തടവറയിലെ വാട്‌സ്ആപ് കുറിപ്പുകളില്‍ നിന്നും ഉയിര്‍കൊണ്ട പുസ്തകത്തിന് ലോകോത്തര പുരസ്‌കാരം

പാപ്വന്യൂഗിനി ദ്വീപില്‍ തടവിലടക്കപ്പെട്ട കുര്‍ദിഷ് മാധ്യമപ്രവര്‍ത്തകന്‍, തന്റെ തടവറ ജീവിതത്തിനിടെ അയച്ച ചെറു വാട്‌സ്ആപ് ടെക്‌സ്റ്റുകളിലില്‍ നിന്നും ഒരു പുസ്തകം പിറക്കുന്നു. തടവില്‍ ഇട്ട രാജ്യം തന്നെ ഉന്നത പുരസ്‌കാരത്തിലൂടെ ആ പുസ്തകത്തെ അംഗീകരിക്കുകയും ചെയ്യുന്നു. ആസ്‌ട്രേലിയയിലെ ഏറ്റവും വിലപിടിപ്പുള്ള സാഹിത്യ പുരസ്‌കാരമാണ് ആ പുസ്തകത്തിന് ലഭിച്ചിരിക്കുന്നത്.
ഇറാനില്‍നിന്ന് ആസ്‌ട്രേലിയയിലേക്ക് അഭയം തേടിയുള്ള യാത്രക്കിടെ ദ്വീപില്‍ തടവിലാക്കപ്പെട്ട ബെഹ്‌റൂസ് ബൂചാനി രചിച്ച 'നോ ഫ്രണ്ട് ബട്ട് ദ മൗണ്ടൈന്‍സ്; റൈറ്റിങ് ഫ്രം മാനുസ് പ്രിസണ്‍' എന്ന പുസ്തകത്തിനാണ് 72,600 ഡോളറിന്റെ (ഏകദേശം 51,75,254 രൂപ) 'വിക്‌ടോറിയന്‍ പ്രൈസ്' പുരസ്‌കാരം ലഭിച്ചത്.
2013 മുതല്‍ പാപ്വന്യൂഗിനിയിലെ മാനുസ് ദ്വീപില്‍ തടവുകാരനായിരുന്നു ബൂചാനി. നോവലിതര വിഭാഗത്തിലും മികച്ച കൃതിയായി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ മറ്റൊരു 25,000 ഡോളര്‍കൂടി ഇദ്ദേഹത്തിന് ലഭിക്കും. പുരസ്‌കാരം ബൂചാനിയുടെ അസാന്നിധ്യത്തില്‍ പരിഭാഷകനായ ഒമിഡ് തോഫിഗന്‍ ഏറ്റുവാങ്ങി. ബൂചാനി തന്റെ ഫോണിലെ വാട്‌സ് ആപിലൂടെ ചെറു മെസേജുകള്‍ ആയി ഒമിഡിന് അയച്ചു കൊടുത്ത വിവരങ്ങളാണ് ഒടുവില്‍ പുസ്തക രൂപത്തിലായത്.
അഞ്ചു വര്‍ഷത്തിലേറെ സമയം എടുത്താണ് ഒമിഡ് ഈ തടവറ ജീവിതം പകര്‍ത്തിയത്. ബൂചാനിയെ താമസിപ്പിച്ചിരുന്ന ക്യാമ്പ് കോടതിയുത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടുകയും അഭയാര്‍ഥികള്‍ക്ക് ദ്വീപില്‍ എവിടെയും സഞ്ചരിക്കാമെന്ന് ഉത്തരവിടുകയും ചെയ്യുന്നതുവരെ തുടര്‍ന്നു. 600-റോളം അഭയാര്‍ഥികള്‍ ഇപ്പോഴും ദ്വീപില്‍ കുടുങ്ങിക്കിടക്കുകയാണ്. തീര്‍ത്തും വിരുദ്ധങ്ങളായ മാനസികാവസ്ഥയിലൂടെയായിരുന്നു തടവറയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കടന്നുപോന്നത്.
പീഡിപ്പിക്കപ്പെടുന്ന നിരപരാധികള്‍ ആയ മനുഷ്യരുടെ അവസ്ഥ ആസ്‌ട്രേലിയയിലെയും ലോകത്തിലെയും ആളുകള്‍ക്കു മുന്നിലേക്ക് എത്തിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ബൂചാനി പ്രതികരിച്ചു. 'ഞങ്ങളെപ്പോലുള്ളവരുടെ അവസ്ഥ ലോകം കാണട്ടെ. ഈ ബാര്‍ബറിക് സമ്പ്രദായത്തിനെതിരെ മാറ്റം കൊണ്ടുവരട്ടെ അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























