്യൂസിയം കമീഷൻ.
യുനെസ്‌കോ ലോക പൈതൃകകേന്ദ്രമായ ജിദ്ദയുടെ ഹൃദയഭാഗത്താണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. സൗദി അറേബ്യയുടെ പഴയ കവാടമായി നിലകൊണ്ട ബാബ് അൽ- ബുന്ത് കെട്ടിടം പുനഃസ്ഥാപിച്ചാണ് ലോകോത്തര നിലവാരമുള്ള മ്യൂസിയം നിർമ്മിച്ചത്.
ആധുനിക രൂപകൽപ്പനയും നവീകരണവും ഉൾപ്പെടുത്തി പരിഷ്‌കരിച്ച കേന്ദ്രം, ചെങ്കടൽ മേഖലയുടെ ഭൗതികവും അദൃശ്യവുമായ പ്രകൃതിപരമായ പൈതൃകം സംരക്ഷിക്കാനും പങ്കുവയ്ക്കാനും സാംസ്‌കാരിക കേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യും.
ബാബ് അൽ- ബുന്ത് കെട്ടിടത്തിൽ, കടലും കരയും ചേരുന്നിടത്ത് ആയിരത്തിലധികം പുരാവസ്‌തുക്കളും കലാസൃഷ്ടികളും പ്രദർശിപ്പിക്കും. ഏഴ് പ്രധാന പ്രമേയത്തിലായി 23 ഗ്യാലറികളാണ് ഇവിടെയുള്ളത്.
കെട്ടിടത്തിന്റെ ചരിത്രം, ചെങ്കടലിന്റെ സാംസ്‌കാരിക പ്രാധാന്യം, നാവിക ഉപകരണങ്ങൾ, സമുദ്രത്തിലെ ജൈവവൈവിധ്യം, സമുദ്ര വ്യാപാരം, വിശുദ്ധ നഗരങ്ങളിലേക്കുള്ള യാത്രകൾ, കലാരൂപങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇവിടെ അനാവരണം ചെയ്യുന്നതാണ്.
രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാനും സംസ്‌കാരം, കല, വിദ്യാഭ്യാസം എന്നിവയിലൂടെ ജീവിതനിലവാരം ഉയർത്തുന്ന സാംസ്‌കാരിക അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കാനും മ്യൂസിയം പ്രതിജ്ഞാബദ്ധമാണെന്ന് സാംസ്കാരിക മന്ത്രിയും മ്യൂസിയം കമീഷൻ ചെയർമാനുമായ ബദർ ബിൻ അബ്ദുള്ള ബിൻ ഫർഹാൻ രാജകുമാരൻ അറിയിച്ചു. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ പിന്തുണച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.
"
https://www.facebook.com/Malayalivartha

























