ഗൾഫിൽ തൊഴിൽ അന്വേഷിക്കുന്നവരാണോ ? ദുബായിൽ തൊഴിൽ ചൂഷണം തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ് ഷാം എംപ്ലോയ്മെന്റ്...

ദുബായില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. തൊഴില്‍ മേഖലിലെ ചൂഷണവുമായി ബന്ധപ്പെട്ട് 12,000ത്തിലധികം പരാതികളാണ് തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത്. ചൂഷണം നേരിടുന്നവര്‍ പരാതിയുമായി മുന്നോട്ട് വരണമെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
തൊഴിലുടമയില്‍ നിന്ന് ചൂഷണം നേരിട്ടവരാണ് തൊഴില്‍ മന്ത്രാലയത്തിന് നേരിട്ട് പരാതി നല്‍കിയത്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുളള കണക്ക് അനുസരിച്ച് പന്ത്രണ്ടായിരത്തിലേറെ പരാതികള്‍ വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ നിന്ന് ലഭിച്ചു. ഇതിന് പുറമെ തൊഴില്‍ രംഗത്തെ ചൂഷണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നു 3,500 പരാതികളും ലഭിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. 61 ശതമാനവും പരാതികളും മന്ത്രാലയത്തിന്റെ കോള്‍ സെന്റര്‍ വഴിയാണ് ലഭിച്ചത്. വെബ്‌സൈറ്റ് വഴിയും സമാര്‍ട്ട് ആപ്ലിക്കേഷനിലൂടെ പരാതിപ്പെട്ടതും നിരവധിപേരാണ്.
ഇതില്‍ 98 ശതമാനം പരാതികളും പരിഹരിക്കാനായതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. രണ്ട് ശതമാനം പരാതികള്‍ കോടതിയുടെ പരിഗണനയിലാണ്. തൊഴില്‍ ചൂഷണം നേരിടുന്നവര്‍ ധൈര്യപൂര്‍വം പരാതിയുമായി മുന്നോട്ട് വരണമെന്ന് മന്ത്രാലയം രാജ്യത്തെ തൊഴിലാളികളോട് ആവശ്യപ്പെട്ടു.
പൊതുജനങ്ങള്‍ക്കും തൊഴിൽ ചൂഷണങ്ങൾ കണ്ടാൽ പരാതി നല്‍കാം. പരാതിക്കാരുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കും. സേവനാനന്തര തൊഴില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാതിരിക്കുക, കൂടുതല്‍ സമയം ജോലിക്ക് നിര്‍ബന്ധിക്കുക, വാര്‍ഷിക അവധി ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക, ഔദ്യോഗിക രേഖകളില്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയമിക്കുക, തൊഴില്‍പരമായ ആരോഗ്യ-സുരക്ഷാ നിയമലംഘനം, മനുഷ്യക്കടത്ത്, ജോലിസ്ഥലത്തു തൊഴിലാളികള്‍ക്കുണ്ടാകുന്ന പരുക്കുകള്‍ തുടങ്ങിയ വിവരങ്ങള്‍ കൈമാറണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
വ്യാജ സ്വദേശിവല്‍ത്ക്കരണം, സ്വദേശിവല്‍ക്കരണ വ്യവസ്ഥാ ലംഘനം, പീഡനം എന്നിവ ശ്രദ്ധയില്‍പ്പെട്ടാലും പരാതി നല്‍കണം. പരാതി ലഭിച്ചാല്‍ ഉടന്‍ അക്കാര്യത്തില്‍ നടപടി ഉണ്ടാകും. തൊഴിലാളിയെയും തൊഴിലുടമയെയും വിളിച്ചുവരുത്തി പ്രശ്‌നത്തിന് പരിഹാരം കാണലാണ് ആദ്യ നടപടി. തൊഴില്‍ മന്ത്രാലയത്തിന് പരിഹരിക്കാനാകാത്ത കേസുകള്‍ കോടതിക്ക് കൈമാറും.
