നടൻ മോഹൻലാലിന്റെ അമ്മയും, പരേതനായ കെ. വിശ്വനാഥൻ നായരുടെ ഭാര്യയുമായ ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ

നടൻ മോഹൻലാലിന്റെ അമ്മയും, പരേതനായ കെ. വിശ്വനാഥൻ നായരുടെ (മുൻ ലാ സെക്രട്ടറി) ഭാര്യയുമായ ജി. ശാന്തകുമാരി (90) നിര്യാതയായി. എളമക്കരയിലെ മോഹൻലാലിന്റെ വസതിയായ 'ശ്രീഗണേഷി"ൽ ഇന്നലെ ഉച്ചയ്‌ക്ക് 1.35നായിരുന്നു അന്ത്യം.
മൃതദേഹം തിരുവനന്തപുരം മുടവൻമുഗൾ കേശവദേവ് റോഡിലെ വസതിയായ 'ഹിൽവ്യൂ"വിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും. മരണസമയത്ത് മോഹൻലാൽ, ഭാര്യ സുചിത്ര മോഹൻലാൽ, മകൾ വിസ്‌മയ മോഹൻലാൽ എന്നിവർ അരികിലുണ്ടായിരുന്നു. പരേതനായ പ്യാരേലാലാണ് മറ്റൊരു മകൻ. മറ്റുചെറുമക്കൾ: നീരജ് പ്യാരേലാൽ, പ്രണവ് മോഹൻലാൽ.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ.
ഭർത്താവ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായതുകാണ്ടാണ് പത്തനംതിട്ട സ്വദേശിയായ ശാന്തകുമാരി തലസ്ഥാനത്ത് താമസം തുടങ്ങിയത്. 39 വർഷം തിരുവനന്തപുരത്താണ് താമസിച്ചത്. ഭർത്താവും മൂത്തമകൻ പ്യാരേലാലും മരിച്ചതിനെ തുടർന്നാണ് മോഹൻലാലിന്റെ എളമക്കരയിലെ വീട്ടിലേക്ക് താമസം മാറ്റിയത്. നടൻ മമ്മൂട്ടി, മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, സംവിധായകൻ ജോഷി, ഗായകൻ എം.ജി. ശ്രീകുമാർ തുടങ്ങി നിരവധി പേർ എളമക്കരയിലെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു
"
https://www.facebook.com/Malayalivartha


























