പാകിസ്താനിൽനിന്നും ചൈനയിൽ നിന്നും സുരക്ഷാ ഭീഷണി; കരസേനയെ നവീകരിക്കാൻ അമേരിക്കയിൽ നിന്ന് ഇന്ത്യ 73,000 തോക്കുകൾ വാങ്ങും

കരസേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽനിന്ന് 73,000 തോക്കുകൾ അടിയന്തരമായി വാങ്ങുന്നതിന് പ്രതിരോധമന്ത്രാലയത്തിന്റെ പച്ചക്കൊടി. 3600 കിലോമീറ്ററോളം വരുന്ന ചൈനാ അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള സൈന്യത്തിനായാണ് തോക്കു വാങ്ങുന്നത്. പ്രതിരോധമന്ത്രി നിർമലാ സീതാരാമന്റെ അധ്യക്ഷതയിലുള്ള ഉത്തതതലസമിതി ശനിയാഴ്ചയാണ് അമേരിക്കൻ കമ്പനിയായ സിഗ്‌സവറിൽനിന്ന് തോക്കുവാങ്ങാൻ അനുമതി നൽകിയത്.
അമേരിക്കയുടെയും യൂറോപ്പിലെ വിവിധ രാജ്യങ്ങളുടെയും സൈനികർ ഉപയോഗിക്കുന്ന തോക്കുകളാണ് വാങ്ങുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ തോക്കുകൾ വാങ്ങാനുളള കരാറിന്റെ കാര്യത്തിൽ തീരുമാനമാവും. സിഗ്‌സവർ തോക്കുകളെന്ന ആവശ്യം കരസേന പ്രതിരോധമന്ത്രാലയത്തിനു മുമ്പിൽ വെച്ചിട്ട് ഏറെക്കാലമായി. പാകിസ്താനിൽനിന്നും ചൈനയിൽ നിന്നുമുള്ള സുരക്ഷാഭീഷണി പരിഗണിച്ചാണ് ഇക്കാര്യത്തിൽ വേഗം നടപടിയെടുക്കാൻ നിർദേശിച്ചിട്ടുള്ളത്.
ഒരുവർഷത്തിനകം തോക്കുകൾ ഇന്ത്യക്കു കൈമാറുന്ന വിധത്തിലാവും കരാർ. കരസേന ഇപ്പോൾ ഉപയോഗിക്കുന്ന ഇൻസാസ് തോക്കുകൾ പുതിയ തോക്കുകൾ എത്തുന്നതോടെ ഒഴിവാക്കും. ഏഴുലക്ഷം തോക്കും 44,000 ചെറുയന്ത്രത്തോക്കും 44,600 കാർബീൻ തോക്കും വാങ്ങുന്നതിന് 2017 ഒക്ടോബറിൽ കരസേന ശ്രമം തുടങ്ങിയിരുന്നു. പശ്ചിമബംഗാളിലെ ഇഷാപുരിലുള്ള പൊതുമേഖലാ തോക്കുനിർമാണ കേന്ദ്രത്തിൽ നിർമിച്ച തോക്കുകൾ വേണ്ടെന്ന് സൈന്യം 18 മാസം മുൻപ് നിലപാടെടുത്തു. പിന്നീടാണ് അന്താരാഷ്ട്ര ആയുധ വിപണിയിൽനിന്ന് പറ്റിയ തോക്ക് കണ്ടെത്താനുളള ശ്രമങ്ങൾ തുടങ്ങിയത്.
https://www.facebook.com/Malayalivartha


























