മദുറോ പദവി വിട്ടൊഴിയാന്‍ തയ്യാറായില്ലെങ്കില്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; കൈയില്‍ രക്തക്കറ പുരണ്ടായിരിക്കും ട്രംപ് വൈറ്റ് ഹൌസ് വിടേണ്ടി വരികയെന്ന് മുന്നറിയിപ്പുമായി മദുറോയും ; ഇരു നേതാക്കളും പോർക്കളത്തിൽ

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോ പദവി വിട്ടൊഴിയാന്‍ തയ്യാറായില്ലെങ്കില്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച യുവാന്‍ ഗെയ്ദോയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അമേരിക്കയുടെ പുതിയ നീക്കം.
വെനസ്വേലയിലേക്ക് സൈന്യത്തെ അയക്കുക എന്നത് അമേരിക്കയുടെ മുന്നിലുള്ള പ്രധാന വഴികളിലൊന്നാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. വെനസ്വേലയിലെ ജനങ്ങള്‍ തീരാ ദുരിതത്തിലാണ്. പട്ടിണിയും കൊലയും ആ രാജ്യത്തെ നശിപ്പിച്ചിരിക്കുന്നു.
ഇനിയും മദുറോയുടെ ഭരണം സഹിക്കാന്‍ ആ ജനതക്ക് കഴിയില്ല. അതിനാല്‍ ഭരണം വിട്ടൊഴിയാന്‍ മദുറോ തയ്യാറാകണം. അല്ലാത്ത പക്ഷം തങ്ങള്‍ക്ക് ഇടപെടേണ്ടി വരും. അദ്ദേഹവുമായി ചര്‍ച്ച നടത്തുന്നതില്‍ പ്രസക്തിയില്ലെന്നും ട്രംപ് പറഞ്ഞു. പ്രതിപക്ഷ നേതാവ് യുവാന്‍ ഗെയ്ദോ ഊര്‍ജസ്വലനായ നേതാവാണെന്നും ട്രംപ് പ്രശംസിച്ചു.
ഇതിന് പിന്നാലെ ട്രംപിന് മറുപടിയുമായി മദുറോ രംഗത്തെത്തി. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടാല്‍ വൈറ്റ് ഹൌസ് കുരുതിക്കളമാകുമെന്ന് മദുറോ മുന്നറിയിപ്പ് നല്‍കി.
വെനസ്വേലയില്‍ ഇടപെടാനാണ് ട്രംപിന്റെ ശ്രമമെങ്കില്‍ അത് അപകടകരമായിരിക്കുമെന്നാണ് മദുറോ മുന്നറിയിപ്പ് നല്‍കിയത്. കൈയില്‍ രക്തക്കറ പുരണ്ടായിരിക്കും ട്രംപ് വൈറ്റ് ഹൌസ് വിടേണ്ടി വരികയെന്ന് അദ്ദേഹം ഭീഷണി മുഴക്കി .
തനിക്കെതിരെ നടക്കുന്നത് സാമ്രാജ്യത്വ ശക്തികളുടെ ഏറ്റവും മോശം ഗൂഢാലോചനയാണ്. വിയറ്റ്നാം ആവര്‍ത്തിക്കാനാണോ ട്രംപിന്റെ ശ്രമമെന്നും മദുറോ ചോദിച്ചു. ചര്‍ച്ചകള്‍ക്കുള്ള അവസരങ്ങള്‍ തുറന്നുകിടക്കുകയാണ്. എന്തുകൊണ്ട് അമേരിക്ക അത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നില്ലെന്നും മദുറോ ചോദിച്ചു.ഇതിനിടെയാണ് വെനസ്വേലയില്‍ മദുറോക്കെതിരെയും അനുകൂലിച്ചുമുള്ള പ്രതിഷേധം തുടരുന്നത്.
https://www.facebook.com/Malayalivartha


