സ്വദേശിവൽക്കരണ നിയമം മറികടക്കുന്നതിനായുള്ള ‘ഷാം എംപ്ലോയ്‌മെന്റ്’ അഥവാ കടലാസ് നിയമനം ഗുരുതരമായ കുറ്റമാണെന്ന് ദുബായ് കോടതി കണ്ടെത്തി . സ്വദേശിവൽക്കരണത്തിന്റെ ക്വാട്ട തികയ്ക്കാൻ വേണ്ടി മാത്രം സ്വദേശികളെ നിയമിക്കുകയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാതിരിക്കുകയും ചെയ്യുന്ന ഈ പ്രവണത പൊതുഫണ്ടിനെതിരെയുള്ള വഞ്ചനയായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. ഇത് വെറും ഭരണപരമായ ലംഘനമല്ല, മറിച്ച് ക്രിമിനൽ കുറ്റകൃത്യമായി പരിഗണിച്ച് തട്ടിപ്പ്, പൊതുപണം ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തും.
സ്വകാര്യമേഖലയിൽ കൂടുതൽ എമിറാത്തികളെ ജോലിക്ക് എടുക്കുന്നതിനായി യുഎഇ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയേകാനാണ് ഈ നീക്കം. 2021ൽ ആരംഭിച്ച നഫീസ് പ്രോഗ്രാം വഴിയാണ് സ്വദേശിവൽക്കരണത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകുന്നത്. പുതിയ നിയമങ്ങളായ ഫെഡറൽ ഡിക്രി-ലോ നമ്പർ 9 ഓഫ് 2024, കാബിനറ്റ് റെസലൂഷൻ നമ്പർ 43 ഓഫ് 2023 എന്നിവയിൽ നഫീസ് പ്രോഗ്രാമുമായി ബന്ധപ്പെട്ട ലംഘനങ്ങളും അവയ്ക്കുള്ള ശിക്ഷകളും വ്യക്തമാക്കുന്നുണ്ട്. ഷാം എംപ്ലോയ്മെന്റ്, സ്വദേശിവൽക്കരണ ക്വാട്ട പാലിക്കാത്തത്, വ്യാജരേഖകൾ സമർപ്പിക്കുന്നത്, എമിറാത്തി ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാതിരിക്കുന്നത് എന്നിവ ഗുരുതരമായ നിയമലംഘനങ്ങളാണെന്ന് മന്ത്രിസഭാ തീരുമാനം ആർട്ടിക്കിൾ 2 വ്യക്തമാക്കുന്നു.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ സഹായം റദ്ദാക്കുക, തെറ്റായ മാർഗങ്ങളിലൂടെ നേടിയ ഫണ്ടുകൾ തിരികെ പിടിക്കുക, പിഴ ചുമത്തുക, ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുക തുടങ്ങിയ ശിക്ഷകൾ ലഭിക്കും. തട്ടിപ്പോ വ്യാജരേഖകളോ തെളിയിക്കപ്പെട്ടാൽ സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ഉടമകൾക്കും മാനേജർമാർക്കും ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള ക്രിമിനൽ ബാധ്യതകൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ദുബായ് കോടതിയിലെ ലേബർ ഡിവിഷൻ ജഡ്ജി ഹംദ അഹ്ലി പറയുന്നതനുസരിച്ച്, വ്യാജ നിയമനങ്ങൾ സർക്കാർ വിഭവങ്ങളുടെ ദുരുപയോഗവും പൊതുജനവിശ്വാസത്തോടുള്ള വഞ്ചനയുമാണ്. സാമ്പത്തിക ഭദ്രതയും സാമൂഹിക വിശ്വാസവും സംരക്ഷിക്കുന്നതിനായി ഇത്തരത്തിലുള്ള കേസുകളിൽ യുഎഇ നീതിന്യായ വ്യവസ്ഥ കർശനവും സുതാര്യവുമായ നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
∙സ്വകാര്യ മേഖലയിൽ 1.5 ലക്ഷത്തിലേറെ എമിറാത്തികൾ
യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തികളുടെ എണ്ണം 1,52,000 കവിഞ്ഞതായി മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഈ വർഷം ആദ്യ പകുതിയിൽ 405 വ്യാജ സ്വദേശിവൽക്കരണ കേസുകൾ കണ്ടെത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























